കുവൈത്ത് സിറ്റി- കാല്‍ലക്ഷം വിദേശികളുടെ എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈത്തില്‍ അംഗീകാരം. കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയാണ് അംഗീകാരം നല്‍കിയത്. രാജ്യത്ത് ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് നിശ്ചയിക്കപ്പെട്ട അക്രഡിറ്റേഷന്‍ അതോറിറ്റിയുടെ അംഗീകാരമുള്ളതായിരിക്കണമെന്ന നിബന്ധന രാജ്യത്ത് നിലവില്‍ വന്നിരുന്നു.
നേരത്തേ എന്‍ജിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അക്രഡിറ്റേഷന്‍ തെളിയിക്കാന്‍ കഴിയാത്തവരുമായ ഒട്ടേറെ പേര്‍ എന്‍ജിനീയര്‍ തസ്തികക്ക് പകരം മറ്റ് തസ്തികകളിലേക്ക് മാറിയിട്ടുണ്ട്.
തൊഴില്‍ മേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റിനുള്ള അക്രഡിറ്റേഷന്‍ കുവൈത്ത് നിര്‍ബന്ധമാക്കിയത്. അക്രഡിറ്റേഷന്‍ ഇല്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കുന്നതു മരവിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബിഎ) ആണ് കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റേഷന്‍ സംവിധാനം. എന്‍ജിനീയര്‍മാര്‍ പഠിച്ച കോളജിനും കോഴ്‌സിനും അവരുടെ പഠനകാലത്ത് എന്‍ബിഎയില്‍ അക്രഡിറ്റേഷന്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് അംഗീകരിക്കുന്നുള്ളൂ.