കാസർകോട്- എൽഡിഎഫ് സ്ഥാനാർഥി കെ. പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ആർമിയിലെ സമര നായിക ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളും മുൻ എംപിയുമായ സുഭാഷിണി അലിയെ കാണാനും പ്രസംഗം കേൾക്കാനും വലിയ ജനാവലിയെത്തി. ബിജെപിക്കെതിരെയുള്ള മത്സരത്തിനാണ് വയനാട്ടിലെത്തിയതെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം പൊള്ളത്തരം തുറന്നു കാട്ടുന്നതായിരുന്നു അവരുടെ പ്രസംഗം. സൗകര്യമുള്ള സ്‌കൂളും ആശുപത്രിയും ഇല്ലാത്ത അമേത്തിയിൽ 15 വർഷമായി എംപിയായ രാഹുൽ കേരളത്തിൽ വന്ന് എവിടെ സ്‌കൂൾ, എവിടെ ആശുപത്രിയെന്ന് ചോദിക്കുന്നത് പരിഹാസ്യമാണെന്ന് പറഞ്ഞപ്പോൾ നിറഞ്ഞ സദസ്സിൽ നിർത്താതെ കരഘോഷം. ഇംഗീഷിലുള്ള പ്രസംഗത്തിൽ ഇടയ്ക്കിടയ്ക്ക് മുറി മലയാളവും ചേർന്നപ്പോൾ സദസ്സിനും ഹരം. ചിരിച്ചും ചിന്തിപ്പിച്ചുമാണ് പ്രസംഗം. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ഗഹനമായ വാക്കുകൾ. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും വിശദീകരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിടയിൽ വയോധികർ പ്രകടിപ്പിച്ച വിഷമം സുഭാഷണി അലി വിവരിച്ചു. ഉമ്മൻ ചാണ്ടി ഭരണത്തിൽ ക്ഷേമ പെൻഷൻ വാങ്ങാൻ ബാങ്കിൽ പോയാൽ നാളെ വരൂ, മറ്റന്നാൾ വരൂവെന്നായിരുന്നു മറുപടി. വല്ലാത്ത സാമ്പത്തിക പ്രയാസം എന്നായിരുന്നു അവരുടെ അവസ്ഥ. കുടിശ്ശികയും അത്രയായിരുന്നു. എൽഡിഎഫ് അധികാരത്തിൽ വന്നതോടെ പെൻഷൻ വീട്ടുപടിക്കലെത്തി. തുക വർധിപ്പിച്ചു. നേരാംവണ്ണം കിട്ടുന്നു. ശരിയല്ലേ എന്ന് പാടി ബെള്ളൂരിലെ പൊതുയോഗത്തിൽ ചോദിച്ചപ്പോൾ സദസ്സിലെ വയോധികർ തല കുലുക്കി സമ്മതിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പോയാൽ എ. കെ. ജി കവാടം കാണാം. എ. കെ. ജി മതനേതാവായിരുന്നില്ല. ക്ഷേത്രത്തിൽ ദളിതർക്കും പിന്നോക്കക്കാർക്കും പ്രവേശനം ലഭിക്കാൻ സമരം നടത്തിയത് എ. കെ. ജിയാണ്. അദ്ദേഹത്തിന്റെ കൈയും കാലും അടിച്ച് തകർത്തു സമര വിരുദ്ധർ. ക്ഷേത്രത്തിലെ മുഖ്യ നിവേദ്യം പഴമാണ്. ഇത് കൊണ്ടുവരുന്നത് തൃശൂരിലെ ഒരു കമ്യൂണിസ്റ്റുകാരന്റെ വീട്ടിൽ നിന്നാണ്.
ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പിൻപറ്റുന്ന ആർ.എസ്.എസ് പ്രാകൃത കാലത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്. വനിതാ മതിലിൽ പങ്കെടുത്ത അനുഭവങ്ങളുള്ളവരാണ് സദസ്സിലെ സ്ത്രീകൾ.
ബന്തിയോട്, പാടി ബെള്ളൂർ, ചോയോങ്കോട്, മാതമംഗലം എന്നിവിടങ്ങളിലാണ് ഞായറാഴ്ച സുഭാഷിണി അലി തെരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനം ചെയ്തത്. ബന്തിയോട്ട് അഡ്വ. ഷേഖ് ഹനീഫ അധ്യക്ഷനായി. എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി. വി രാജേഷ് എം.എൽ.എ, സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി. എച്ച് കുഞ്ഞമ്പു, ബി. വി രാജൻ, ഡോ. വി. പി പി മുസ്തഫ, കെ ആർ ജയാനന്ദ, കെ. എസ് ഫക്രുദ്ദീൻ, ടി കൃഷ്ണൻ, അബ്ദുറസാഖ് ചിപ്പാർ, അജിത് കുമാർ ആസാദ് എന്നിവർ സംസാരിച്ചു. ഗംഗാധര അടിയോടി സ്വാഗതം പറഞ്ഞു. പാടി ബെള്ളൂരിൽ അഡ്വ. സുരേഷ് ബാബു അധ്യക്ഷനായി. ചൊയ്യംകോട് സി. വി സുകേഷ് കുമാർ അധ്യക്ഷനായി. പി കരുണാകരൻ എം.പി, എം. വി ബാലകൃഷ്ണൻ, ടി. വി രാജേഷ് എംഎൽഎ, വി കെ രാജൻ, വി വി രമേശൻ, ടി കെ രവി, എം ലക്ഷ്മി, കെ എസ് കുര്യാക്കോസ്, രാഘവൻ കൂലേരി, ബങ്കളം കുഞ്ഞികൃഷ്ണൻ, എൻ പുഷ്പരാജൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു. പി.കരുണാകരൻ എംപിയുടെ വികസന നേട്ടം അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സിഡി സുഭാഷിണി അലി പ്രകാശനം ചെയ്തു. റെഡ് ലൈൻ കമ്യൂണിക്കേഷന് വേണ്ടി കെ വി ദാമോദരൻ, വിഷ്ണുദാസ് വെതിരമന എന്നിവരാണ് ഗാനങ്ങൾ രചിച്ചത്. ബാലസംഘം പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി.