മദീന - പ്രവാചക നഗരിയിലെ ഏറ്റവും പുരാതനമായ ഈത്തപ്പഴ മാർക്കറ്റ് നഗരസഭ പൊളിക്കുന്നു. മാർക്കറ്റിൽ നൂറിലേറെ ഈത്തപ്പഴ കടകളാണുള്ളത്. മുറികൾ ഒഴിയുന്നതിന് ഉടമകൾക്ക് ഈ വർഷാവസാനം വരെ നഗരസഭ സമയം അനുവദിച്ചിട്ടുണ്ട്.
മദീനയിൽ ഈത്തപ്പഴം വാങ്ങുന്നതിന് ഹജ്, ഉംറ തീർഥാടകരും സന്ദർശകരും ഏറ്റവുമധികം ആശ്രയിക്കുന്ന മാർക്കറ്റ് ആണിത്. മസ്ജിദുന്നബവിക്കു സമീപം ഖുർബാൻ റോഡിലാണ് സെൻട്രൽ ഈത്തപ്പഴ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഹിജ്റ 1399 ൽ ആണ് ഈ മാർക്കറ്റ് നിർമിച്ചതെന്ന് മദീന നഗരസഭയിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. കാലപ്പഴക്കം മൂലം കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ ചില അടിസ്ഥാന സേവനങ്ങളുടെ കുറവും മാർക്കറ്റിലുണ്ട്. ഇതാണ് മാർക്കറ്റിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് പഠനം നടത്തുന്നതിന് പ്രേരകം. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുകയോ ചെയ്യും. ഇതിന്റെ ഭാഗമായും കച്ചവടക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ മുൻനിർത്തിയുമാണ് മുറികൾ ഒഴിയുന്നതിന് ആവശ്യപ്പെട്ട് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകിയതെന്നും നഗരസഭ വ്യക്തമാക്കി.