മലപ്പുറം- ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി പാലച്ചിറമാടില്‍ നടന്ന പരിശോധനയില്‍ സംശയാസ്പദമായി 1.30 കോടി രൂപയുടെ നാലര കിലോ സ്വര്‍ണം പിടികൂടി. പ്രൈവറ്റ് കൊറിയര്‍ വാഹനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഫ്‌ളൈയിങ് സക്വാഡിലെ എടരിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്. തുടര്‍ന്ന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ജയപ്രകാശ് തുടങ്ങിയവര്‍ കോഴിക്കോട്ട ഒരു പ്രമുഖ ജ്വല്ലറി സ്ഥാപനത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത സ്വര്‍ണവുമായി ബന്ധപ്പെട്ട രേഖകളില്‍ പരിശോധന നടത്തി.