Sorry, you need to enable JavaScript to visit this website.

അന്ന് മുസ്ലിം ലീഗ് അമ്പലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നോ? വസ്തുത ഇതാണ്

സംഘപരിവാര്‍ 1992 ഡിസംബറില്‍ അയോധ്യയിലെ ബാബരി മസ്ജിദ് തകത്തതിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തുമുണ്ടായ കലാപ കാലത്ത് മുസ്ലിം ലീഗ് കേരളത്തില്‍ അമ്പലങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അന്ന് കേരളത്തിലെ മുസ്ലിംകള്‍ അക്രമങ്ങളിലേര്‍പ്പെട്ടിരുന്നു, ക്ഷേത്രങ്ങളെ ആക്രമിച്ചിരുന്നു എന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ് ഫിറോസിന്റെ പ്രസ്താവന എന്നാണ് ആക്ഷേപമുയര്‍ന്നത്. എന്നാല്‍ അക്കാലത്ത് കേരളത്തില്‍ നടന്ന വര്‍ഗീയ ആക്രമണങ്ങളുടേയും കൊലപാതകങ്ങളുടേയും ചരിത്രം പറയുന്ന വസ്തുത മറ്റൊന്നായിരുന്നു. മുന്‍ സമാജ്‌വാദി പാര്‍ട്ടി, എസ്.ഡി.പി.ഐ നേതാവായിരുന്ന ഈയിടെ മുസ്ലിം ലീഗില്‍ ചേര്‍ന്ന സി പി മുഹമ്മദലിയാണ് അന്നത്തെ സംഘര്‍ഷങ്ങളുടെ കണക്കുകളും യഥാര്‍ത്ഥ ചിത്രവും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തു കൊണ്ടു വന്നത്. 1992 ഡിസംബറിലെ മലയാള പത്രങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി 2002-ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദി വസ്തുത വിവരിക്കുന്നത്. 

മുഹമ്മദലിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

1992 ഡിസംബര്‍ 6ന് ആര്‍.എസ്.എസുകാര്‍ ബാബരി മസ്ജിദ് തകര്‍ത്തതിനോടനുബന്ധിച്ച് രാജ്യവ്യാപകമായി നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ കാലത്ത് കേരളത്തില്‍ എന്തു സംഭവിച്ചു എന്ന ഒരു പഠനം ഞാന്‍ 2002ല്‍ നടത്തുകയുണ്ടായി. ചന്ദ്രിക, ദേശാഭിമാനി, മാധ്യമം പത്രങ്ങളുടെ ലൈബ്രറികളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായുളള അഭിമുഖങ്ങളുമാണ് എനിക്ക് അതിനു സഹായകമായത്. ഈ പഠനത്തിലെ ഡിസംബര്‍ ആറ് മുതല്‍ ഒരാഴ്ചക്കാലത്തെ പ്രധാന സംഭവങ്ങളാണ് ഈ കുറിപ്പില്‍ ചേര്‍ക്കുന്നത്.

ബാബരി മസ്‌ജിദ് തകര്‍ത്തതിനോട് കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. ഡിസംബര്‍ 7ന് ബന്ദാചരിച്ചു. എന്നാല്‍ ആര്‍.എസ്.എസ് കേരളത്തിലേക്കും അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പിറ്റേന്ന്, 8ാം തിയ്യതി ബന്ദ് നടത്തുകയാണുണ്ടായത്. മസ്ജിദ് തകര്‍ത്തതിനോടുളള വിരോധത്താല്‍ ഏതെങ്കിലും ക്ഷേത്രങ്ങളോ ഹിന്ദു ഭവനങ്ങളോ മുസ്‌ലിംകളിലെ ഒരു സംഘവും ആക്രമിച്ചിട്ടില്ല. പകരം ഏകപക്ഷീയമായി പളളികള്‍, മദ്‌റസകള്‍, വീടുകള്‍ ആക്രമിക്കുകയാണുണ്ടായത്. 

