ജിദ്ദ- വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും സ്വദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്ന മക്ക റോഡ് പദ്ധതിയില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തുന്നതിന് നീക്കം. മലേഷ്യയില്‍നിന്നും ഇന്തോനേഷ്യയില്‍നിന്നുമുള്ള ഹജ് തീര്‍ഥാടകര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വന്‍ വിജയമാണെന്ന് കണ്ടെത്തിയിരുന്നു. ഈ വര്‍ഷത്തെ ഹജിന് മക്ക റോഡ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും തയാറെടുപ്പുകളും നിരീക്ഷിക്കുന്നതിന് മക്ക റോഡ് പദ്ധതി സൂപ്പര്‍വൈസറി കമ്മിറ്റി മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും വിമാനത്താവളങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിവരികയാണ്. സൗദി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ ആണ് സൂപ്പര്‍വൈസറി കമ്മിറ്റി പ്രസിഡന്റ്.
ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ തീര്‍ഥാടകരെക്കൂടി മക്ക റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള നാലു രാജ്യങ്ങളിലും ഈ വര്‍ഷം പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ സൂപ്പര്‍വൈസറി കമ്മിറ്റി ഈ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി വിശകലനം ചെയ്യുന്നുണ്ട്.
മക്ക റോഡ് പദ്ധതി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളെ കുറിച്ച് മലേഷ്യന്‍ അധികൃതരുമായി സൂപ്പര്‍വൈസറി കമ്മിറ്റി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഇമിഗ്രേഷന്‍ കാര്യങ്ങള്‍ക്കുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബിന്‍ വാന്‍ യൂസുഫിന്റെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. കുലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സന്ദര്‍ശനം നടത്തിയ സൗദി സംഘം മക്ക റോഡ് പദ്ധതി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി.
വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമായ മക്ക റോഡ് പദ്ധതി രണ്ടു വര്‍ഷം മുമ്പു മുതലാണ് നടപ്പാക്കിത്തുടങ്ങിയത്. ഹജ് തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള ജവാസാത്ത് നടപടിക്രമങ്ങള്‍, പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നത് അടക്കമുള്ള ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തല്‍, ലഗേജ് എന്‍കോഡിംഗ്-തരംതിരിക്കല്‍ എന്നിവയെല്ലാം സ്വദേശങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്.
സ്വദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ സൗദി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകര്‍ക്ക് ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ആഭ്യന്തര സര്‍വീസുകളിലെ യാത്രക്കാരെപോലെ ജവാസാത്ത്, കസ്റ്റംസ് അടക്കമുള്ള വകുപ്പുകളുടെ കൗണ്ടറുകളില്‍ നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ വേഗത്തില്‍ പുറത്തിറങ്ങുന്നതിന് സാധിക്കും. വിമാനത്താവളങ്ങളില്‍നിന്ന് ബസുകളില്‍ കയറി മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിലേക്ക് പോകുന്നതിനും തീര്‍ഥാടകര്‍ക്ക് കഴിയും.
ലഗേജുകള്‍ സ്വീകരിക്കുന്നതിന് ഇവര്‍ വിമാനത്താവളങ്ങളില്‍ കാത്തുനില്‍ക്കേണ്ടതുമില്ല. മക്ക റോഡ് പദ്ധതി വഴി എത്തുന്ന തീര്‍ഥാടകരുടെ ലഗേജുകള്‍ മക്കയിലെയും മദീനയിലെയും അവരുടെ താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള 1,03,055 തീര്‍ഥാടകര്‍ക്ക് മക്ക റോഡ് പദ്ധതി പ്രയോജനപ്പെട്ടിരുന്നു.