മഴ പെയ്ത് തുടങ്ങിയ പകലിൽ എളമരം മപ്രത്തെ 'സൗമ്യം' വീട്ടിലേക്ക് കയറുമ്പോൾ കേരളത്തിന്റെ ഇ.ടി. മുഹമ്മദ് ബഷീർ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. വിളിപ്പാടകലെയാണ് ചാലിയാർ പുഴ. കുട്ടിക്കാലത്തെ റമദാൻ കാലത്തേക്ക് നടക്കുമ്പോൾ ചാലിയാർ പുഴയിൽ വെള്ളം നിറഞ്ഞു തുളുമ്പും.
കുട്ടിക്കാലത്ത് നോമ്പിനുളള പ്രധാന ഹോബി ചാലിയാർ പുഴയിൽ കുളിക്കുകയെന്നതാണ്. നോമ്പിന്റെ അനുഷ്ഠാനങ്ങളൊന്നും അറിഞ്ഞിട്ടല്ല അന്നൊക്കെ കുട്ടികൾ നോമ്പെടുക്കുന്നത്. കൂട്ടുകാർക്കിടയിൽ കൂടുതൽ നോമ്പ് പിടിക്കാനുള്ള വാശിയായിരുന്നു അന്നുണ്ടായിരുന്നത്. കുട്ടികളായ ഞങ്ങൾ നോമ്പുകാലമായാൽ ദിവസവും രണ്ട് നേരം പുഴയിൽ കുളിക്കും. രാവിലെ ഒരു സാധാരണ കുളി. പിന്നെ ക്ഷീണം മാറ്റാൻ ഉച്ചക്ക് ശേഷം മറ്റൊരു കുളിയും. നിറഞ്ഞു തുളുമ്പുന്ന ചാലിയാർ പുഴയിൽ കുളിക്കാൻ അന്ന് ഏറെ ഇഷ്ടമായിരുന്നു. പുഴയിൽ മുങ്ങിക്കുളിച്ചാൽ നോമ്പ് മുറിയുമോ എന്നൊന്നും ഞങ്ങൾ കുട്ടികൾ ചിന്തിച്ചിരുന്നില്ല. ക്ഷീണം മാറണമെന്നൊരു ലക്ഷ്യം മാത്രമായിരുന്നു കുളിക്ക് പിറകിലുണ്ടായിരുന്നത്. അത് ചിലപ്പോൾ വെള്ളം അകത്താക്കാനുളള ഉപാധി കൂടിയാകാറുണ്ട്. പടച്ചോനും ചാലിയാർ പുഴയും ഞാനും മാത്രം അറിഞ്ഞ രഹസ്യം മാത്രമായിരുന്നു അത്.
നോമ്പിന്റെ എണ്ണം പറഞ്ഞ് ഞങ്ങൾ കുട്ടികൾ വമ്പത്തരം പറയുമായിരുന്നു. വീട്ടിൽ നോമ്പെടുക്കാനും എടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകുമെങ്കിലും കൂടുതൽ നോമ്പെടുക്കാനുള്ള ആവേശം കാണിക്കും. അത്താഴത്തിന് വിളിച്ചുണർത്താത്ത ദിവസങ്ങളിൽ വാപ്പയോടും ഉമ്മയോടും പരിഭവമായിരിക്കും. കൂട്ടുകാരൻ എന്നേക്കാളും നോമ്പിന്റെ എണ്ണത്തിൽ മുന്നിലെത്തിയതിലാവും സങ്കടം. വേനൽക്കാലത്തെ നോമ്പ് മുതിർന്നവരെ വരെ തളർത്തും. സത്യത്തിൽ നോമ്പിന്റെ സൗന്ദര്യം അതാണ്. ക്ഷീണിച്ച് വൈകുന്നേരമാകുമ്പോൾ വിശ്വാസിക്ക് നോമ്പനുഷ്ഠിച്ചുവെന്ന ബോധമായിരിക്കും. കുട്ടിക്കാലത്ത് നോമ്പ് ഉച്ച വരെയാണ്. പിന്നീട് അടുത്ത ദിവസം പകുതി കൂടി ചേർത്ത് ഒന്നായി കണക്കാക്കും.
മാവൂർ ഗ്വാളിയോറിലെ തൊഴിലാളിയായിരിക്കേയുള്ള നോമ്പോർമകളാണ് പിന്നെ മനസ്സിൽ ഓടിയെത്തുന്നത്. മൂന്ന് ഷിഫ്റ്റുകളായാണ് ജോലിയുണ്ടാവുക. രാത്രി 11 മണി മുതൽ രാവിലെ വരെയുള്ള ഷിഫ്റ്റിലാണ് ഞാനുണ്ടാവുക. അതാണ് ഏറ്റവും സൗകര്യപ്രദവും. തറാവീഹ് നമസ്‌കാരം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചാൽ സുബ്ഹി നമസ്‌കാരമാകുമ്പോഴേക്കും ജോലിയിൽ നിന്നിറങ്ങാം. ജോലിയും നോമ്പും നമസ്‌കരവുമൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല.
