Sorry, you need to enable JavaScript to visit this website.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി അന്തരിച്ചു

കൊച്ചി- കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്ക് ശേഷം  ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: കുട്ടിയമ്മ. മക്കള്‍: ജോസ് കെ.മാണി, എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി.

മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933ല്‍ ജനിച്ചു. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളിയായി. തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്സിലും തേവര സേക്രഡ് ഹാര്‍ട്ട്സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. പ്രസംഗവേദികളില്‍ പിന്നീട് പ്രസിദ്ധമായ ആ വാഗ്ധോരണി കലാലയ നാളുകളിലെ മത്സര പ്രസംഗങ്ങളില്‍ തുടങ്ങിയതാണ്. മദ്രാസ് ലോ കോളജില്‍നിന്ന് 1955ല്‍ നിയമബിരുദം നേടി. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം.

 

Latest News