ജയ്പൂർ - രാജസ്ഥാൻ റോയൽസിന് മേൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ ജയം. എട്ടുവിക്കറ്റിനാണ് മുൻ ജേതാക്കളായ രാജസ്ഥാനെ മറ്റൊരു മുൻ ജേതാക്കളായ കൊൽക്കത്ത തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടിയിരുന്നു. 59 പന്തിൽ പുറത്താകാതെ സ്റ്റീവ് സ്മിത്ത് 73 റൺസാണ് രാജസ്ഥാന് വേണ്ടി നേടിയത്. ഏഴു ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. ജോസ് ബട്‌ലർ 34 പന്തിൽ 37 റൺസ് അടിച്ചെടുത്തു. അഞ്ച് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയുള്ള ഈ ഇന്നിംഗ്‌സ് ഹാരി ഗർനേയുടെ പന്തിൽ ശുഭ്മാൻ ഗില്ലിന്റെ കയ്യിൽ അവസാനിച്ചു. അജിൻക്യ രഹാനെ അഞ്ചും രാഹുൽ ത്രിപാഠി ആറും ബെൻ സ്‌റ്റോക്‌സ് ഏഴും റൺസ് നേടി. മറുപടി ബാറ്റിങിൽ ക്രിസ് ലിൻ (50), സുനിൽ നരെയ്ൻ (47) എന്നിവർ തകർത്തടിച്ചപ്പോൾ രണ്ടു വിക്കറ്റിന് വെറും 13.5 ഓവറിൽ കൊൽക്കത്ത ലക്ഷ്യം നേടി. 32 പന്തിൽ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ക്രിസ് ലിൻ ടോപ്‌സ്‌കോററായത്. നരെയ്ൻ 25 പന്തിൽ ആറു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. റോബിൻ ഉത്തപ്പ (പുറത്താകാതെ 26), ശുഭ്മാൻ ഗിൽ (പുറത്താകാതെ 6) റൺസും നേടി കൊൽക്കത്തയുടെ ജയം പൂർണമാക്കി. ടീം സ്‌കോർ അഞ്ചിൽ വച്ച് രഹാനെയെ നഷ്ടമായ രാജസ്ഥാനെ രണ്ടാം വിക്കറ്റിൽ ബട്‌ലർ -സ്മിത്ത് സഖ്യം ചേർന്നെടുത്ത 72 റൺസാണ് കരകയറ്റിയത്. കൊൽക്കത്തക്ക് വേണ്ടി ഹാരി ഗർനെ രണ്ടു വിക്കറ്റെടുത്തു.
സ്റ്റുവർട്ട് ബിന്നി, വരുൺ ആരോൺ എന്നിവർക്കു പകരം പ്രശാന്ത് ചോപ്ര, മിഥുൻ എന്നിവരെ ഇറക്കിയാണ് രാജസ്ഥാൻ എത്തിയത്. കൊൽക്കത്ത നിരയിൽ ലോക്കി ഫെർഗൂസനു പകരം ഹാഗി ഗർനെ കളത്തിലെത്തി.