റിയാദ് - ആവശ്യമെങ്കിൽ ഖത്തറിന് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ വഴി ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ചുനൽകുന്നതിന് സൗദി അറേബ്യ ഒരുക്കമാണെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഖത്തറിനെതിരെ സൗദി അറേബ്യ ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. പരമാധികാര അവകാശം വിനിയോഗിക്കുക മാത്രമാണ് സൗദി അറേബ്യ ചെയ്തത്. ഖത്തറിലെ തുറമുഖങ്ങളും എയർപോർട്ടുകളും തുറന്നുകിടക്കുകയാണ്. ഖത്തർ വിമാനങ്ങളും ഖത്തർ ഉടമസ്ഥതയിലുള്ള വിമാനങ്ങളും മാത്രം സൗദി വ്യോമ മേഖല ഉപയോഗിക്കുന്നതാണ് വിലക്കിയിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിന് തങ്ങളുടെ ആവശ്യങ്ങളോട് ഖത്തർ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. ഭീകര സംഘടനകൾക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും മാത്രമാണ് അയൽ രാജ്യങ്ങൾ ആവശ്യപ്പെടുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
അതിനിടെ, തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിൻ ഫോണിൽ ബന്ധപ്പെട്ട് ഖത്തർ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. മധ്യപൗരസ്ത്യ ദേശത്തെയും ഉത്തരാഫ്രിക്കയിലെയും സ്ഥിതിഗതികളും ഖത്തർ പ്രതിസന്ധിയും സൽമാൻ രാജാവുമായി റഷ്യൻ പ്രസിഡന്റ് വിശകലനം ചെയ്തതായി ക്രെംലിൻ പറഞ്ഞു.