ജനാധിപത്യത്തിലെ റെക്കോർഡുകളുടെ ഉടമയെങ്കിലും മുഖ്യമന്ത്രി പദം കെഎം.മാണിയിൽ നിന്നും വഴുതി മാറി. മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന്്് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചുണ്ടിനും കപ്പിനും ഇടയിൽ അത് വഴിമാറിയെന്നത്്് അറിയപ്പെടാത്ത രാഷ്ട്രീയ രഹസ്യം. അവസരങ്ങളുടെ കലയായ രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പദവും കേന്ദ്രമന്ത്രിപദവും കെഎം മാണിയെ കൈയെത്തും അകലെ കടന്നുപോയി.
2014ൽ ഇടത്പക്ഷത്തിന്റെ പിന്തുണയോടെ മാണിയെ മുഖ്യമന്ത്രി പദവിയിലേറ്റാനുള്ള നീക്കം ഏതാണ്ട് ലക്ഷ്യത്തിലെത്താനായപ്പോഴാണ് ബാർകോഴ ആരോപണം ഉയർന്നത്. ആരോപണം ആസൂത്രിതമായിരുന്നുവെന്ന് പാർട്ടി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. പക്ഷേ ആരാണ് ഗൂഢാലോചനയുടെ പിന്നിൽ എന്ന് മാത്രം പാർട്ടി വെളിപ്പെടുത്തിയില്ല. പക്ഷേ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രമായി ഒരു വർഷം നിന്നതോടെ സൂചനകൾ പ്രചരിച്ചു. എന്നിട്ടും തങ്ങൾ കണ്ടെത്തിയ കരിങ്കാലികളുടെ പേര് കേരള കോൺഗ്രസ് എം പുറത്തുവിട്ടില്ല. ബാർകോഴ ആരോപണം കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രണത്തിൽ രൂപപ്പെട്ടതാണെന്ന് കെ.എം മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും ഉറച്ചു വിശ്വസിക്കുന്നു. പ്രതിപക്ഷ ബഹളങ്ങൾക്കിടെ തന്റെ 13-ാം ബജറ്റ് അവതരിപ്പിച്ച ശേഷം അധികം വൈകാതെ 2015 ഒക്ടോബറിൽ അദ്ദേഹം ധനമന്ത്രി പദം രാജി വച്ചു. ഇത് കെഎം മാണി എന്ന അതികായന്റെ പടിയിറക്കമായിരുന്നു. രാഷ്ട്രീയത്തിലെ അധികാരത്തിന്റെ ഇടനാഴികളിലേക്ക് പിന്നെ മാണി എത്തിയില്ല.
പിന്നീട് യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ് (എം) ഒറ്റയാനായി നിലകൊണ്ടു. ഏതു തെരഞ്ഞെടുപ്പിനെയും ഒറ്റക്ക് നേരിടാനുള്ള കരുത്ത് തന്റെ പാർട്ടിക്കുണ്ടെന്നായിരുന്നു മാണിയുടെ നിലപാട്.്1979ലാണ് കേരള കോൺഗ്രസ് (എം) എന്ന പേരിൽ മാണി സ്വന്തം പാർട്ടി രൂപീകരിച്ചത് പക്ഷേ, അതുവരെ ഉറ്റ അനുനായിയായി കൂടെ നിന്ന പി ജെ ജോസഫ് മാണിയെ വിട്ടുപിരിഞ്ഞു.
കേന്ദ്രത്തിൽ വാജ്‌പേയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മന്ത്രിസഭയിലേക്കും മാണിയ്ക്കു ക്ഷണമെത്തിയിരുന്നുവെങ്കിലും ഇതിലും രണ്ടുവട്ടം ആലോചിച്ചു. ബിജെപി മുന്നണിയുടെ ഭാഗമാകണോ എന്നായിരുന്നു ആ ചിന്ത. അതിനിടെ ആ അവസരം തന്റെ രാഷ്ട്രീയ ഗുരുവിന്റെ മകനും കൂടിയായ പി.സി തോമസിനെ തേടിയെത്തി. എന്നാൽ മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണകാലത്ത് സംസ്ഥാന ധനമന്ത്രിമാരുടെ കൗൺസിൽ അധ്യക്ഷ പദവി കെ.എം മാണിയുടെ സാമ്പത്തികരംഗത്തെ വൈദഗ്ധ്യത്തിനുള്ള അംഗീകാരമായി ലഭിച്ചു. പിന്നീട് എൻ.ഡി.എയിലേക്കുള്ള ക്ഷണപത്രമായി ആ പദവി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെയും മുസ്്‌ലിം ലീഗിന്റെയും കൈപിടിച്ച് അദ്ദേഹം യുഡിഎഫിലേക്ക് മടങ്ങി.