മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. ആരോഹണമില്ലാതെ, അവരോഹണമില്ലാതെ, കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി. ബസ്സ് വരാനായി രവി കാത്തു കിടന്നു.. 1969 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ മാസ്റ്റർപീസായ ഖസാക്കിന്റെ ഇതിഹാസത്തിന് അരനൂറ്റാണ്ട്.
'കൂമൻകാവിൽ ബസ്സ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം'-എന്ന മാന്ത്രിക വരിയുടെ അവാച്യമായ സർഗസൗന്ദര്യത്തിന്റെ നിറവിലൂടെയാണ് ഒ.വി.വിജയന്റെ ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസം ആരംഭിക്കുന്നത്. നോവലിന്റെ അന്തർധാരയിലേക്ക് വായനക്കാരന്റെ ശ്രദ്ധയെ നയിക്കുന്ന ധ്വനിസാന്ദ്രമായ വരിയാണിത് എന്ന് പുസ്തകത്തെ അടുത്തറിഞ്ഞുള്ള വായനയിലൂടെ മാത്രമേ നമുക്ക് ബോധ്യപ്പെടുകയുള്ളൂ. പൂർവനിശ്ചയങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്നതാണ് മനുഷ്യജൻമങ്ങളുടെ കർമപരമ്പരകളെന്ന കഥയുടെ കാമ്പിലേക്കുള്ള സൂചന ആ വരികളിൽ ഒളിഞ്ഞിരിപ്പുണ്ട്. അത് ശ്രദ്ധിക്കാതെ കഥയിലേക്ക് കടക്കുന്നയാൾ തീർച്ചയായും കഥയറിയാതെ ആട്ടം കണ്ടതു പോലെയാകും.
ഖസാക്ക് എന്ന പാലക്കാടൻ കുഗ്രാമത്തിലെ (യഥാർഥത്തിൽ അത് തസ്രാക്ക് എന്ന ഗ്രാമമാണ്) ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കാനായി നായക കഥാപാത്രമായ രവി എത്തുന്നതോടെ ആരംഭിക്കുന്നതാണ് നോവലി ലെ കഥ. രവിയുടെ ഓർമകളിലൂടെയും ഗ്രാമത്തിലെ ഒരുപിടി ആളുകളുടെ വൈവിധ്യമാർന്ന ജീവിതങ്ങളിലൂടെയും കഥ വളർന്നു വികസിക്കുകയാണ്. മനുഷ്യജീവിതം കെട്ടുറപ്പുള്ളതാണെന്ന നമ്മുടെ സാഹിത്യത്തിലെ മുൻധാര ണകളെ കാറ്റിൽ പറത്തികൊണ്ടാണ് വിജയൻ ഖസാക്കിന്റെ കഥ പറയുന്നത്. കഥയെ ഐക്യരൂപമില്ലാത്ത ശ്ലഥചിത്രങ്ങളായാണ് അദ്ദേഹം നോവലിലെമ്പാടും കൊണ്ടു വരുന്നത്. പലപ്പോഴും പാലക്കാടിന്റെ പ്രാദേശിക ഭാഷത ന്നെ അദ്ദേഹം നോവലിൽ ഉപയോഗിക്കുന്നു. മലയാളത്തിലെ പരമ്പരാഗത ഭാഷാ സങ്കൽപ്പങ്ങൾക്കു മേൽ അതേൽപ്പിച്ച ആഘാതം ചില്ലറയല്ല. തന്റെ പ്രഥമ നോവലിൽ തന്നെ അത്തരം ഒരു പരീക്ഷണത്തിന് വിജയൻ മുതിർന്നു എന്നത് കൃശഗാത്രനായ അദ്ദേഹത്തിന്റെ മനസിൽ കരുത്തുള്ള ഒരു ധിക്കാരി ഉണ്ട് എന്നതിന് തെളിവായിരുന്നു.
