ദുബായ്- മസാജ് സെന്ററില്‍ പരിശോധനക്ക് വന്ന ഉദ്യോഗസ്ഥന്‍, മസാജ് ചെയ്യുന്ന ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ തുടങ്ങി. കഴിഞ്ഞ മാസം അല്‍ ബര്‍ഷയിലെ മസാജ് സെന്ററിലായിരുന്നു സംഭവം.
ഈജിപ്തുകാരനായ 34 കാരന്‍ പരിശോധനക്കായാണ് കേന്ദ്രത്തിലെത്തിയത്. അവിടെ തായ്‌ലാന്റുകാരിയായ മസാജ് ജീവനക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളു. സന്ദര്‍ശക വിസയില്‍ എത്തിയ ഇവര്‍ വിസ മാറ്റാന്‍ രേഖകള്‍ നല്‍കി കാത്തിരിക്കുകയായിരുന്നു. മുറികളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ നിയമലംഘനമുണ്ടെന്നും കേസെടുക്കുമെന്നും പറഞ്ഞു. കേസില്‍നിന്ന് ഒഴിവാകാന്‍ താനുമായി ലൈംഗിക ബന്ധത്തിന് തയാറാവണമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ച വനിതയെ തള്ളിയിട്ട് ബലാത്സംഗം ചെയ്തശേഷം ഇയാള്‍ കടന്നു എന്നാണ് കേസ്.
സ്ഥാപനത്തിന്റെ സൂപ്പര്‍വൈസറുടെ നിര്‍ദേശപ്രകാരം തായ് വനിത പോലീസില്‍ പരാതിപ്പെട്ടു. സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ നമ്പര്‍ മനസ്സിലാക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മെയ് ഒന്നിന് വിചാരണ തുടരും.