ഡിസംബര്‍ 7ന് മലപ്പുറം ജില്ലയിലെ ചെട്ടിപ്പടിയില്‍ ടൗണ്‍ മുസ്‌ലിം ലീഗ് ഓഫിസിനും ടൗണ്‍ ജുമാ മസ്ജിദിനും നേരെ ബോംബെറിഞ്ഞു. ഡിസംബര്‍ 8ന് കാസര്‍കോട് അടുക്കത്ത് ബയല്‍ ജുമാമസ്ജിദിനു നേരെ ആക്രമണം നടത്തി. ഡിസംബര്‍ 9ന് കണ്ണൂര്‍ അലവില്‍ പളളിക്കു നേരെ ബോംബെറിഞ്ഞു. ഡിസംബര്‍ 9ന് തന്നെ വടകര കുറുവന്തേരി ദാറുസ്സലാം മദ്‌റസ ബോംബെറിഞ്ഞു തകര്‍ത്തു. താനൂരില്‍ ഡിസംബര്‍ 9ന് മുക്കാല പളളി, കാരാട് പളളി എന്നിവ തകര്‍ത്തു. കാരാട് സിറാജുല്‍ഹുദാ മദ്‌റസ തീവെച്ചു നശിപ്പിച്ചു. ഡിസംബര്‍ 9ന് തന്നെ ആലുവ വെളിയത്തുനാട് എന്ന പ്രദേശത്ത് പളളി തകര്‍ക്കാന്‍ ശ്രമം നടന്നു. പോലിസ് അക്രമികളെ വെടിവെച്ചു തുരത്തുകയാണുണ്ടായത്. അന്നു തന്നെ കോഴിക്കോട് ജില്ലയില്‍ വാണിമേലിനടുത്ത ഉറുപ്പാഞ്ചേരിയില്‍ മദ്‌റസ തകര്‍ത്തു.

താനൂരില്‍ മുസ്‌ലിംകളുടെ വീടുകള്‍ക്കു നേരെ ഡിസംബര്‍ 9ന് ആക്രമണം തുടങ്ങി. താനൂരിലെ സംഘര്‍ഷം ആറ് ദിവസങ്ങള്‍ നീണ്ടു നിന്നു. മുസ്‌ലിംകളുടെ പതിനഞ്ച് വീടുകള്‍ തകര്‍ത്തു. കുട്ട്യാക്കാനകത്ത് കുഞ്ഞന്‍ബിയുടെ വീട് കത്തിച്ചു. കെല്ലഞ്ചേരി സൈനബ, മുഹമ്മദ്കുട്ടി എന്നിവരുടെ വീടുകള്‍ കൊളള നടത്തിയ ശേഷമാണ് തീ വെച്ചത്.

ഡിസംബര്‍ 7ന് എടക്കരക്കടുത്ത പാലുണ്ട എന്ന പ്രദേശത്ത് സുബ്‌ഹി നമസ്കാരം കഴിഞ്ഞു ജോലിക്കു പോകുകയായിരുന്ന മുഹമ്മദ് എന്ന യുവാവിനെ കുത്തിക്കൊന്നു. ഇത് ചെയ്തത് എടക്കര കാവുക്കാട് പുതുപ്പറമ്പില്‍ രാജന്‍, ശ്രീകൃഷ്ണഭവനത്തില്‍ ഉണ്ണികൃഷ്ണന്‍, പുത്തന്‍വീട്ടില്‍ ഗണേശന്‍ എന്നീ ആര്‍.എസ്.എസുകാരാണ്. കൊണ്ടോട്ടി മുണ്ടക്കുളത്ത് പതിനെട്ടുകാരനായ അബ്‌ദുറസാഖിനെ കോരുക്കുട്ടി എന്ന ആര്‍.എസ്.എസുകാരന്‍ കുത്തിക്കൊന്നു. കാസര്‍കോട് ജില്ലയിലെ ചേറ്റുകുണ്ടില്‍ സൗത്ത് ചിത്താരി സ്വദേശി എം കെ മുഹമ്മദ് ഹനീഫയെ കണ്ണന്‍, പ്രകാശന്‍, അശോകന്‍, മോഹനന്‍ എന്നീ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു. കാസര്‍കോട് മാഹിപ്പടിയില്‍ മുഹമ്മദ് എന്ന 54കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹം അയാളുടെ കടയില്‍ അടച്ചുപൂട്ടി. പിന്നീട് നാട്ടുകാരാണ് മൃതദേഹം കണ്ടെടുത്തത്. തിരുവനന്തപുരം പാറശ്ശാലയില്‍ മുഹമ്മദ് ജിബ്‌ലി എന്ന 65കാരനെ ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞു കൊന്നു.

