റിയാദ്- പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. കേസില്‍ വിചാരണ പുരോഗമിക്കുകയാണെന്നും ഒത്തുതീര്‍പ്പിനെ കുറിച്ച് ചര്‍ച്ച നടന്നിട്ടെല്ലെന്നും ഖഷോഗ്ജിയുടെ മക്കളും അഭിഭാഷകന്‍ മുഅ്തസം ഖഷോഗ്ജിയും അറിയിച്ചു. ജമാല്‍ ഖഷോഗ്ജിയുടെ മകന്‍ സലാഹ് കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.കൊലക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ വിചാരണ നേരിട്ട് ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്ന് അവര്‍ പറഞ്ഞു.
ജമാല്‍ ഖഷോഗ്ജി രാജ്യസ്‌നേഹിയായ സൗദി പൗരനും ആദരിക്കപ്പെടുന്ന പത്രപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം ചോദ്യം ചെയ്യാനും താറടിക്കാനുമുള്ള ശ്രമങ്ങള്‍ ദുരുപദിഷ്ടവും അധാര്‍മികവുമാണ്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും എല്ലാ സൗദി പൗരന്മാരുടേയും രക്ഷാകര്‍ത്താക്കളാണ്.
ഖഷോഗ്ജി വധക്കേസിലെ പുരോഗതി അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകാമെങ്കിലും അതിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. നിയമപരമായ അനുമതി ലഭിച്ചാലുടന്‍ കേസിലെ പുരോഗതി വെളിപ്പെടുത്തും.
ഖഷോഗ്ജിയുടെ കുടുംബത്തിനും മക്കള്‍ക്കും വേണ്ടി സംസാരിക്കാന്‍ സുഹൃത്തുക്കളെയോ കണ്‍സള്‍ട്ടന്റുമാരെയോ ചുമതലപ്പെടുത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും സ്വാഗതാര്‍ഹവും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. അത്തരം ശ്രമങ്ങള്‍ നീതി നടപ്പിലാക്കുന്നതിന് സഹായകമായ സദ്കര്‍മമാണ്. സത്യസന്ധമായ നീക്കങ്ങള്‍ ജമാല്‍ ഖഷോഗ്ജിയോടും കുടുംബത്തോടും നീതിപുലര്‍ത്തുന്നതാകുമെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.