തിരുവനന്തപുരം: മുസ്‌ലിം ലീഗ് വൈറസാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടിനെ പിന്തുണച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും രംഗത്ത്. മതമൗലികവാദികളുമായി കൂട്ടുകൂടുന്ന വര്‍ഗീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നാണ് ബൃന്ദകാരാട്ട് തുറന്നടിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നിലപാടിലെ സാമ്യത ആയുധമാക്കി ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് പ്രചരണം കൊഴുപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ കേരളത്തില്‍ ഇടതുപക്ഷത്തിനായിരുന്നു.
മോഡിയെ ചെറുക്കാന്‍ ഇടതുപക്ഷമാണ് നല്ലതെന്ന നിലപാടായിരുന്നു ന്യൂനപക്ഷ സംഘടനകള്‍ക്ക്. എന്നാല്‍ ഇത്തവണ മോഡിയുടെ പ്രതിയോഗിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ ന്യൂനപക്ഷങ്ങള്‍ രാഹുലിനും കോണ്‍ഗ്രസിനുമൊപ്പമാണെന്നാണ് യുഡിഎഫ് നേതാക്കുടെ അവകാശവാദം.
ലീഗ് വര്‍ഗീയ കക്ഷിയെന്ന നിലപാടാണ് വി.എസ് അച്യുതാനന്ദനും എം.എ ബേബിക്കുമുള്ളത്. വര്‍ഗീയതയുടെ പേരില്‍ 25 വര്‍ഷം അകറ്റിനിര്‍ത്തിയ ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലെടുത്ത ശേഷമാണ് ആര്‍.എസ്.എസിനൊപ്പം സി.പി.എമ്മും ലീഗില്‍ വര്‍ഗീയത കാണുന്നതെന്ന ആക്ഷേപമാണ് ലീഗ് നേതൃത്വത്തിനുള്ളത്.