Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്ക് അറബി ഭാഷ നിർബന്ധം

റിയാദ്- വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങൾ അറബിയിലാക്കാന്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ തീരുമാനം. ഇൻവോയ്‌സുകൾ അറബിയിലാക്കാന്‍ നേരത്തെ മന്ത്രാലയം നിർബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പരസ്യങ്ങൾ, പ്രൈസ് ടാഗുകൾ, കരാറുകൾ, ഓഫറുകൾ, ഗ്യാരണ്ടി സർട്ടിഫിക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങളും മറ്റും പുറത്തിറക്കുന്ന ബ്രോഷറുകൾ എന്നിവ അറബിയിലാക്കൽ നിർബന്ധമാക്കുന്നത്. ഇക്കാര്യം അറിയിച്ച് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിന് വാണിജ്യ, നിക്ഷേപ മന്ത്രാലയ ആക്ടിംഗ് അണ്ടർ സെക്രട്ടറി ഉമർ അൽ സുഹൈബാനി സർക്കുലർ അയച്ചു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും കമ്പനികളെയും അറിയിക്കുന്നതിന് രാജ്യത്തെ എല്ലാ ചേംബർ ഓഫ് കൊമേഴ്‌സുകൾക്കും സർക്കുലർ എത്തിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിനോട് ആവശ്യപ്പെട്ടു. 


ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് ഉപയോക്താക്കൾക്ക് പൂർണ തോതിൽ അവബോധമുണ്ടാകുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടിയാണ് വാണിജ്യ വിവര നിയമം ആവശ്യപ്പെടുന്നതു പ്രകാരം പരസ്യങ്ങൾ, പ്രൈസ് ടാഗുകൾ, കരാറുകൾ, ഓഫറുകൾ, ഗ്യാരണ്ടി സർട്ടിഫിക്കറ്റുകൾ, ബ്രോഷറുകൾ എന്നിവ അറബിയിലാക്കണമെന്ന് നിർദേശിക്കുന്നത്. പരസ്യങ്ങൾ, പ്രൈസ് ടാഗുകൾ, കരാറുകൾ, ഓഫറുകൾ, ഗ്യാരണ്ടി സർട്ടിഫിക്കറ്റുകൾ, ബ്രോഷറുകൾ എന്നിവയിൽ അധിക ഭാഷയെന്നോണം ഇംഗ്ലീഷ് ഉപയോഗിക്കാവുന്നതാണ്. ചില വ്യാപാര സ്ഥാപനങ്ങൾ വാണിജ്യ വിവരങ്ങൾ അറബിയിലാക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചില സ്ഥാപനങ്ങളുടെ വാണിജ്യ വിവരങ്ങളിൽ എല്ലാ വ്യവസ്ഥകളും പൂർണമല്ലെന്നും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 


ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയ വിലയും ഉപയോക്താക്കൾ കൗണ്ടറിൽ അവസാനമായി അടക്കുന്ന വിലയും ഒന്നായിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാന്റിൽ രേഖപ്പെടുത്തുന്ന വിലയും കൗണ്ടറിൽ ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസമുണ്ടാകുന്നത് ശിക്ഷ ലഭിക്കുന്ന നിയമ ലംഘനമാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയവും സകാത്ത്, നികുതി അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. 
ചില സ്ഥാപനങ്ങൾ മൂല്യവർധിത നികുതി ഉൾപ്പെടുത്താതെയാണ് ഉൽപന്നങ്ങളുടെ വില രേഖപ്പെടുത്തുന്നത്. കൗണ്ടറിൽ പണമടക്കുമ്പോൾ ഇതിൽ മൂല്യവർധിത നികുതി കൂടി ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് നിയമ ലംഘനമാണ്. ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാന്റിൽ രേഖപ്പെടുത്തുന്ന വിലയിൽ തന്നെ മൂല്യവർധിത നികുതി ഉൾപ്പെടുത്തണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെടുന്നു. 

Latest News