റിയാദ് - രണ്ടര വർഷം മുമ്പ് ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയിൽ പെടുത്തിയ സൗദി യുവാവ് മാജിദ് അലി അൽഫറജ് കഴിഞ്ഞ ഞായറാഴ്ച കിഴക്കൻ പ്രവിശ്യയിൽ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ പട്ടികയിൽ അവശേഷിക്കുന്നത് നാലു ഭീകരർ. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിലും ദമാമിലും ഭീകര പ്രവർത്തനങ്ങളിൽ പങ്കുള്ള ഒമ്പതു പേരെയാണ് 2016 അവസാനത്തിൽ ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയിൽ പെടുത്തിയത്. ഇവരുടെ പേരുവിവരങ്ങളും ഫോട്ടോകളും മന്ത്രാലയം പുറത്തു വിട്ടിരുന്നു. ഈ പട്ടികയിൽ പെട്ട അലി ബിലാൽ സൗദ് ആലുഹമദ്, മുഹമ്മദ് ബിൻ ഹുസൈൻ അലി ആലുഅമ്മാർ, മൈഥം ബിൻ അലി മുഹമ്മദ് അൽഖുദൈഹി, അയ്മൻ ഇബ്രാഹിം ഹസൻ അൽമുഖ്താർ എന്നീ ഭീകരരെ കൂടിയാണ് ഇനി പിടികിട്ടാനുള്ളത്.
പട്ടികയിൽ പെട്ട ജഅ്ഫർ ബിൻ ഹസൻ മക്കി അൽമുബൈരിക്, ഫാദിൽ അബ്ദുല്ല മുഹമ്മദ് ആലുഹമാദ, മുഫീദ് ഹംസ ബിൻ അലി അൽഅലവാൻ, മാജിദ് ബിൻ അലി അബ്ദുറഹീം അൽഫറജ്, ഹസൻ മഹ്മൂദ് അലി അബ്ദുല്ല എന്നിവർ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. ഹസൻ മഹ്മൂദ് അലി അബ്ദുല്ല ബഹ്‌റൈനിയും അവശേഷിക്കുന്നവർ സൗദി പൗരന്മാരുമാണ്.
മുഹമ്മദ് ബിൻ ഹുസൈൻ ആലുഅമ്മാർ ആണ് ഭീകര സംഘത്തിന് നേതൃത്വം നൽകുന്നത്. സംഘത്തിൽ ഏറ്റവും വലിയ കൊടും ഭീകരനും മുഹമ്മദ് ആലുഅമ്മാർ ആണ്. ഖത്തീഫ് കോടതി ജഡ്ജി ശൈഖ് മുഹമ്മദ് അൽജീറാനിയെ തട്ടിക്കൊണ്ടുപോയി വധിച്ചതിൽ ഈ ഭീകരന് പങ്കുണ്ട്. ദമാമിലെ അൽഖദ്‌രിയ ഡിസ്ട്രിക്ടിൽ പട്രോൾ പോലീസ് വാഹനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിലും സുരക്ഷാ സൈനികർക്കു നേരെ വെടിവെപ്പുകൾ നടത്തിയതിലും പങ്കുള്ള ഭീകരൻ നിരവധി കവർച്ചകളും നടത്തിയിട്ടുണ്ട്. എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിന്റെ കരാറേറ്റെടുത്ത സെക്യൂരിറ്റി കമ്പനിക്കു കീഴിൽ പണം നീക്കം ചെയ്യുന്ന കവചിത വാഹനങ്ങൾ കൊള്ളയടിച്ച ഭീകരൻ ഖത്തീഫ് പോലീസ് സ്റ്റേഷനു നേരെയും ആക്രമണം നടത്തിയിരുന്നു. ഖത്തീഫിൽ മസ്ജിദുകളുടെ സുരക്ഷാ കാവൽ വഹിച്ച പട്രോൾ പോലീസ് വാഹനത്തിനു നേരെയും മുഹമ്മദ് ആലുഅമ്മാറും കൂട്ടാളികളായ മൈഥം അൽഖുദൈഹിയും അലി ബിലാൽ ആലുഹമദും ചേർന്ന് വെടിവെപ്പ് നടത്തിയിരുന്നു.