ഇതിനിടയിൽ എത്രയെത്ര പിളർപ്പുകൾ? എത്രയെത്ര കൂടിച്ചേരലുകൾ? ഇതിനു മാണി തന്നെ കുറേക്കാലം മുമ്പ് ഒരു സിദ്ധാന്തം മെനഞ്ഞവതരിപ്പിച്ചിരുന്നു: പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. വളർന്നും പിളർന്നും കേരളത്തിലെ രാഷ്ട്രീയത്തിൽ നിറചിരിയോടെ നിന്ന പാലായുടെ കുഞ്ഞുമാണി ഇനിയില്ല, ആർദ്രമായ ഓർമകൾ മാത്രം ബാക്കി.
കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിക്കുന്നു. കെ.എം മാണി എന്ന രാഷ്ട്രീയത്തിലെ അരനൂറ്റാണ്ടായി അസ്തമിക്കാത്ത സൂര്യൻ യവനികയുടെ പിറകിലേക്ക്. പാലായെന്ന മധ്യകേരളത്തിലെ ചെറുപട്ടണത്തിൽ നിന്നും കേരളത്തിന്റെ രാഷ്ട്രീയത്തിലെ ഉയരങ്ങൾ കീഴടക്കിയ സമാനതകളില്ലാത്ത ജീവിത ഗാഥയാണ് അത്. അധ്വാനവർഗസിദ്ധാന്തമെന്ന പുതിയ തൊഴിലാളിവർഗ സിദ്ധാന്തം രൂപകൽപന ചെയ്ത മാണി. അൻപത്തിയഞ്ചുവർഷത്തെ രാഷ്ട്രീയ കലണ്ടർ മറിച്ചാൽ കരിങ്ങോഴയ്ക്കൽ മാണി മാണി അടയാളപ്പെടുത്താത്ത ഒരു ദിനം പോലും ഉണ്ടാവില്ല. കേരള രാഷ്ട്രീയത്തിലെ ഇതിഹാസം.
സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തിൽ മുങ്ങി നിവർന്ന തലമുറയുടെ ആവേശമായിരുന്ന കോൺഗ്രസിലാണ് കെ.എം മാണിയുടെയും ജ്ഞാനസ്‌നാനം. പ്രശസ്തമായ ലോകോളജിൽ നിന്നും ബിരുദം. പിന്നെ കോട്ടയത്ത് പ്രാക്ടീസ് അതിനിടിയിലാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
കേരളത്തിന് ഒരു രാഷ്ട്രീയ പാർട്ടി എന്ന ആശയം കോട്ടയത്തെ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളിൽ വേരുപടർന്ന കാലഘട്ടമായിരുന്നു അത്. പ്രത്യേകിച്ചും പി.ടി ചാക്കോ എന്ന ആഭ്യന്തരമന്ത്രിയുടെ രാജിയും അപ്രതീക്ഷിത വിയോഗവും സൃഷ്ടിച്ച വേദനയിൽ നിന്നും ഉയർത്തെഴുന്നേറ്റ ആശയം.
ചാക്കോയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞവരൊക്കെ കോട്ടയത്ത് സെൻട്രൽ ജംഗ്ഷനിലെ ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്ന് കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ കെ.എം. മാണി കോട്ടയം ഡി.സി.സി സെക്രട്ടറി. 1964 ഒക്ടോബർ എട്ടിനായിരുന്നു കേരള കോൺഗ്രസ് പിറന്ന ഈ യോഗം. കെ.എം.ജോർജ്, വയലാ ഇടിക്കുള, മാത്തച്ചൻ കുരുവിനാക്കുന്നേൽ, ഇ.ജോൺ ജേക്കബ്, ആർ. ബാലകൃഷ്ണപിള്ള, ടി.കൃഷ്ണൻ, എം.എം.ജോസഫ്, സി.എ.മാത്യു, ജോസഫ് പുലിക്കുന്നേൽ എന്നിവരായിരുന്നു സമ്മേളനത്തിലെ പ്രമുഖർ.
വൈകാതെ കെ.എം.ജോർജ് ചെയർമാനായി കേരളാ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം രൂപം കൊണ്ടു. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയമെന്ന പോലെ മണ്ണിന്റെ മണമുളള പ്രാദേശിക പാർട്ടി. മാത്തച്ചൻ കുരുവിനാക്കുന്നേൽ ജനറൽ സെക്രട്ടറിയുമായി. മാത്തച്ചൻ കുരുവിനാക്കുന്നേൽ. കോട്ടയത്ത് പാർട്ടി ഓഫീസിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഓഫീസിലുണ്ടായിരുന്ന ജീപ്പിന്റെ നിയന്ത്രണം ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കും.
