റിയാദ് - ഇറാൻ സൈനിക വിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഖത്തറും തുർക്കിയും. അമേരിക്കയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ഖത്തർ വിദേശ മന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ തുർക്കി വിദേശ മന്ത്രി മെവ്‌ലുത് ജവുസോഗ്‌ലു പറഞ്ഞു. ഇറാനെതിരായ ശിക്ഷാ നടപടികളുടെയും സമ്മർദങ്ങളുടെയും ഭാഗമാണിത്. ഈ തീരുമാനം അമേരിക്കയാണ് പ്രഖ്യാപിച്ചത്. ഇത് ആഗോള സമൂഹത്തിന് അംഗീകരിക്കുന്നതിന് കഴിയില്ല. സിറിയയിൽ റെവല്യൂഷനറി ഗാർഡിന്റെ ഇടപെടലുകളെ തങ്ങൾ പിന്തുണക്കുന്നില്ല. എന്നാൽ മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിന് വേറൊരു രാജ്യത്തിന് കഴിയില്ല. ഏകപക്ഷീയമായ തീരുമാനങ്ങളെ തങ്ങൾ പിന്തുണക്കില്ല. ഇത്തരം നടപടികൾ മേഖലയിൽ അസ്ഥിരതയുണ്ടാക്കും - തുർക്കി വിദേശ മന്ത്രി പറഞ്ഞു.
ഇറാൻ സൈന്യത്തിന്റെ പെരുമാറ്റങ്ങളിലുള്ള വിയോജിപ്പുകൾക്ക് ശിക്ഷാ നടപടികൾ അടിച്ചേൽപിച്ച് പരിഹാരം കാണുന്നതിന് പാടില്ലെന്ന് ഖത്തർ വിദേശ മന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സംവാദത്തിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. മേഖലാ രാഷ്ട്രീയത്തിലും ഭൂമിശാസ്ത്രപരമായും ഇറാന് വലിയ സ്ഥാനമുണ്ട്. നയങ്ങളിൽ യോജിപ്പുണ്ടെങ്കിലും വിയോജിപ്പുകളുണ്ടെങ്കിലും വ്യത്യസ്ത പരിഗണനകൾ കണക്കിലെടുത്ത് ഇറാനെ നോക്കിക്കാണണമെന്നും ഖത്തർ വിദേശ മന്ത്രി പറഞ്ഞു.
റെവല്യൂഷനറി ഗാർഡിനെ ഭീകര സംഘടനകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനം കഴിഞ്ഞ തിങ്ങളാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു രാജ്യത്തിന്റെ സേനാ വിഭാഗത്തെ അമേരിക്ക മൊത്തത്തിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്. ഇതിന് മറുപടിയെന്നോണം മധ്യപൗരസ്ത്യദേശത്തും ഏഷ്യയിലും അമേരിക്കയുടെ സൈനിക നടപടികളുടെ ചുമതലയുള്ള യു.എസ് സെൻട്രൽ കമാണ്ടിനെ ഭീകര പട്ടികയിൽ പെടുത്തുന്നതിന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും തീരുമാനിച്ചു.