Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഹാജിമാരെ സഹായിക്കാൻ  ജിദ്ദ കെ.എം.സി.സിയുടെ ഇലക്ട്രിക് കാർ 

ഇന്ത്യൻ ഹജ് മിഷന് ജിദ്ദ കെ.എം.സി.സി നൽകുന്ന ഇലക്ട്രിക് കാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഹജ് വൈസ് കോൺസൽ സുനിൽ കുമാറിന് കൈമാറുന്നു.

ജിദ്ദ- ഹജിനായി പുണ്യഭൂമിയിലെത്തുന്ന ഇന്ത്യൻ ഹാജിമാരുടെ സേവനത്തിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അമേരിക്കൻ നിർമിത ഇലക്ട്രിക് ഗോൾഫ് കാർ വാങ്ങി ഇന്ത്യൻ ഹജ് മിഷന് കൈമാറി. ഒമ്പത് പേർക്ക് ഒരേ സമയം സഞ്ചരിക്കാനും അവരുടെ ബാഗേജ് വഹിക്കാനും സൗകര്യമുള്ള വാഹനമാണിത്. ഇന്ത്യൻ കോൺസുലേറ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹജ് മിഷനാണ് വാഹനം കൈകാര്യം ചെയ്യുക. 
ജിദ്ദ അന്താരാഷ്ട്ര വിമാത്താവളത്തിലെത്തുന്ന ഹാജിമാർ ഹജ് ടെർമിനലിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് പാസ്‌പോർട്ട് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഏറെ ദൂരം നടന്നാണ് മക്കയിലേക്കുള്ള ബസ് സ്‌റ്റേഷനിൽ എത്തേണ്ടത്. 
പ്രായം ചെന്ന ഹാജിമാർക്ക് ഈ നടത്തം പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായിട്ടാണ് കെ.എം.സി.സി ഈ വാഹനം ഇന്ത്യൻ കോൺസുലേറ്റിന് സംഭാവന ചെയ്തത്. വിമാനത്താവളത്തിലെ സേവനത്തിന് ശേഷം മിനായിലെ സേവന പ്രവർത്തനങ്ങൾക്കും വാഹനം ഉപയോഗപ്പെടുത്തും. ആദ്യ ഹജ് വിമാനം ഇറങ്ങുന്നത് മുതൽ വർഷങ്ങളായി ജിദ്ദ കെ.എം.സി.സി ഹജ് വളണ്ടിയർമാർ രാപ്പകലില്ലാതെ വിമാനത്താവളത്തിൽ സേവനം ചെയ്തു വരുന്നുണ്ട്. വിമാനമിറങ്ങുന്ന ഹാജിമാരെ സ്വീകരിച്ച് ഭക്ഷണവും പാനീയങ്ങളും നൽകി ലഗേജുകൾ കണ്ടെത്താനും മക്കയിലേക്കുള്ള ബസ്സിൽ കയറാനും സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഹജ് മിഷനുമായി സഹകരിച്ച് ചെയ്ത് വരുന്നത്. ഈ വർഷവും കെ.എം.സി.സി ഹജ് വളണ്ടിയർമാർ മികച്ച സേവനവുമായി കർമരംഗത്തുണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഹജ് വൈസ് കോൺസൽ സുനിൽ കുമാറിന് വാഹനം കൈമാറി. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സിദ്ദീഖ് കോറോത്ത്, ടി.കെ.കെ ഷാനവാസ്, അൻവർ ചേരങ്കൈ, പി.എം.എ ജലീൽ, നാസർ എടവനക്കാട്, ഹനീഫ കൈപമംഗലം, സ്‌കാബ് കാർ ഷോറൂം മാനേജർ ജോയ് ജോൺ ചടങ്ങിൽ സംബന്ധിച്ചു.  
 

Latest News