തിരുവനന്തപുരം- സിസ്റ്റർ അഭയ കേസിൽ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം.കോട്ടൂരും സിസ്റ്റർ സെഫിയയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഫാ.ജോസ് പുതൃക്കലിനെ വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി ശരിവച്ചു. െ്രെകംബ്രാഞ്ച് മുൻ എസ്.പി കെ.ടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി.
ഫാ. തോമസ് എം.കോട്ടൂരും സിസ്റ്റർ സെഫിയയും കേസിൽ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കലിനെ സി.ബി.ഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ നടപടി ശരിയാണെന്നും കോടതി പറഞ്ഞു. 2009 ജൂലൈ ഒൻപതിനാണു കുറ്റപത്രം നൽകിയത്.
1992 മാർച്ച് 27 നാണ് അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. തോമസ് കോട്ടൂരിനും സെഫിക്കുമെതിരെ സി.ബി.ഐ മുന്നോട്ടുവച്ച സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അംഗീകരിച്ചാണു കോടതി ഇവരുടെ വിടുതൽ ഹർജി തള്ളിയത്.എന്നാൽ ജോസ് പുതൃക്കയിലിനെ സംഭവദിവസം കോൺവന്റിൽ കണ്ടതിനു നേരിട്ടുള്ള സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.