ന്യൂദൽഹി - അടുത്തമാസം 30ന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ടീമിനെ ഈ മാസം 15ന് തെരഞ്ഞെടുക്കും. ദേശീയ ടീം സെലക്ടർ എം.എസ്.കെ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
മുംബൈയിൽ നടക്കുന്ന പ്രത്യേക സെലക്ഷൻ കമ്മിറ്റി യോഗത്തിലായിരിക്കും പതിനഞ്ച് അംഗ ടീമിനെ തെരഞ്ഞെടുക്കുക. ലോകകപ്പിനുള്ള ടീമിനെ ഈ 23ന് മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ഐ.സി.സി നിർദ്ദേശം. ഇത് സംബന്ധിച്ച ആലോചന യോഗത്തിൽ ബി.സി.സി.ഐ ഭാരവാഹികളായ സി.കെ ഖന്ന, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവർ പങ്കെടുത്തു.
ഐ.പി.എൽ ടൂർണ്ണമെന്റിലെ താരങ്ങളുടെ പ്രകടനം കൂടി കണക്കിലെടുത്തായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. തങ്ങളുടെ താരങ്ങൾ ഏത് രീതിയിലാണ് കളിക്കുന്നത് എന്നറിയാൻ ഐ.പി.എൽ മത്സരങ്ങൾ സഹായിക്കുമെന്ന് ഇന്ത്യൻ സെലക്ടർമാർ അഭിപ്രായപ്പെട്ടു. നേരത്തെ ലോകകപ്പിൽ കളിക്കാൻ മുപ്പത് പേരെയാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ നിബന്ധന പ്രകാരം 15 പേരെ നേരിട്ട് പ്രഖ്യാപിക്കാം.
ലോകകപ്പിൽ നാലാം നമ്പർ ബാറ്റിങ് പൊസിഷനിലേക്ക് അമ്പാട്ടി റായുഡു, റിഷഭ് പന്ത്, ലോകേഷ് രാഹുൽ, വിജയ് ശങ്കർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരിൽ റായുഡു തീർത്തും നിരാശപ്പെടുത്തിയപ്പോൾ പന്തും രാഹുലും മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്.
മൽസരങ്ങൾ ഫിനിഷ് ചെയ്യാനാവുന്നില്ലെന്ന മുൻ വീക്ക്നെസ് പന്ത് ഐപിഎല്ലിലും ആവർത്തിക്കുന്നതാണ് കണ്ടത്. ബൗളിങിൽ ആർസിബിക്കുവേണ്ടി മികച്ച പ്രകടനം നടത്തുന്ന പേസർ നവ്ദീപ് സെയ്നിയെയും നാലാം ബൗളറായി ലോകകപ്പ് ടീമിലേക്കു പരിഗണിച്ചേക്കും. അതേസമയം, ലോകകപ്പിൽ ജൂൺ പതിനാറിന് നടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. കാത്തിരുന്ന കാണാമെന്നായിരുന്നു ബി.സി.സി.ഐയുടെ പ്രതികരണം.