റിയാദ് - മദ കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ച് പെയ്‌മെന്റുകൾ നടത്തുന്നത് വ്യാപാര സ്ഥാപനങ്ങൾ നിരസിക്കുന്നത് നിയമ ലംഘനമാണെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇപ്പോഴും എ.ടി.എം കാർഡുകൾ നിരസിക്കുന്നതായി ഉപയോക്താക്കളുടെ പരാതി.
ബാങ്കുകൾ കമ്മീഷൻ ഇനത്തിൽ ഉയർന്ന തോതിൽ പണം പിടിക്കുന്നതാണ് കാർഡുകൾ നിരാകരിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്. ലാഭം കുറഞ്ഞ ഉൽപന്നങ്ങൾക്ക് പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി കാർഡുകൾ സൈ്വപ് ചെയ്ത് പണമടക്കുന്നതിനാണ് വ്യാപാര സ്ഥാപനങ്ങൾ വിസമ്മതിക്കുന്നത്. പലപ്പോഴും ഇത്തരം ഉൽപന്നങ്ങളുടെ വിൽപനയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ മാർജിനേക്കാൾ ഉയർന്ന അനുപാതം കമ്മീഷൻ ഇനത്തിൽ ബാങ്കുകൾ പിടിക്കുന്നതായി വ്യാപാരികൾ പറയുന്നു.
വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിലും കാഷ്യർക്കു സമീപവും മദ, ക്രെഡിറ്റ് കാർഡ് എംബ്ലങ്ങൾ അടങ്ങിയ സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിൽ മദ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പെയ്‌മെന്റ് നിരാകരിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾക്ക് അവകാശമില്ലെന്നും ഇങ്ങിനെ ചെയ്യുന്നത് നിയമ ലംഘനമാണെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിലും കാഷ്യർക്കു സമീപവും മദ, ക്രെഡിറ്റ് കാർഡ് എംബ്ലങ്ങൾ അടങ്ങിയ സ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നതിന് വ്യാപാരികൾ നിർബന്ധിതരല്ല. മദ, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഉപയോക്താക്കൾക്ക് പരാതികൾ നൽകാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ടായിട്ടും നിരവധി മൊബൈൽ ഫോൺ കടകൾ മദ, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നതിന് വിസമ്മതിക്കുന്നുണ്ട്.
ബാങ്കുകൾ കമ്മീഷൻ പിടിക്കുന്നതാണ് കാർഡുകൾ നിരസിക്കുന്നതിന് കാരണമെന്ന് ജീവനക്കാർ പറഞ്ഞു. ചില ഉൽപന്നങ്ങൾക്ക് ലാഭം വളരെ കുറവാണ്. ഇവയുടെ വില പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി അടക്കുമ്പോൾ ബാങ്കുകൾ കമ്മീഷൻ പിടിക്കുന്നതിലൂടെ ലാഭം വീണ്ടും കുറയുമെന്ന് ജീവനക്കാർ പറയുന്നു.
ഡെബിറ്റ് കാർഡുകൾ വഴിയുള്ള പെയ്‌മെന്റുകൾക്ക് ആയിരം റിയാലിന് ശരാശരി എട്ടു റിയാൽ തോതിലാണ് ബാങ്കുകൾ കമ്മീഷൻ പിടിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പെയ്‌മെന്റുകളിൽ രണ്ടര ശതമാനം തോതിലാണ് ബാങ്കുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കമ്മീഷൻ പിടിക്കുന്നത്. കമ്മീഷൻ ഈടാക്കുന്നതിനു പകരം പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളും അവയുടെ മെയിന്റനൻസും പേപ്പറും ബാങ്കുകൾ സൗജന്യമായി ലഭ്യമാക്കും.
ബാങ്ക് കമ്മീഷൻ ഇനത്തിലെ തുക മറികടക്കുന്നതിന് ഉൽപന്നങ്ങളുടെ വില ഉയർത്താൻ സാധിക്കില്ലെന്ന് മൊബൈൽ ഫോൺ കട ഉടമയായ മുഹമ്മദ് അൽഉതൈബി പറഞ്ഞു. ഇതാണ് ഭൂരിഭാഗം സ്ഥാപനങ്ങളും ക്യാഷ് ഇടപാടുകൾ അവലംബിക്കുന്നത്.
അയ്യായിരം റിയാൽ വില പ്രചാരത്തിലുള്ള ഉപകരണം വിൽക്കുമ്പോൾ ബാങ്കുകൾ ശരാശരി 32 റിയാൽ കമ്മീഷൻ പിടിക്കും. പലപ്പോഴും ഈ ഉപകരണത്തിന്റെ വില 4,950 റിയാലാകും. ബാങ്ക് കമ്മീഷൻ കഴിഞ്ഞാൽ ഇരുപതു റിയാലിലും കുറഞ്ഞ ലാഭമാണ് സ്ഥാപനങ്ങൾക്ക് ലഭിക്കുക. ഉപയോക്താക്കൾ വിലപേശുന്നതു മൂലം ചിലപ്പോൾ ലാഭം തന്നെ ലഭിക്കില്ല.
ഓരോ ഇടപാടുകൾക്കും കമ്മീഷൻ പിടിക്കുന്ന നയം ബാങ്കുകൾ മാറ്റണം. ഓരോ ഇടപാടിലും കമ്മീഷൻ പിടിച്ച് ലാഭത്തിന്റെ പങ്ക് പറ്റുന്നതിനു പകരം പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾക്ക് പ്രതിമാസ ഫീസ് രീതി ബാധകമാക്കണം. അതല്ലെങ്കിൽ കമ്മീഷൻ നിരക്ക് കുറക്കണം. പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള പെയ്‌മെന്റ് നിരാകരിക്കാതിരിക്കുന്നതിനും ഇത് ആവശ്യമാണെന്നും മുഹമ്മദ് അൽഉതൈബി പറഞ്ഞു.
പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വ്യാപാരികളെ പ്രോത്സാഹിപ്പിക്കേണ്ടത് ഏറെ പ്രാധാന്യം അർഹിക്കുന്നതായി ബാങ്കിംഗ് വിദഗ്ധൻ ഹസ്സാൻ അൽസാലിമി പറഞ്ഞു. പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ആഗ്രഹിക്കുന്ന ചെറുകിട, ഇടത്തരം നിക്ഷേപകർക്കു മുന്നിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനു പകരം നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പോംവഴികളുണ്ടാക്കുകയാണ് വേണ്ടത്. സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഏറെ പ്രയോജനങ്ങളുള്ള ഇ-ട്രാൻസാക്ഷൻ മേഖലയിൽ രാജ്യം വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. അനധികൃത വ്യാപാര സ്ഥാപനങ്ങൾക്കും ബിനാമി ബിസിനസ് പ്രവണതക്കും തടയിടുന്നതിനും പണ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും ഇ-ട്രാൻസാക്ഷൻ വ്യാപകമാക്കുന്നതിലൂടെ സാധിക്കും. ബാങ്കിംഗ് സംവിധാനത്തിൽ പ്രവേശിക്കാത്ത പണം നിയമ, നിയമ വിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്തു നിന്ന് എളുപ്പത്തിൽ പുറത്തേക്ക് കടക്കുമെന്നും ഹസ്സാൻ അൽസാലിമി പറഞ്ഞു.