ദുബായ്- യു.എ.ഇ.യില്നിന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഇനിമുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവരും പാസ്പോര്‍ട്ട് പുതുക്കുന്നവരും https://embassy.passportindia.gov.in/ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ ഘട്ടം കഴിഞ്ഞതിന് ശേഷം സാധാരണ പോലെ ആവശ്യമായ രേഖകളുമായി ബി.എല്‍.എസ് സെന്ററിലെത്തി ഒപ്പിട്ടു നല്‍കുകയും വേണം. പണവും സമയവും ലാഭിക്കാനും നടപടികള്‍ വേഗത്തിലാക്കാനുമാണ് ഓണ്‍ലൈന്‍ സംവിധാനം.
യു.എസ്, യു.കെ, ഒമാന്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം നേരത്തെ നടപ്പിലാക്കിയിരുന്നു.
ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബി.എല്‍.എസ് സെന്ററുകളില്‍നിന്ന് സഹായം തേടാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. നിലവില്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ലഭിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പാസ്പോര്‍ട്ട് ലഭിക്കാന്‍ മൂന്ന് ദിവസം മതിയാകും.
യു.എ.ഇ.യിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പാസ്പോര്ട്ടുകള് അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷം 272,500 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളാണ് യു.എ.ഇ.യില്‍ നിന്ന് ഇഷ്യൂ ചെയ്തത്.