1965 മാർച്ചിൽ പാലാ നിയോജകമണ്ഡലം പിറന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ പാലാ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാർത്ഥിയെ തിരക്കി നടന്ന നേതാക്കൾ കെ.എം. മാണി എന്ന പാലാക്കാരനെ ശ്രദ്ധിച്ചു. ചെറുപ്പക്കാരൻ, മിടുക്കൻ, നന്നായി പ്രസംഗിക്കും. അന്ന് കോട്ടയത്തെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനായ ആർ.വി. തോമസിന്റെ ഭാര്യയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ആർ.വി. ചേടത്തി എന്ന പേരിൽ പ്രസിദ്ധയായിരുന്നു അവർ. കേരള കോൺഗ്രസ് നേതാവ് മോഹൻ കുളത്തുങ്കൽ മാണിയെ ചെന്നുകണ്ടു. കുറേ ആലോചിച്ച ശേഷം മാണി സമ്മതിച്ചു. പക്ഷേ തെരഞ്ഞെടുപ്പിന് ചെലവാക്കാൻ കൈയ്യിൽ പണമില്ല. അതു കൊടുക്കാമെന്ന് കുളത്തുങ്കൽ ഏറ്റു. പാലായിൽ കെ.എം.മാണി സ്ഥാനാർത്ഥിയായി.
1965 മാർച്ച് 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 26 സീറ്റ് കിട്ടിയ കേരള കോൺഗ്രസ് കേരളരാഷ്ട്രീയത്തിലേക്ക് ഉറച്ച കാൽവെയ്‌പ്പോടെ കടന്നു വരികയായിരുന്നു. കോൺഗ്രസിന് കനത്ത പ്രഹരമായി കന്നിയങ്കം. അന്ന് കോൺഗ്രസ്സിന് കിട്ടിയത് 40 സീറ്റ്. സി.പി.എമ്മിന് 36 സീറ്റും. ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. വൈകാതെ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായി. ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി. കേരള കോൺഗ്രസ്സ് രാഷ്ട്രീയം ഇതോടെ മാണിസാറിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് അത്. കെ.എം.മാണി രഹസ്യമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഒളിവിൽ പോയി. അന്നത്തെ അച്യുതമേനോൻ സർക്കാരിൽ ചേരാൻ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം കേരള കോൺഗ്രസ്സിനെ ക്ഷണിക്കുകയും ചെയ്തു. 1975 ഡിസംബർ 26 ന് കെ.എം. മാണി സത്യപ്രതിജ്ഞചെയ്ത് മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും. കെ.എം മാണിയെന്ന രാഷ്ട്രീയ ഇതിഹാസത്തിന്റെ മന്ത്രിസഭാ പ്രവേശനം ഇതായിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കെ. കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയിൽ കെ.എം.മാണി ആഭ്യന്തര മന്ത്രിയായി. കേരള കോൺഗ്രസ്സിന്റെ ചെയർമാനുമായി. അടിയന്തരാവസ്ഥകാലത്തെ രാജൻ കേസിന്റെ പേരിൽ കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി ആഭ്യന്തരമന്ത്രിയായി തുടർന്നു. പാലായിലെ തെരഞ്ഞെടുപ്പു കേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു; 1977 ഡിസംബർ 21ന്. പകരം പി.ജെ.ജോസഫ് ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി.
നിയമയുദ്ധത്തിൽ വിജയിച്ച് കെ.എം മാണി വീണ്ടും മന്ത്രിസഭയിലേക്ക്. പി.ജെ ജോസഫ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞപ്പോൾ സെപ്തംബർ 16ന് മാണി വീണ്ടും മന്ത്രിയായി. ഇതിനിടയിൽ പി.ജെ ജോസഫ് വിഭാഗം തെറ്റിപിരിഞ്ഞു പിളർന്നു പുതിയ പാർട്ടിയായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സിന് 20 സീറ്റാണ് കിട്ടിയത്. ഈ നേട്ടം കേരള രാഷ്ട്രീയത്തിൽ കെ.എം. മാണിയെ കരുത്തനാക്കി. 1980ൽ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സിലെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോൾ കെ.എം. മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സും ഒപ്പം ചേർന്നു. 1980ൽ ഇ.കെ. നായനാർ സർക്കാരിൽ കെ.എം.മാണിയും അംഗമായി. പക്ഷേ 1982ൽ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞെട്ടിച്ച് കെ.എം.മാണി രാജിവെച്ച് യു.ഡി.എഫിലേക്ക് മടങ്ങി. പിന്നീട് യു.ഡി.എഫിലായിരുന്നു പോയ വർഷങ്ങളെല്ലാം, 34 വർഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ചരൽക്കുന്നിൽ വെച്ച് വേർപിരിഞ്ഞെങ്കിലും വൈകാതെ തിരികെയെത്തി. അത് സമകാലിക അധ്യായം.
