കോഴിക്കോട്: നിറപറയ്‌ക്കെതിരെ നടപടിയെടുത്തും തോമസ് ചാണ്ടിയെ വിറപ്പിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ കലക്ടറാണ് ടിവി അനുപമ ഐഎഎസ്. ഈ തെരഞ്ഞെടുപ്പ് കാലത്തും തൃശൂര്‍ കലക്ടറായ അനുപമ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് നോട്ടീസ് അയച്ചതോടെ കലക്ടര്‍ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് സംഘപരിവാറുകാര്‍. എന്നാല്‍ വഴി മാറി ആക്രമണം നടി അനുപമ പരമേശ്വരന് നേര്‍ക്കായിരിക്കുകയാണ്. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചതിനാണ് സുരേഷ് ഗോപിക്ക് ടിവി അനുപമ നോട്ടീസ് അയച്ചത്. ഇതോടെ ബിജെപി അനുപമയ്ക്ക് എതിരെ തിരിഞ്ഞു. അനുപമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അടക്കം സംഘപരിവാറുകാര്‍ തെറിവിളിയും അധിക്ഷേപ കമന്റുകളുമിടാന്‍ തുടങ്ങി. അതിനിടെ അനുപമ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞ് കൊണ്ടുളള പ്രചാരണങ്ങളും കൊണ്ട് പിടിച്ച് നടക്കുന്നു. കലക്ടറുടെ പേരില്‍ തെറിവിളിയും ശരണം വിളിയും ഒരുപോലെ നടക്കുന്നു. അനുപമയെ പിന്തുണച്ചും നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. അതിനിടയിലാണ് മറ്റൊരു ട്വിസ്റ്റ്. ഹിറ്റ് ചിത്രമായ പ്രേമത്തിലെ മേരിയായി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിലുമുണ്ട് ശരണം വിളി. കലക്ടര്‍ അനുപമയ്ക്ക് പകരമാണ് അതേ പേരുളള നടിക്ക് നേരെയുളള സൈബര്‍ ആക്രമണം.