ദുബായ്- പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്കൂള്‍ ഫീസും പുസ്തകച്ചെലവും താങ്ങാനാവാതെ പ്രവാസി കുടുംബങ്ങള്‍. അന്യായമായി ഫീസ് വര്‍ധിപ്പിച്ച സ്കൂളിനെതിരെ ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്‍റ് അതോറിറ്റിയിലും അബുദാബി അഡെകിലും രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
മലയാളി സമാജം ഉള്‍പ്പെടെ ചില സംഘടനകളും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നു അറിയിച്ചിട്ടുണ്ട്. ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ രക്ഷിതാക്കള്‍ സ്കൂളില്‍ ഒത്തുകൂടി പ്രിന്‍സിപ്പലിനെ കണ്ട് പരാതി നേരിട്ട് ബോധിപ്പിക്കുമെന്നും അറിയിച്ചു.
പുസ്തകത്തിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇരട്ടിയോളം വില വര്‍ധനയാണ് ചില സ്കൂളുകള്‍ വരുത്തിയതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ പുസ്തകത്തിന്റെയും യൂണിഫോമിന്റെയും വിലയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. പരാതിയുമായി രക്ഷിതാക്കള്‍ വിവിധ എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. പല സ്കൂളുകളും പല വിധത്തിലാണ് ഒരേ പുസ്തകങ്ങള്‍ക്ക് വില ഈടാക്കുന്നത്.