Sorry, you need to enable JavaScript to visit this website.

സുരക്ഷാ സൈനികരെ കബളിപ്പിക്കാന്‍ സ്വന്തം അറസ്റ്റ് പ്രചരിപ്പിച്ചു

റിയാദ് - കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ട ഭീകരൻ മാജിദ് അലി അൽഫറജ് ഭീകരവാദ പശ്ചാത്തല കുടുംബത്തിലെ അംഗമാണെന്ന് വിവരം. ഖത്തീഫിൽ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ള മാജിദ് അൽഫറജ് മറ്റു ഭീകരർക്ക്  സഹായങ്ങളും നൽകിയിരുന്നു. സായുധ കൊള്ള, സുരക്ഷാ സൈനികർക്കും സാധാരണക്കാർക്കും നേരെ വെടിവെപ്പ് എന്നീ കേസുകളിൽ പ്രതിയായ മാജിദ് അൽഫറജിനെയും മറ്റു എട്ടു പേരെയും 2016 ഒക്‌ടോബർ 30 ന് ആണ് ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയിൽ പെടുത്തിയത്. 


സുരക്ഷാ വകുപ്പുകൾ തന്നെ അറസ്റ്റ് ചെയ്‌തെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച് സുരക്ഷാ സൈനികരെ കബളിപ്പിക്കുന്നതിനും മാജിദ് അൽഫറജ് ശ്രമിച്ചിരുന്നു. എന്നാൽ ഭീകരനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് വ്യക്തമാക്കി. ഭീകരനെ അറസ്റ്റ് ചെയ്തു എന്ന നിലക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശരിയല്ലെന്നും മന്ത്രാലയം പറഞ്ഞു. 


മാജിദ് അൽഫറജിന്റെ മൂത്ത സഹോദരൻ മുഹമ്മദ് അലി അൽഫറജിനെ ഏഴര വർഷം മുമ്പ് ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയിൽ പെടുത്തിയിരുന്നു. ഖത്തീഫിലെ അൽഖുദൈഹിൽ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മുഹമ്മദ് അലി അൽഫറജ് പിന്നീട് കൊല്ലപ്പെട്ടു. മുഹമ്മദ് അലി അൽഫറജിന്റെ മകൻ ഹുസൈനെ ഭീകര പ്രവർത്തനങ്ങളിൽ പങ്കുള്ളതിന് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിട്ടുണ്ട്. 
മാജിദ് അൽഫറജിന്റെ മറ്റൊരു സഹോദരനായ അബ്ദുറഹീം അൽഫറജിനെ ഭീകരർ തന്നെ വകവരുത്തി. അബ്ദുറഹീം അൽഫറജിനെയും ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയിൽ പെടുത്തിയിരുന്നു. 


ഭീകരർക്കിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് അബ്ദുറഹീം അൽഫറജിനെ കൂട്ടാളികൾ വകവരുത്തിയത്. 
മാജിദ് അൽഫറജിന്റെ കുടുംബത്തിൽ പെട്ട സൽമാൻ അലി സൽമാൻ അൽഫറജ് 2017 ഡിസംബർ 21 ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ള സൽമാൻ അലി സൽമാൻ അൽഫറജിനെ ഏഴര വർഷം മുമ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിൽ ആകെ 23 ഭീകരരാണുണ്ടായിരുന്നത്. 
 

Latest News