തലശേരി -ഓട്ടോറിക്ഷഡ്രൈവറും സി.പി.എം പ്രവർത്തകനുമായ ഇടത്തിലമ്പലത്തെ സി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും വിചാരണ കോടതി കുറ്റവിമുക്തരാക്കി വിട്ടയച്ചു. എന്നാൽ കൊല്ലപ്പെട്ട രഞ്ജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാൻ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എൻ വിനോദ് ഉത്തരവിട്ടു. 2008 മാർച്ച് അഞ്ചിന് വൈകിട്ട് മൂന്ന് മണിയോടെ എട്ടംഗ ആർ.എസ്.എസ് സംഘം വാളും കൊടുവാളും ഉൾപ്പെടെയുള്ള ആയുധങ്ങളുപയോഗിച്ച് നഗരമധ്യത്തിൽവെച്ച് രഞ്ജിത്തിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
ഓട്ടോറിക്ഷ ഓടിച്ചുവരുന്നതിനിടെ എൻ.സി.സി റോഡിലെ ലോഗൻസ്റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു ആക്രമണം. കാലിന് വെട്ടേറ്റ രഞ്ജിത്ത് രക്ഷപ്പെടുന്നതിനിടെ ഓടി ലോഗൻ സ് റോഡിലെ ജെന്റ്സ് തുണിക്കടക്ക് മുന്നിൽ വീണു. പൊലീസ് എത്തി ജനറൽആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വലതുനെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമായത്. ഡിവൈഎസ്പി രഘുരാമൻ, സിഐ എം വി സുകുമാരൻ എന്നിവരാണ് കേസന്വേഷിച്ചത്. തലശേരി സിഐയായിരുന്ന യു പ്രേമൻകുറ്റപത്രം സമർപ്പിച്ചു. രഞ്ജിത്തിന്റെ അനുജൻ ഉൾപ്പെടെ 24 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 40 രേഖകളും പതിനാല്തൊണ്ടിമുതലുകളും പരിശോധിച്ചു.
തലശേരി മണ്ണയാട് ജസിത നിവാസിൽ രജുൽ (38), ലക്ഷ്മിനരസിംഹക്ഷേത്രത്തിനടുത്ത പഞ്ചമഹലിൽ ജി സതീശൻ (34), കാവുംഭാഗം വാവാച്ചിമുക്കിലെ പ്രജീഷ് (35), ഇടത്തിലമ്പലം മൈത്രി ബസ്സ്റ്റോപ്പിനടുത്ത എം വി സുജിത്ത് (34), പൂവാടൻ അരുൺ (42), എരഞ്ഞോളി കുടക്കളത്തെ ഇ കെ സനീഷ് ബാബു (37), കോടിയേരി മൂഴിക്കരയിലെ സുധീഷ് എന്ന മുത്തു (39), തലായി ഗോപാൽനിവാസിൽ സന്തോഷ് എന്ന ജുഗ്നു (43) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
സംഭവ ദിവസം ആർ. എസ്. എസ് നേതാവ് എം. പി സുമേഷിനെ തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്തുവെച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു ഇതേ തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിനു കാരണം. തുടർന്ന് രണ്ടു ദിവസങ്ങളിലായി നടന്ന രാഷ്ട്രീയ അക്രമങ്ങളിൽ 7 പേർ കൊല്ലപ്പുടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .
പ്രോസിക്യുഷന് വേണ്ടി പബ്ലിക്പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ, അഡ്വ ജി പി ഗോപാലകൃഷ്ണൻ, പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ഭാസ്‌കരൻനായർ, പി എസ് ശ്രീധരൻപിള്ള, ഈശ്വരഅയ്യർ, ജോസഫ് തോമസ് , ടി. സുനിൽ കുമാർ , പി. പ്രേമരാജ് ്എന്നിവരാണ് ഹാജരായത്.. കൊല നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്. കേസിലെ ദൃക്‌സാക്ഷികളായി പ്രൊസിക്യൂഷൻ വിസ്തരിച്ച് മൂന്ന് സാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാന് പറ്റില്ലെന്ന് കോടതി കണ്ടെത്തിയാണ് പ്രതികളെ വെറുതെ വിട്ടത.്