മലപ്പുറം ജില്ലയിലെ വളളുവമ്പ്രത്തിനടുത്ത് പുല്ലാരയില്‍ നടത്തിയ ആക്രമണത്തില്‍ കോയ, ഷാജി, പോക്കര്‍, മുഹമ്മദലി എന്നിവര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റു. ഡിസംബര്‍ 9ന് പട്ടാമ്പിക്കടുത്ത കരുവാന്‍പടിയില്‍ സൈനുദ്ദീന്‍ എന്നയാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. ഇയാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡിസംബര്‍ 9ന് തന്നെ വടകര കുന്നുമ്മക്കരയില്‍ അസീസ്, അബ്ദുല്ല എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പറമ്പത്ത് പീടിക ഗണേശന്‍, പാറമ്മല്‍ കൃഷ്ണന്‍, ശ്രീധരന്‍, സുരേന്ദ്രന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ഡിസംബര്‍ 9ന് തന്നെ പയ്യന്നൂരില്‍ കോയപ്പാറയില്‍ ആര്‍.എസ്.എസ് നേതാവായ കേശവന്‍ നമ്പൂരിയുടെ നേതൃത്വത്തിലുളള സംഘം മഹ്‌മൂദ്, അബ്‌ദുറഹ്‌മാന്‍ എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. പയ്യന്നൂരില്‍ തന്നെ പെരിങ്ങോത്ത് സഈദ് എന്നയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതേ ദിവസം തന്നെ നാദാപുരം ഭൂമിവാതുക്കല്‍ അശ്‌റഫ് എന്നയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പാലാഴിയില്‍ അബൂബക്കര്‍ എന്നയാളെ പരിക്കേല്‍പ്പിക്കുകയും അയാളുടെ കട തകര്‍ക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ തന്നെ നന്മണ്ടയില്‍ രോഗിയുമായി ആശുപത്രിയില്‍ പോകുന്ന ജീപ്പ് തടഞ്ഞുവെച്ച് അമ്മദ് മുസ്‌ല്യര്‍, അബ്‌ദുല്ല എന്നിവരെ പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ഉണ്ണികുളം കോയാലി ഹാജിയുടെ കട തകര്‍ത്തു. ഡിസംബര്‍ 13നാണ് കണ്ണൂര്‍ ചാവശ്ശേരിയില്‍ അബ്‌ദുറഹ്‌മാന്‍, കമാല്‍, കാദര്‍കുട്ടി, പോക്കര്‍ എന്നിവരുടെ കടകള്‍ തീവെച്ചു നശിപ്പിച്ചത്. ഡിസംബര്‍ 23ന് തലശ്ശേരി മാടവില്ലത്ത് മൊയ്തുവിന്റെ വീട് തീവെച്ചു.

ഒരു ക്ഷേത്രം ആക്രമിക്കപ്പെട്ടു. ആ കഥ ഇങ്ങനെ
കേരളത്തില്‍ ഒരു ക്ഷേത്രത്തിനു നേരെ ആക്രമണം നടന്നു എന്ന് എനിക്ക് ഉറപ്പ് പറയാനാകും. അത് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി തലയാട് അയ്യപ്പക്ഷേത്രമാണ്. ക്ഷേത്രം തീവെച്ചു നശിപ്പിക്കുകയാണുണ്ടായത്. ഇത് ചെയ്തത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ക്ഷേത്രത്തിലെ പൂജാരി, പയ്യന്നൂര്‍കാരനായ വിഷ്ണു നമ്പൂതിരിയാണ്. ഹിന്ദു-മുസ്‌ലിം സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് അയാള്‍ ഇതു ചെയ്തത്.

Latest News