ധനകാര്യമായിരുന്നു കെ.എം. മാണിക്ക് എപ്പോഴും ഇഷ്ടപ്പെട്ട വകുപ്പ്. ധനകാര്യത്തിലൂന്നി പുതിയ സിദ്ധാന്തങ്ങൾ കൊണ്ടുവന്നു. 1986-87ലെ സംസ്ഥാന ബജറ്റ് മാണി ഒരു ചരിത്രമാക്കി. മിച്ച ബജറ്റാണ് അന്ന് അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചത്. പക്ഷേ അത് വിവാദമായി. ആ വിവാദത്തിലും കെ.എം മാണിയ്ക്കായിരുന്നു വിജയം.
1986 മാർച്ച് 26 ന് കേരള നിയമസഭയിൽ നടത്തിയ ബജറ്റ് പ്രസംഗത്തിൽ കെ.എം.മാണി ഇങ്ങനെ പറഞ്ഞു: പുതുക്കിയ അടങ്കലുകളനുസരിച്ച് നമുക്ക് 1985-86 സാമ്പത്തിക വർഷത്തിൽ കമ്മി ഒട്ടുമുണ്ടാവില്ലെന്ന് മാത്രമല്ല, 86.13 കോടി രൂപ മിച്ചമുണ്ടാവുകയും ചെയ്യുമെന്ന് കൃതാർത്ഥതയോടെ, അഭിമാനത്തോടെ ഞാൻ ബഹുമാനപ്പെട്ട സഭാംഗങ്ങളെ അറിയിക്കട്ടെ. 48 കോടി രൂപ കമ്മി ഉണ്ടാകുമായിരുന്ന സാഹചര്യത്തിലാണ് ഇത്ര മിച്ചം നാം ഉണ്ടാക്കുക. കഴിഞ്ഞ ഒക്ടോബർ 17ാം തിയ്യതി നമ്മുടെ മിച്ചം 97 കോടി രൂപയായിരുന്നു. നവംബർ 13ാം തിയ്യതി 113 കോടി രൂപയും ഡിസംബർ 16 -ാം തിയ്യതി 121 കോടി രൂപയും മിച്ചമുണ്ടായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലാണ് കെ.എം മാണി അവസാനമായി ബജറ്റ് അവതരിപ്പിക്കുന്നത്. കെ.എം.മാണി നിയമസഭയിൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ 13ാമത് ബജറ്റായിരുന്നു. ബാർ കോഴകേസിൽ സമരം ചെയ്യുകയായിരുന്ന പ്രതിപക്ഷം നിയമസഭയിൽ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയതോടെ ബജറ്റവതരണം തന്നെ അലങ്കോലപ്പെട്ടു. വിവാദം മൂർച്ഛിച്ചതോടെ 2015 നവംബർ പത്തിന് കെ.എം മാണി രാജിെവച്ചു. ബാർ കോഴക്കേസിൽ തുടരന്വേഷണം ആകാമെന്ന ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ധനമന്ത്രി കെ.എം. മാണിയും പിന്തുണ അറിയിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവയ്ക്കുകയായിരുന്നു. ഇതെ തുടർന്ന് നടന്ന രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ 2016 നവംബർ ഓഗസ്റ്റിൽ ചരൽക്കുന്ന് ക്യാമ്പിൽ വച്ച് കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ടു.
പാർട്ടിക്ക് ഇനി സ്വതന്ത്ര നിലപാടെന്ന് കെ.എം മാണി വ്യക്തമാക്കി. എന്നാൽ വൈകാതെ കേരള കോൺഗ്രസ് യുഡിഎഫിൽ തിരിച്ചെത്തി. 2018 ജൂൺ ആറിനായിരുന്നു ഇത്. ഉപാധികളോടെയാണ് മടക്കമെന്ന് കെ.എം മാണി വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് നൽകി. ജോസ് കെ. മാണി രാജ്യസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. ഇതിനിടയിൽ എത്രയെത്ര പിളർപ്പുകൾ? എത്രയെത്ര കൂടിച്ചേരലുകൾ? ഇതിനു മാണി തന്നെ കുറേക്കാലം മുമ്പ് ഒരു സിദ്ധാന്തം മെനഞ്ഞവതരിപ്പിച്ചിരുന്നു: പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. വളർന്നും പിളർന്നും കേരളത്തിലെ രാഷ്ട്രീയത്തിൽ നിറചിരിയോടെ നിന്ന പാലായുടെ കുഞ്ഞുമാണി ഇനിയില്ല, ആർദ്രമായ ഓർമകൾ മാത്രം ബാക്കി.