തിരുവനന്തപുരം- ഏറെ പ്രതീക്ഷ വെച്ചുപുലർത്തുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് സൂചന.
ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്ന നിരവധി സർവെ ഫലങ്ങളാണ് ഇതിനകം പുറത്ത് വന്നിരിക്കുന്നത്. ഇത് ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ അത്ര ആശാവഹമല്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയതും 15,470 വോട്ടുകളുടെ വ്യത്യാസത്തിൽ മാത്രം വിജ യം കൈവിട്ടു പോയതും, ശബരിമല വിവാദം ഉയർത്തിയ രാഷ്ട്രീയ കാറ്റ് കുമ്മനത്തിന് ഇക്കുറി അനുകൂലമാകുമെന്ന വിലയിരുത്തലുമാണ് ബി.ജെ.പിയുടെ വിജയം പ്രവചിക്കുന്നതിന്റെ പിന്നിലെ ഒരു ഘടകമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്നാൽ ഇത് മാത്രം ബി.ജെ.പിക്ക് തിരുവനന്തപുരത്ത് വിജയം സമ്മാനിക്കില്ലെന്നാണ് കണക്കുകൾ പറയുന്നത്.
ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേരുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് വീതം മണ്ഡലങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫുമാണ് ഭരണം. ഒരിടത്ത് ബി.ജെ.പിയും. പാറശാല, നെയ്യാറ്റിൻകര, കഴക്കൂട്ടം എന്നിവ എൽ.ഡി.എഫിന്റെ കയ്യിലുള്ളപ്പോൾ, തിരുവനന്തപുരം, വട്ടിയൂർക്കാവ്, കോവളം എന്നിവ യു.ഡി.എഫിന്റെ കൈയിലാണ്. നേമം ബി.ജെ.പിയുടെ കയ്യിലും. തീരദേശ മേഖലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, കഴക്കൂട്ടം മണ്ഡലങ്ങൾ ഒട്ടുമിക്ക സമയത്തും കോൺഗ്രസിനെ പിന്തുണക്കുന്ന മണ്ഡലങ്ങളാണ്. ഈ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ഇക്കുറിയും കടന്നുകയറാൻ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇവിടങ്ങളിൽ എൽ.ഡി.എഫോ, യു.ഡി.എഫോ തന്നെയായിരിക്കും ഇക്കുറിയും സാന്നിധ്യമറിയിക്കുക. പാറശാലയിലും പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കുമെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയാൽ അത്ഭുതമെന്നാണ് ബി.ജെ.പിയുടെ തന്നെ വിലയിരുത്തൽ. നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളാണ് ബി.ജെ.പിയുടെ പ്രധാനപ്പെട്ട വിജയ പ്രതീക്ഷാ മണ്ഡലങ്ങൾ. എന്നാൽ ഈ രണ്ടിടത്തും ഒന്നാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് സാധിക്കുമോ എന്നത് പോലും കാത്തിരുന്ന് കാണേണ്ടതാണ്.
മത്സ്യത്തൊഴിലാളികളെ അവഹേളിച്ചുവെന്ന വാദമുയർത്തി ശശി തരൂരിനെതിരെ തീരപ്രദേശ മേഖലകളിൽ വ്യാപകമായ പ്രചാരണം എൽ.ഡി.എഫ് നടത്തുന്നുണ്ട്. ഇത് പ്രതീക്ഷിച്ച ഫലം ചെയ്താൽ എൽ.ഡി.എഫ് ഇവിടങ്ങളിൽ ലീഡ് ഉയർത്തിയേക്കും. കൂടാതെ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് പുകഴ്ത്തി മുഖ്യമന്ത്രി നൽകിയ പ്രശംസയും എൽ.ഡി.എഫ് വ്യാപകമായി തന്നെ ഇവിടങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വോട്ടായി മാറിയാൽ സാധാരണ യു.ഡി.എഫ് ലീഡ് നേടുന്ന ഇവിടങ്ങളിൽ എൽ.ഡി.എഫ് ലീഡ് നേടും. പ്രചാരണ പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് തന്നെയാണ് മുന്നിൽ.
അഞ്ചും ആറും റൗണ്ട് ഭവന സന്ദർശനം എൽ.ഡി.എഫ് പൂർത്തിയാക്കിയിട്ടുണ്ട്. ഈ സ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും പുറകിൽ തന്നെയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർണമായും ആർ.എസ്.എസ് തന്നെയാണ് നിയന്ത്രിക്കുന്നത്. ഇതിൽ ബി.ജെ.പി നേതാക്കൾക്ക് പ്രതിഷേധവുമുണ്ട്. ഇതാണ് പ്രചാരണ രംഗത്ത് കാണുന്നതെന്നാണ് സൂചന. കോൺഗ്രസിന്റെ പ്രവർത്തകരെ പ്രചാരണത്തിന് കിട്ടുന്നില്ലെന്നും നേമം മോഡൽ ആവർത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ച് ഡി.സി.സി സെക്രട്ടറി കൂടിയായി തമ്പാനൂർ സതീഷ് നവമാധ്യമത്തിലൂടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ വോട്ട് ബി.ജെ.പിക്ക് മറിക്കാൻ ശ്രമിക്കുന്നതായാണ് ആരോപണം. ഇതു ചെറുക്കാനുള്ള വലിയ ശ്രമം എൽ.ഡി.എഫും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അടിയൊഴുക്കുകൾ തിരുവനന്തപുരത്ത് സംഭവിച്ചാൽ മാത്രമേ തലസ്ഥാനത്തെ വിജയം പ്രവചനാതീതമാകൂ.