റിയാദ് - എ.ടി.എം കാർഡുകൾ വഴി പണമടക്കുന്നതിന് സഹായിക്കുന്ന, വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 15.88 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം രാജ്യത്തെ ബാങ്കുകൾ വ്യാപാര സ്ഥാപനങ്ങളിൽ 48,181 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ പുതുതായി സ്ഥാപിച്ചു.
പ്രതിദിനം ശരാശരി 132 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ തോതിൽ കഴിഞ്ഞ കൊല്ലം പുതുതായി വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ചു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം വ്യാപാര സ്ഥാപനങ്ങളിൽ ആകെ 3,51,645 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ട്. 2017 അവസാനത്തിൽ രാജ്യത്ത് 3,03,464 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളാണുണ്ടായിരുന്നത്.
ഏറ്റവും കൂടുതൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത് അൽറാജ്ഹി ബാങ്ക് ആണ്. അൽറാജ്ഹിക്കു കീഴിൽ വ്യാപാര സ്ഥാപനങ്ങളിൽ 83,849 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ട്. ആകെ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളിൽ 23.8 ശതമാനവും അൽറാജ്ഹിക്കു കീഴിലാണ്. രണ്ടാം സ്ഥാനത്ത് അൽഅഹ്‌ലി ബാങ്ക് ആണ്.
അൽഅഹ്‌ലിക്കു കീഴിൽ 59,311 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ട്. രാജ്യത്തുള്ള ആകെ പി.ഒ.എസ്സുകളിൽ 16.87 ശതമാനം അൽഅഹ്‌ലിക്കു കീഴിലാണ്. മൂന്നാം സ്ഥാനത്തുള്ള അൽറിയാദ് ബാങ്കിനു കീഴിൽ 43,864 (12.47 ശതമാനം) പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ട്.
കഴിഞ്ഞ വർഷം പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണത്തിൽ ഏറ്റവും വലിയ വളർച്ച കൈവരിച്ചത് അൽഇൻമാ ബാങ്ക് ആണ്. അൽഇൻമാ ബാങ്ക് പി.ഒ.എസ്സുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 47.65 ശതമാനം വർധനവ് രേഖപ്പെടുത്തി. 2018 അവസാനത്തിലെ കണക്കുകൾ പ്രകാരം അൽഇൻമാ ബാങ്കിനു കീഴിൽ 29,197 പി.ഒ.എസ്സുകളുണ്ട്. 2017 ൽ അൽഇൻമാ ബാങ്കിനു കീഴിലെ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ 19,772 മാത്രമായിരുന്നു. അൽബിലാദ് ബാങ്ക് പി.ഒ.എസ്സുകളുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം 31.41 ശതമാനം വർധനവുണ്ടായി. അൽബിലാദ് ബാങ്കിനു കീഴിൽ 14,286 പി.ഒ.എസ്സുകളുണ്ട്.
2017 അവസാനത്തിൽ അൽബിലാദ് ബാങ്കിനു കീഴിൽ ആകെ 10,871 പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഒന്നൊഴികെ രാജ്യത്തെ എല്ലാ ബാങ്കുകളുടെയും പി.ഒ.എസ്സുകൾക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആവശ്യം വർധിച്ചു.
ഒരു ബാങ്കിന്റെ പി.ഒ.എസ്സുകളുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം 1.06 ശതമാനം കുറവ് രേഖപ്പെടുത്തി.
ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒമ്പതു ബാങ്കുകളുടെ പി.ഒ.എസ്സുകൾക്ക് ആവശ്യം വർധിക്കുകയും മൂന്നു ബാങ്കുകളുടെ പി.ഒ.എസ്സുകൾക്ക് ഡിമാന്റ് കുറയുകയും ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരു ബാങ്കിന്റെ പി.ഒ.എസ്സുകളുടെ എണ്ണത്തിൽ 4.15 ശതമാനം കുറവ് രേഖപ്പെടുത്തി.
ചില്ലറ വ്യാപാര മേഖലയിൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള ദൈനംദിന ഇടപാടുകളുടെ പരിധി ഉയർത്തണമെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനും ബന്ധപ്പെട്ട വകുപ്പുകൾ നേരത്തെ നിർദേശം നൽകിയിരുന്നു. സ്വർണം, കാറുകൾ, ഫർണിച്ചർ അടക്കമുള്ള വിലപിടിച്ച ഉൽപന്നങ്ങൾക്ക് പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി പണമടക്കുന്നതിന് ഉപയോക്താക്കൾക്ക് സാധിക്കും വിധം പി.ഒ.എസ്സുകൾ വഴി ദിവസേന നടത്താവുന്ന ഇടപാടുകളുടെ പരമാവധി പരിധി ഉയർത്തണമെന്നാണ് നിർദേശം. സൗദിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച കൈവരിക്കുന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.