മലപ്പുറം- മന്ത്രവാദത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട നാലു കുട്ടികളെ ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തി. കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂങ്ങോട് നാല് സെന്റ് കോളനിയിലാണ് സംഭവം. കുട്ടികളേയും മാതാവിനേയും മൈലപ്പുറം അഭയ കേന്ദ്രത്തിലേക്ക് മാറ്റി. മുത്തശ്ശിയാണ് ഇവരെ ചികിത്സക്കു പകരം മന്ത്രവാദത്തിനു പ്രേരിപ്പിച്ചതെന്ന് പറയുന്നു.
ഒമ്പത്, ആറ്, മൂന്ന്, രണ്ട് വയസ്സുകളുള്ള കുട്ടികള്‍ക്കാണ് മന്ത്രവാദത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ചിരുന്നത്. രോഗംവന്നാല്‍ മന്ത്രവാദികളെ കാണിക്കുകയും ഏലസ്സ് ധരിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. കുട്ടികളെ സ്‌കൂളിലോ അങ്കണവാടിയിലോ വിട്ടിരുന്നില്ല. യുവതിയുടെ മാതാവ് കുട്ടികളെ മര്‍ദിച്ചിരുന്നതായും പറയുന്നു.
മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. തിങ്കളാഴ്ച പൂങ്ങോട് നാലുസെന്റ് കോളനിയിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടേയും മാതാവിന്റെയും ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടാണ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
യുവതിയുടെ മാതാവ് എതിര്‍ത്തെങ്കിലും പോലീസ് ഇടപെട്ട് അഞ്ചുപേരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു. മൂന്നു വയസ്സുകാരിയുടെ ശരീരത്തില്‍ മര്‍ദനത്തെത്തുടര്‍ന്നുള്ള പാടുകളുമുണ്ട്.
പോഷകാഹാരം ലഭിക്കാത്തതിനാല്‍ ആരോഗ്യനില അങ്ങേയറ്റം വഷളായിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ശരണ്യ, രാജു കൃഷ്ണ, കാളികാവ് എ.എസ്.ഐ. കെ. രമേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് വെണ്ണീറിങ്ങല്‍, വിജയന്‍, കെ. സുവര്‍ണ, പി.കെ. ശ്രീജ എന്നിവരാണ് കുട്ടികളേയും മാതാവിനേയും അഭയ കേന്ദ്രത്തിലെത്തിച്ചത്.