ജനപ്രതിനിധി ആയതിനു ശേഷം പല നോമ്പുകാലങ്ങളിലും തിരുവനന്തപുരത്തോ ദൽഹിയിലോ ആയിരിക്കും. റമദാനിൽ സ്വന്തം നാട്ടിൽ നിൽക്കാനാണ് പൊതുവെ എല്ലാവർക്കും താൽപര്യമുണ്ടാവുക. എന്നാൽ നാട്ടിൽ നിൽക്കുതിനേക്കാൾ എനിക്ക് താൽപര്യം പുറത്ത് പോയുള്ള നോമ്പാണ്. നാട്ടിലാവുമ്പോൾ തിരക്കായിരിക്കും. കൃത്യമായി ആരാധനകളിൽ മുഴുകാൻ സാധിക്കില്ല. പക്ഷേ പുറത്താവുമ്പോൾ പരിചയക്കാർ കുറവായിരിക്കും. അപ്പോൾ പള്ളികളിൽ പോയി ഖുർആൻ ഓതാനും മറ്റും കൂടുതൽ സമയം കിട്ടും. നോമ്പ് കാലത്തെ ഉംറ നിർവഹിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മനുഷ്യരോടൊത്ത് നോമ്പ് തുറക്കാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. മക്കയിലെ നോമ്പു തുറക്കുളള സജ്ജീകരണങ്ങൾ കാണുമ്പോൾ തന്നെ അദ്ഭുതപ്പെട്ടു പോകും.
നോമ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഭക്ഷണ സാധനങ്ങളെല്ലാം വീട്ടിൽ ശേഖരിച്ചു വെക്കുന്ന ശീലമുണ്ടായിരുന്നു. ചക്കയും മാങ്ങയും ചക്കക്കുരു അടക്കം എടുത്തുവെക്കും. എന്ത് പ്രയാസമുണ്ടായാലും നോമ്പ് കാലത്ത് നോമ്പ് തുറക്കും. അത്താഴത്തിനും ഭക്ഷണമുണ്ടാകും. റമദാനിൽ നോമ്പുതുറ സൽക്കാരങ്ങൾ ആദ്യം മുതൽ തുടങ്ങും. ഇന്നത്തെ പോലെ സുലഭമായ സൽക്കാരങ്ങൾ അന്നുണ്ടായിരുന്നില്ല. നോമ്പുതുറ സൽക്കാരങ്ങളിൽ സ്ത്രീകൾ രാവിലെ മുതലേ പത്തിരിയുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഇന്നും പത്തിരിയും ഇറച്ചിയും റമദാൻ തീൻമേശയിലെ ഒഴിവാക്കാനാവാത്ത വിഭവമാണ്. അങ്ങാടിയിൽ പോയി വാങ്ങുന്ന റെഡിമെയ്ഡ് ഭക്ഷണത്തോടാണ് ഇന്ന് ഏവർക്കും പ്രിയം. എന്നാൽ ഇന്നും പത്തിരിയും ഇറച്ചിക്കറിയും റമദാൻ തീൻ മേശയിലെ സ്ഥിര സാന്നിധ്യം തന്നെയാണ്. നോമ്പിന് പച്ചരി കുതിർത്ത് പൊടിച്ച് സൂക്ഷിക്കാത്ത വീടുകൾ മലബാറിൽ ഉണ്ടാവില്ല.
പഴയ കാലം മുതൽ റമദാനിൽ മാത്രം കാണുന്ന സ്‌പെഷ്യൽ വിഭവങ്ങളാണ് ജീരകക്കഞ്ഞിയും തരിക്കഞ്ഞിയും. രണ്ടും ക്ഷീണം അകറ്റാനാണ് കുടിക്കുന്നത്. സത്യത്തിൽ ഇവ നോമ്പല്ലാത്തപ്പോഴും നമുക്ക് കുടിക്കാം. പക്ഷേ പതിനൊന്ന് മാസവും വിട്ട് നോമ്പ് കാലത്ത് മാത്രമാണ് ഇവ രണ്ടും നാം കുടിക്കുന്നത്. ഞാൻ ആലോചിച്ചു പോകാറുണ്ട്. രണ്ടു കഞ്ഞികളും നോമ്പില്ലാത്ത സമയത്ത് മനുഷ്യർ എന്തുകൊണ്ടാണ് മറക്കുന്നതെന്ന്. ഇന്നും ഇവ രണ്ടുമില്ലാതെ നോമ്പ് മുന്നോട്ടു കൊണ്ടുപോകുന്നത് പ്രായമായവർക്ക് പ്രയാസമാണ്. അത് പോലെ തന്നെ കുടംബ ബന്ധങ്ങളെ വിളക്കിച്ചേർക്കുന്ന കാലം കൂടിയാണ് റമദാൻ. ചികിൽസയിൽ കഴിയുന്നവെരയടക്കം നേരിൽ കണ്ട് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്ന കാലം.
റമദാൻ മാസപ്പിറവി കാണുന്നതോടെ തന്നെ വിണ്ണിൽ നോമ്പിന്റെ ഗന്ധം ആസ്വാദിക്കാനാകും. നോമ്പ് കാലത്ത് മാത്രം ഉയരുന്ന ഗന്ധമാണത്. വിശുദ്ധ മാസം കടന്ന് വരുന്നതോടെ കാലാവസ്ഥയും മാറുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ശഅ്ബാനിൽ കണ്ട ലോകമാവില്ല റമദാൻ പിറന്നാൽ കാണാനാവുക. ജീവിത ഘടന ആകെ മാറും, നാടിന്റെ ചിത്രം മാറും, രാത്രികാലങ്ങളിൽ പള്ളികൾ സജീവമായിരിക്കും. വിശ്വാസികളിൽ ഭയഭക്തി നിറയും. നോമ്പ് കഴിഞ്ഞെത്തുന്ന പെരുന്നാൾ കോടിയും കിനാവ് കണ്ട കാലം ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല.