മൊഹാലി- അവസാന ഓവറിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിന് ഹൈദരാബാദിനെതിരെ ജയിക്കാൻ വേണ്ടത് പതിനൊന്ന് റൺസ്. ക്രീസിൽ പഞ്ചാബിന്റെ സാം കരണും ഓപണർ ലോകേഷ് രാഹുലും. താരതമ്യേന അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യം ഇരുവരും ചേർന്ന് ഒരു പന്ത് ബാക്കിനിൽക്കെ അടിച്ചെടുത്തു. അവസാന ഓവർ എറിയാനെത്തിയത് ഹൈദരാബാദിന്റെ മുഹമ്മദ് നബി. ആദ്യപന്തിൽ സാം കരൺ രണ്ട് റൺസ് നേടി. രണ്ടാമത്തെ പന്തിലും രണ്ടു റൺസ് അടിച്ചെടുത്തു. മനീഷ് പാണ്ഡെയുടെ ത്രസിപ്പിക്കുന്ന ഫീൽഡിംഗ് ഇല്ലായിരുന്നുവെങ്കിൽ ഈ പന്ത് ബൗണ്ടറി കടക്കേണ്ടതായിരന്നു. മൂന്നാമത്തെ പന്തിൽ ഒരു റൺസെടുത്ത കരൺ സ്‌ട്രൈക്ക് ലോകേഷ് രാഹുലിന് കൈമാറി. നാലാം പന്ത് രാഹുൽ അതിർത്തി കടത്തി. അഞ്ചാമത്തെ പന്തിൽ രാഹുൽ രണ്ട് റൺസ് കൂടി നേടി പഞ്ചാബിന് വിജയം സമ്മാനിച്ചു. മിസ്ഫീൽഡ് കാരണം ഈ ഓവറിൽ രണ്ടു റൺസ് വിട്ടുകൊടുത്തത് ഹൈദരാബാദിന് തിരിച്ചടിയാകുകയായിരുന്നു. അവസാനത്തെ മത്സരങ്ങളിൽ തോറ്റ ഇരുടീമുകളും ഇന്നലെ ജയിക്കാനുറച്ചാണ് മൈതാനത്തെത്തിയത്. എന്നാൽ, ഐ.പി.എല്ലിലെ 22-ാം മൽസരത്തിൽ വിജയം പഞ്ചാബിനൊപ്പം നിന്നു. ആറു വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് നാലുവിക്കറ്റ് നഷ്ടത്തിൽ നേടിയ 150 റൺസ് ഒരു പന്ത് ശേഷിക്കെയാണ് പഞ്ചാബ് മറികടന്നത്. ഓപണറായി എത്തി ഒരു ഭാഗത്ത് നങ്കൂരമിട്ട ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ വിജയശിൽപി. 53 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. രാഹുലിന് പിന്തുണയുമായി മായങ്ക് അഗർവാളും വന്നതോടെ പഞ്ചാബ് വിജയം സ്വന്തമാക്കി. 43 പന്തിൽ 55 റൺസ് നേടിയ അഗർവാൾ സന്ദീപ് ശർമയുടെ പന്തിൽ വിജയ് ശങ്കറിന് പിടിനൽകിയാണ് മടങ്ങിയത്. ക്രിസ് ഗെയിൽ പതിനാറ് പന്തിൽ പതിനാല് റൺസ് നേടി. ഡേവിഡ് മില്ലർ ഒന്ന്, മൻദീപ് സിംഗ് 2 എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാൻമാരുടെ സമ്പാദ്യം. ഹൈദരാബാദിന് വേണ്ടി സന്ദീപ് ശർമ രണ്ടും റഷീദ് ഖാൻ, സിദ്ധാർത്ഥ് കൗൾ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഹൈദരാബാദിനെ മികച്ച ബൗളിങിലൂടെ വൻ സ്‌കോർ നേടുന്നതിൽ നിന്നും പഞ്ചാബ് പിടിച്ചുനിർത്തുകയായിരുന്നു. നിശ്ചിത ഓവറിൽ നാലു വിക്കറ്റിന് 150 റൺസാണ് ഹൈദരാബാദ് നേടിയത്. ടൂർണമെന്റിൽ ഉജ്ജ്വല ഫോം തുടരുന്ന ഓപ്പണർ ഡേവിഡ് വാർണർ എഴുപത് റൺസ് നേടി പുറത്താകാതെ നിന്നു. 62 പന്തുകൾ നേരിട്ട വാർണറുടെ ഇന്നിംഗ്‌സിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെട്ടിരുന്നു. മൂന്നു പന്തിൽ രണ്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 14 റൺസുമായി ദീപക് ഹൂഡ വാർണർക്കൊപ്പം പുറത്താവാതെ നിന്നു. വിജയ് ശങ്കർ (26), മനീഷ് പാണ്ഡെ (19), മുഹമ്മദ് നബി (12), ജോണി ബെയർസ്റ്റോ (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ടീം സ്‌കോർ ഏഴിൽ വച്ചു തന്നെ ബെയർസ്റ്റോയെ നഷ്ടമായ ഹൈദരാബാദിനെ രണ്ടാം വിക്കറ്റിൽ 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി വാർണർ- വിജയ് സഖ്യം കരകയറ്റുകയായിരുന്നു. ബൗണ്ടറികളും സിക്സറുകളും നേടാൻ വിഷമിച്ചതോടെ സിംഗിളുകളും ഡബിളുകളുമെടുത്താണ് ഇരുവരും സ്‌കോർ ബോർഡ് ചലിപ്പിച്ചത്. പഞ്ചാബിനു വേണ്ടി മുജീബുർ റഹ്മാൻ, മുഹമ്മദ് ഷമി, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ടോസ് നേടിയ പഞ്ചാബ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയിൽ തോൽവിയേറ്റുവാങ്ങിയ ഇരുടീമുകളും വിജയവഴിയിൽ തിരിച്ചെത്താനുറച്ചാണ് ഇറങ്ങിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിനോട് തോറ്റ പഞ്ചാബ് ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയിരുന്നു. ആൻഡ്രു ടൈ, മുരുകൻ അശ്വിൻ എന്നിവർക്കു പകരം അങ്കിത് രാജ്പൂത്തും മുജീബുർ റഹ്മാനും കളിച്ചു. എന്നാൽ ഹൈദരാബാദ് കഴിഞ്ഞ മൽസരത്തിലെ ടീമിനെ തന്നെയാണ് കൊൽക്കത്ത നിലനിർത്തിയത്.