തലശ്ശേരി- കോയമ്പത്തൂരിലും കേരളത്തിലും സി.പി.എമ്മിന് രണ്ട് നയമാണെന്ന് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ. മുരളീധരൻ. കോയമ്പത്തൂരിൽ രാഹുൽ ഗാന്ധിയുടെ പടം വെച്ച് വോട്ട് ചോദിക്കുന്ന സി.പി.എം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ അപരനെ തേടുകയാണ്. ന്യൂമാഹിയിൽ നടന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. എം.പിയായി തന്നെ തെരഞ്ഞെടുത്താൽ ആരാണ് പ്രധാന മന്ത്രിയാകേണ്ടതെന്ന് രാഷ്ട്രപതി ചോദിച്ചാൽ രാഹുൽ ഗാന്ധിയെന്ന് താൻ പറയും. ഇടതുപക്ഷം ആരുടെ പക്ഷത്തു നിൽക്കുമെന്നും
മുരളീധരൻ ചോദിച്ചു. ദേശീയ പാർട്ടിയെന്ന് പറയുന്ന സി. പി. എമ്മിന് അഖിലേന്ത്യാ തലത്തിൽ മത്സരിക്കുമ്പോൾ നയമില്ലെന്ന് പറയുന്നത് ഇക്കാരണത്താൽ തന്നെയാണെന്നും മുരളി പറഞ്ഞു. ലോക്‌സഭയിലെ അംഗ സംഖ്യ 543 ആണ്. കോൺഗ്രസും ബി. ജെ. പിയും ഇരുവരുടെയും ഘടക കക്ഷികളും ഈ മുഴുവൻ സീറ്റുകളിലും മത്സരിക്കുമ്പോൾ സി. പി. എം മത്സരിക്കുന്നത് വെറും നാൽപത് സീറ്റുകളിൽ മാത്രമാണ്. ഇവരാണ് ബി. ജെ. പിയെ നേരിടാൻ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന് ചുമരെഴുത്തു നടത്തുന്നതെന്നും ഇത് ഏപ്രിൽ ഒന്നിന് മാത്രം പറയാൻ കൊള്ളാവുന്നതാണെന്നും മുരളീധരൻ പരിഹസിച്ചു.
വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യ കക്ഷികൾക്കും കൂടുതൽ എം.പിമാർ ഉണ്ടാകണം. അങ്ങനെ മാത്രമേ വർഗീയ ശക്തികളെ തുടച്ചുനീക്കാൻ സാധിക്കുകയുള്ളൂ. വ്യക്തമായ അജണ്ടയോടെയാണ് കോൺഗ്രസും ഘടക കക്ഷികളും തെരഞ്ഞെടുപ്പു ഗോധയിലേക്കിറങ്ങിയതെന്നും മുരളീധരൻ പറഞ്ഞു. പ്രായം ചെന്നവരെയും കുട്ടികളെയും നടുറോട്ടിലിട്ട് വെട്ടിക്കൊല്ലുന്ന ധാരാളം അനുഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്.
സാധനങ്ങളുടെ വിലക്കയറ്റം ഏറ്റവുമധികം ബാധിച്ചത് വീട്ടമ്മമാരെയാണ്. പാചകവാതക വില അടിക്കടി കൂടിക്കൊണ്ടിരുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചപ്പോൾ സാമ്പത്തിക രംഗം തകർന്നു പോയി. എല്ലാ രംഗത്തും പരാജപ്പെട്ട കേന്ദ്ര സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു ജനാധിപത്യ മതേതര സർക്കാർ വരണം -അതാണ് കേന്ദ്രത്തിൽ യു. പി.എയുടെ ലക്ഷ്യം. അതു തന്നെയാണ് കേരളത്തിൽ യു.ഡി. എഫിന്റെയും ലക്ഷ്യം.
കണ്ണൂരിലെ അക്രമ രാഷ്ട്രീത്തിന്റെ കെടുതികൾ അനുഭിക്കുന്നരാണ് പലരും. അവിടെ നിരന്തരമായി നടന്നു വരുന്ന അക്രമ രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്ര ബിന്ദു ഒരാളിലാണ് ചെന്നെത്തുന്നത്. അത് ആരാണെന്ന് സ്ഥാനാർത്ഥിയെന്ന നിലയിൽ താൻ പറയുന്നില്ല. ഒരു പുരുഷായുസ്സ് മുഴുവൻ സി. പി. എമ്മിനു വേണ്ടി പ്രവർത്തിച്ച ടി. പി ചന്ദ്രശേഖരനെ ഒടുവിൽ 51 വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത്. ഷുഹൈബ് ഒരു കൊലക്കേസിലും പ്രതിയല്ലാഞ്ഞിട്ടു പോലും അദ്ദേഹത്തെ സി. പി. എം വെട്ടിക്കൊന്നു. തെരഞ്ഞെടുപ്പ് കൺവെൻഷൻ മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. കെ കൊച്ചു മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
യു. ഡി. എഫ് പഞ്ചായത്ത് ചെയർമാൻ എ. കെ ബഷീർ അധ്യക്ഷത വഹിച്ചു. യു.ഡി. എഫ് ജില്ല ചെയർമാൻ പ്രൊഫ. എ. ഡി മുസ്തഫ , കെ. പി. സി. സി ജനറൽ സെക്രട്ടറി വി. എ നാരായണൻ, മുൻ ഡി. ജി. പി അഡ്വ ആസഫലി, കേരള കോൺഗ്രസ് നേതാവ് കെ. എ ഫിലിപ്പ്, അഡ്വ പി. വി സൈനുദ്ദീൻ, സജീവ് മാറോളി, എൻ. മഹമൂദ്, വി. രാധാകൃഷ്ണൻ മാസ്റ്റർ, വി. എൻ ജയരാജ്, എം.പി അരിവന്ദാക്ഷൻ, അഡ്വ. സി. ടി സജിത്ത്, വി. സി പ്രസാദ്, മണ്ണാട് ബാലകൃഷ്ണൻ, അഡ്വ. ഷുഹൈബ്, എ. കെ ബഷീർ സംസാരിച്ചു.
എൻ. കെ പ്രേമൻ സ്വാഗതം പറഞ്ഞു. നാരായണൻ പറമ്പ്, കാഞ്ഞിരത്തിൻകീഴിൽ, മീത്തലെ ചമ്പാട്, ഇടയിൽപീടിക, പൊന്ന്യം സ്രാമ്പി, കോളശ്ശേരി, വീനസ് കോർണർ, ചാലിൽ തുടങ്ങിയ സ്ഥലങ്ങളിലെ പ്രചാരണത്തിനു ശേഷം മാടപ്പീടികയിൽ സമാപിച്ചു. മാഹി പാലത്തു നിന്നും തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ച് ഇരുചക്ര വാഹനങ്ങളുടെ റാലിയും നടന്നു. എല്ലായിടത്തും വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.