മനാമ- മദ്യ നയത്തിൽ യുഡിഎഫിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ. ഷിബു ബേബിജോൺ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് അവരുടെ പാർട്ടി തന്നെ അറിയിച്ചതാണ്. കെ.മുരളീധരന്റെ അഭിപ്രായ പ്രകടനം വളച്ചൊടിക്കുകയായിരുന്നു. മുരളിക്കും ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാടാണുള്ളത്. മദ്യ നയത്തിൽ കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടാണ്. യുഡി.എഫ് സർക്കാർ കൊണ്ടുവന്ന മദ്യ നയം പൂർണമായും അട്ടിമറിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും.
ഒഐസിസി ഇഫ്താറിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിയ ഹസൻ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഭരണത്തിലേറും മുമ്പ് അബ്കാരികൾക്ക് ഇടതുപക്ഷം നൽകിയ വാക്കാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നതെന്ന് ഹസൻ ആരോപിച്ചു. അതിനായി കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കുകയാണ്. മദ്യ വിഷയത്തിൽ ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശകളാണ് യുഡിഎഫ് തുടർന്നു വന്നത്. പിന്നീട് എകെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ ചാരായം നിരോധിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ, തങ്ങൾ അധികാരത്തിൽ വന്നാൽ ചാരായ നിരോധനം പിൻവലിക്കുമെന്നായിരുന്നു ഇടതുപക്ഷ വാഗ്ദാനം. അവർ അധികാരത്തിൽ വന്നെങ്കിലും ജനരോഷം ഭയന്ന് ആ തീരുമാനം നടപ്പാക്കാനായില്ല. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം രംഗം തകരാതിരിക്കാനാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മദ്യ ലഭ്യത നിലനിർത്തിയത്. ഇത് കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ച് ചെയ്തതാണ്. എന്നാൽ, ഘട്ടം ഘട്ടമായി മദ്യ ലഭ്യത കുറക്കുക എന്നതായിരുന്ന പ്രഖ്യാപിത നയം. അത് നടപ്പാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യ ഉപഭോഗം 43 ശതമാനമാണ് കുറഞ്ഞത്. എല്ലാ കുറ്റകൃത്യങ്ങളിലും മദ്യം പ്രതിസ്ഥാനത്താണ്. യുഡിഎഫ് സർക്കാർ മദ്യ ലഭ്യത കുറച്ച ശേഷം കുറ്റകൃത്യ നിരക്ക് കുറഞ്ഞു. റോഡപകടങ്ങൾ കുറഞ്ഞു. ഇതൊന്നും പരിഗണിക്കാതെയാണ് ഇടതു സർക്കാർ ബാറുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ കോടതിയുടെ വരെ ശകാരം കേൾക്കേണ്ടി വന്നു. പക്ഷേ, മുമ്പ് അവർ കൊടുത്ത വാഗ്ദാനമാണ് വോട്ടിന് പകരം ഷാപ്പ് എന്നത്. അതാണ് ഇപ്പോൾ നടപ്പാക്കുന്നത്.
കെഎം മാണിയെ അധിക്ഷേപിക്കുന്ന നിലപാടിനോട് യോജിപ്പില്ല. അത് കോൺഗ്രസ് നയമല്ല. മാണിയെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും പിന്തുണച്ച് കൂടെ നിന്നത് യുഡിഎഫ് ആണ്. പക്ഷേ, കോട്ടയം ജില്ലാ പഞ്ചായത്തിൽ തികഞ്ഞ രാഷ്ട്രീയ വഞ്ചനയുണ്ടായി. അപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് 'വീക്ഷണം' മുഖപ്രസംഗത്തെ തുടർന്ന് താൻ പറഞ്ഞത്. 'വീക്ഷണ'ത്തിന്റെ മാണിക്കെതിരായ അഭിപ്രായം പാർട്ടിയുടേതല്ല.
ജാതി, മത വികാരവും വർഗീതയും ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പക്ഷേ, അത് കേരളത്തിൽ വിലപ്പോകില്ല. വർഗീയ ധ്രുവീകരണം നടത്തി സംഘടനാ സ്വാധീമുണ്ടാക്കാനുള്ള അമിത് ഷായുടെ ശ്രമത്തെ ജനങ്ങളെ സംഘടിപ്പിച്ച് നേരിടും. ബിജെപിയുടെ കുതന്ത്രങ്ങൾ വിലപ്പോകില്ലെന്ന് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രകടമായിക്കഴിഞ്ഞതാണ്. എന്നാൽ വർഗീയതയെ നേരിടേണ്ടത് സിപിഎമ്മിന്റെ രീതിയിലല്ല. അക്രമത്തെ അക്രമം കൊണ്ട് തടയാനാകില്ല. സീതാറാം യെച്ചൂരിക്കു നേരെ ആക്രമണമുണ്ടായപ്പോൾ സോണിയാ ഗാന്ധി മുതൽ ബൂത്ത് പ്രസിഡന്റ് വരെ അതിനെ അപലപിച്ചു. എന്നാൽ സിപിഎം തിരിച്ച് ബിജെപി ഓഫീസ് ആക്രമിക്കാനാണ് പോയത്. അതിനോട് യോജിപ്പില്ല.
പ്രവാസികൾക്കായി കോൺഗ്രസ് ഓൺലൈൻ മെമ്പർഷിപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് ഒഐസിസി നേതൃത്വം നൽകുമെന്നും ഹസൻ കൂട്ടിച്ചേർത്തു.
പ്രവാസികളെ മൊത്തം അവഗണിക്കുന്ന സമീപനമാണ് കേന്ദ്രവും കേരളവും സ്വീകരിച്ചുവരുന്നത്. പ്രവാസി വകുപ്പ് നിർത്തലാക്കിയത് അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 'നോർക' സജീവമല്ല. എൻആർഐ കമ്മീഷന്റെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് സർക്കാറുകളുടെ അജണ്ടയിൽ പ്രവാസി വിഷയങ്ങളില്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി നേതാക്കളായ എൻ സുബ്രഹ്മണ്യൻ, പിടി അജയമോഹൻ, മാന്നാർ അബ്ദുൽ ലത്തീഫ്, ഒഐസിസി നേതാക്കളായ ബിനു കുന്നന്താനം, രാജു കല്ലുംപുറം, വികെ സെയ്ദാലി തുടങ്ങിയവരും ഹസനോടൊപ്പമുണ്ടായിരുന്നു.