തൊടുപുഴ- ക്രൂരമായ മര്‍ദനമേറ്റു മരിച്ച ഏഴു വയസ്സുകാരന്റെ അമ്മയെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും. രണ്ടു കുട്ടികള്‍ക്ക് പുറമെ അമ്മയേയും പ്രതി അരുണ്‍ ആനന്ദ് ആക്രമിച്ചിരുന്നതായി പോലീസ് കരുതുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ ശരീരത്തില്‍ വടികൊണ്ട് അടിയേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിയും ഇളയ കുട്ടിയും കുടുംബശ്രീക്കു കീഴിലുള്ള 'സ്‌നേഹിത'യുടെ ഇടുക്കിയിലെ സംരക്ഷണ കേന്ദ്രത്തിലാണ്.
മര്‍ദനമേറ്റു മരിച്ച കുട്ടിയുടെ നാലു വയസ്സായ അനുജനെ ഉപദ്രവിച്ചതു സംബന്ധിച്ച പോക്‌സോ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ ഇന്നു പോലീസ് കസ്റ്റഡിയില്‍ ലഭിക്കുമെന്ന് കരുതുന്നു. റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ ജയിലിലാണ്. സഹ തടവുകാരില്‍ നിന്നു ആക്രമണ ഭീഷണിയുണ്ടെന്നും ജയില്‍ മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.
കുട്ടിയുടെ മരണം സംബന്ധിച്ച കേസില്‍ യുവതിയെ സാക്ഷിയാക്കണോ അതോ മര്‍ദനം സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വെച്ചതിന്റെ പേരില്‍ കേസെടുക്കണോ എന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുത്തിട്ടില്ല. കുട്ടികള്‍ ക്രൂരമര്‍ദനത്തിന് ഇരകളായ സംഭവത്തില്‍ ഹൈക്കോടതി എടുത്ത സ്വമേധയാ കേസില്‍ സര്‍ക്കാരിനും ഡിജിപിക്കും ഇടുക്കി എസ്പിക്കും വനിതാശിശുക്ഷേമ സ്‌പെഷല്‍ സെക്രട്ടറിക്കും നോട്ടിസ് പുറപ്പെടുവിച്ചു. കുട്ടി മരിച്ചെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പ്രതി റിമാന്‍ഡിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് എഴുതിയ കത്ത് ആധാരമാക്കിയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. എതിര്‍കക്ഷികളുടെ മറുപടിക്കായി കേസ് നാലാഴ്ചത്തേക്ക് മാറ്റി. സംഭവത്തില്‍ നിയമനടപടി എന്നതിനപ്പുറം കുട്ടികള്‍ക്കെതിരായ ക്രൂരതയും അതിക്രമവും തടയാന്‍ ഫലപ്രദമായ നടപടി വേണമെന്ന് ജഡ്ജി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.