മെൽബൺ - സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ അർജന്റീനയിൽ നിന്നേറ്റ തോൽവിയിൽനിന്ന് ബ്രസീൽ ശക്തമായി തിരിച്ചുവന്നു. ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ പന്ത്രണ്ടാം സെക്കന്റിൽ അവർ സ്‌കോർ ചെയ്തു. കിക്കോഫിൽനിന്ന് നേരെ ഗോളടിച്ച ഡിയേഗൊ സൂസ അവസാന മിനിറ്റിലും സ്‌കോർ ചെയ്തതോടെ ബ്രസീൽ 4-0 ന് ജയിച്ചു. കോൺഫെഡറേഷൻസ് കപ്പിനായി റഷ്യയിലേക്ക് തിരിക്കുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായി ഈ തോൽവി. സിംഗപ്പൂരിനെതിരെ അർജന്റീന മറുപടിയില്ലാത്ത അര ഡസൻ ഗോളിന്റെ വിജയം ആഘോഷിച്ചു.
ബ്രസീൽ-അർജന്റീന മത്സരത്തിന് ഒരു ലക്ഷത്തോളം പേരെത്തിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ അതിന്റെ പകുതി കാണികളേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ബഹുഭൂരിഭാഗവും ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിക്കും മുമ്പെ സൂസ ഓസ്‌ട്രേലിയൻ വല ചലിപ്പിച്ചു. ഓസ്‌ട്രേലിയൻ ഡിഫന്റർ ബെയ്‌ലി റൈറ്റിൽനിന്ന് പന്ത് പിടിച്ച ഗുലിയാനൊ നേരെ സൂസക്ക് മറിക്കുകയായിരുന്നു. സൂസയുടെ വലങ്കാലനടി ഗോൾകീപ്പർ മിച്ച് ലാംഗറാക്കിന്റെ കൈയിൽ തട്ടിയെങ്കിലും വലയിൽ കയറി. അവസാന അര മണിക്കൂറിലാണ് ബ്രസീൽ വീണ്ടും ആവേശം കാട്ടിയത്. അറുപത്തിരണ്ടാം മിനിറ്റിൽ ഫിലിപ്പെ കൗടിഞ്ഞോയുടെ കൃത്യമായ കോർണർ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഡാവിഡ് ലൂയിസ് കനത്ത ഹെഡറിലൂടെ തിരിച്ചുവിട്ടപ്പോൾ ക്രോസ്ബാർ തടസ്സം നിന്നു. റീബൗണ്ട് തിയാഗൊ സിൽവ വലയിലേക്ക് തിരിച്ചുവിട്ടു.
വില്യൻ പകരക്കാരനായി വന്നതോടെ ബ്രസീലിന്റെ ആക്രമണങ്ങൾക്ക് മൂർച്ചയേറി. എഴുപത്തഞ്ചാം മിനിറ്റിൽ വില്യനും പൗളിഞ്ഞോയും ചേർന്നുള്ള നീക്കത്തിൽനിന്ന് പകരക്കാരൻ തയ്‌സൻ ആദ്യ ഇന്റർനാഷനൽ ഗോൾ കണ്ടെത്തി. ഇഞ്ചുറി ടൈമിൽ വില്യന്റെ കോർണറിൽനിന്നു തന്നെയാണ് സൂസ സ്‌കോർ പട്ടിക തികച്ചത്.
കോച്ച് ടിറ്റി ചുമതലയേറ്റ ബ്രസീലിന്റെ ആദ്യ തോൽവിയായിരുന്നു അർജന്റീനക്കെതിരെ. സൂസയുൾപ്പെടെ എട്ട് പേരെ കോച്ച് ഇന്നലെ ആദ്യ ഇലവനിൽ കൊണ്ടുവന്നിരുന്നു. പരിക്കേറ്റ ഗബ്രിയേൽ ജീസസിനു പകരമാണ് സൂസ കളിച്ചത്.
സിംഗപ്പൂരിനെതിരെ ആറ് വ്യത്യസ്ത കളിക്കാരാണ് അർജന്റീനയുടെ ഗോളടിച്ചത്. ആദ്യ പകുതിയിൽ ഫെഡറിക്കൊ ഫാസിയോയും ജോക്കിം കൊറിയയും സ്‌കോർ ചെയ്തു. അലജാന്ദ്രൊ ഗോമസ്, ലിയാൻഡ്രൊ പരേദെസ്, ഇഞ്ചുറി ടൈമിൽ നിക്കൊളാസ് അലാരിയൊ, എയിംഗൽ ഡി മരിയ എന്നിവരും സ്‌കോർ പട്ടികയിൽ സ്ഥാനം പിടിച്ചു.