വിജയന്റെ സാഹസികമായ അത്തരം ഉദ്യമങ്ങളാണ് ഖസാക്കിന്റെ ഇതി ഹാസത്തെ എന്നും വേറിട്ട വഴിയിൽ ചലിപ്പിച്ചതും മലയാള നോവൽ സാഹി ത്യത്തിലെ ഉജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാക്കി മാറ്റിയതും. സംഭവബഹുലമായിരുന്നു രവിയുടെ ഖസാക്ക് ജീവിതം. അതിനിടയിൽ അദ്ദേഹം ഇടപഴകുന്ന ഒരു പിടി ഗ്രാമീണർ. ശിവരാമൻ നായരും, മാധവൻ നായരും, അല്ലാപിച്ചമൊല്ലാക്കയും തിത്തിബിയുമ്മയും മൈമുനയും ഖാലിയാരും ചാന്തുമ്മയും അപ്പുക്കിളിയും കുഞ്ഞാമിനയും ആബിദയും കുപ്പുവച്ചനും പി ന്നെ പലരും. ഗ്രാമത്തെ ഒരുമയോടെ നിർത്തുന്ന മതസൗഹാർദ്ദം, കടുത്ത വേനലും വരൾച്ചയും, വെള്ളക്ഷാമം, ഗ്രാമത്തെ വിഴുങ്ങുന്ന വസൂരിയുടെ വരവ്, സർവ്വവും തകർത്തെറിഞ്ഞ കനത്ത മഴ, വേണ്ടപ്പെട്ട പലരുടെയും മരണം എന്നിവയ്‌ക്കൊക്കെ നിസ്സംഗനായി ദൃക്‌സാക്ഷിയാകുന്നുണ്ട്, രവി. ഇടയിൽ കയറി വരുന്ന രവിയുടെ പഴയ കാമുകി പത്മ. രവിയെ പോലെ ബുദ്ധിജീവിയായ ഒരാൾ ഈ കുഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിൽ കഴിയേണ്ടവനല്ല എന്ന് തിരിച്ചറിയുന്ന പത്മ അയാളെ അമേരിക്കയിലേക്ക് ക്ഷ ണിക്കുന്നു. പക്ഷെ, ആ ക്ഷണത്തിന് രവിയുടെ പ്രതികരണം നിർവികാരത നിറഞ്ഞതായിരുന്നു.
രവിയുടെ സ്വഭാവം, ഭാവാധികൾ, ജീവിതം, പെരുമാറ്റം, പ്രതികരണങ്ങൾ എന്നിവ മലയാള നോവലിലെ അപരിചിതമായ അനുഭവ മേഖലകളുടെ ആഴങ്ങളിലേക്കാണ് വായനക്കാരെ എടുത്തെറിഞ്ഞത്. അന്നുവരെയുള്ള നായക കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനായിട്ടായിരുന്നു രവിയുടെ അവതരണം. മര്യാദരാമൻമാരായ സ്റ്റീരിയോ ടൈപ്പ് നായകൻമാർ മല യാള കഥകളിൽ ഏറെക്കുറേ നിർജീവമായി നിലകൊണ്ട്, കഥയെ പുതുമ നഷ്ടപ്പെട്ട ഒരു സാഹിത്യ രൂപമാക്കി തീർത്ത അക്കാലത്താണ് വ്യതിയാനത്തി ന്റെ മൂർത്തരൂപമായി രവിയും രവിയിലൂടെ ഖസാക്കിനെയും വിജയൻ മലയാളിക്ക് പരിചയപ്പെടുത്തുന്നത്. അത് വലിയൊരു മാറ്റത്തിന് വഴി മരുന്നിട്ടു.
ഏറെ ദിവസങ്ങളുടെ ഖസാക്ക് വാസത്തിനൊടുവിൽ രവി, ഖസാക്ക് വിടാൻ ഒരുങ്ങുകയാണ്. വളരെ നാളുകൾക്ക് മുമ്പ് ബസ്സിറങ്ങിയ അതേ കൂമൻകാവിൽ അയാളെത്തി. ബസ്സു വരാൻ ഇനിയും നേരമുണ്ട്. അതിനിടയിൽ അവിടെ കിടന്ന മൺകട്ടകൾ അയാൾ കാലുകൊണ്ട് ഇളക്കി മാറ്റി. അവയ്ക്കിടയിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പ് അയാളുടെ കാൽപ്പത്തിയിൽ കടിച്ചു(രവി പാമ്പിന്റെ കടി സ്വയം ഏറ്റുവാങ്ങുകയായിരുന്നു) തുടർന്നുള്ള ഏറ്റവും സ്‌ഫോടനാത്മകമായ ഒരു രംഗത്തോടു കൂടി വിജയൻ ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ അവസാനിപ്പിക്കുന്നത് നോക്കുക-
മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. ആരോഹണമില്ലാതെ, അവരോഹണമില്ലാതെ, കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പ ർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി. ബസ്സ് വരാനായി രവി കാത്തു കിടന്നു.
ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയുടെ ആദ്യവായനയും അലസ വായനയും വായനക്കാരെ അലോസരപ്പെടുത്തുകയേ ഉള്ളൂ. അതായത് ആവ ർത്തിച്ചുള്ള ഗൗരവ വായനയിൽ മാത്രം തെളിയുന്ന ഒരു പിടി ബിംബങ്ങളുടെയും മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പ്രാദേശിക ചരിത്രങ്ങളുടെയും പ്രകൃതിയെ ആശ്രയിക്കുന്ന മനുഷ്യരുടെയും മിഴിവും സൗന്ദര്യവുമാണ് ഈ നോവലിനെ സത്യത്തിൽ ആകർഷണീയമാക്കുന്നതും അടുത്തറിയാൻ സജ്ജമാക്കുന്നതും. ആഴമുള്ള വായനയിലൂടെ ആർജിച്ച ബൗദ്ധികമായ ഉണർവിന്റെ ഊർജ പരിസരത്ത് നിന്നു കൊണ്ട് സമീപിച്ചാൽ മാത്രമെ ഖസാക്കിന്റെ ഇതിഹാസത്തെ അതിന്റെ തനിമയിൽ ഉൾക്കൊള്ളാൻ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. അനേകം വ്യാഖ്യാനങ്ങളുടെ സാധ്യതകൾ തുറന്നിടുന്ന പ ലതരം തലങ്ങളുടെ സമൃദ്ധികൊണ്ട് സമ്പന്നമാണ് ഈ കൃതി. 'ഡൈമൻഷൻ ഉള്ള നോവൽ-വിശാലതയേറിയ നോവൽ-എന്നു പറയാറില്ലേ? അങ്ങനെ യുള്ള ഒരു നോവലാണ് ഖസാക്കിന്റെ ഇതിഹാസം' എന്ന എം.കൃഷ്ണൻ നായരുടെ പരാമർശത്തിന്റെ സാംഗത്യമതാണ്(വിജയന്റെ മാസ്റ്റർപീസ് എന്ന ലേഖനം)
മലയാളത്തിൽ ആധുനികതയുടെ കനലൊളി മിന്നിത്തെളിയുന്നതിന്റെ നാന്ദി കുറിക്കലായി ഖസാക്കിന്റെ വരവിനെ സാഹിത്യ പണ്ഡിതർ കാണുക യും പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്യൻ സാഹിത്യ ലോകത്ത് ആധുനികതയുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെട്ട കാഫ്കയുടെ മലയാളത്തിലെ പിൻഗാമിയായി പോലും പലരും വിജയനെ കണ്ടു. ആധുനിക മലയാള സാ ഹിത്യത്തിലെ ഏറ്റവും വലിയ അസ്തിത്വവാദിയും നിരർഥവാദിയും അശുഭ പ്രതീക്ഷകനും പരിഹാസിയും മനുഷ്യസ്‌നേഹിയും നിസ്സഹായനും രവി ത ന്നെ എന്ന കെ.പി.നിർമൽകുമാറിന്റെ വിലയിരുത്തലിൽ അതിന്റെ സൂചനയാ ണുള്ളത് (നോവലിന്റെ പുതിയ മുഖം എന്ന ലേഖനം)
കൂമൻകാവിലേക്ക് ബസ്സിൽ ചെന്നിറങ്ങിയ രവി, ഒരർഥത്തിൽ മലയാള സാഹിത്യത്തിലെ ആധുനികതയുടെ ആദ്യ പാദസ്പർശമാണ് നിർവഹിച്ചത്. ആദർശധീരരും ആദരണീയരും മാത്രം അരങ്ങുവാഴുന്ന മലയാള നോവൽ സാഹിത്യത്തിലെ അന്നുവരെയുള്ള നായക സങ്കൽപ്പങ്ങളെ ഞെട്ടിച്ചും അട്ടി മറിച്ചും കൊണ്ടാണ് വിജയന്റെ നവനായകൻ, രവിയുടെ കടന്നു വരവ്. മനു ഷ്യന്റെ എല്ലാ ബലഹീനതകളും കൈയാളിയ നായകനായിരുന്നു, രവി. ഹിപ്പോക്രാറ്റിക്കുകളായ നായകൻമാരെ കണ്ട് തഴമ്പിച്ച കണ്ണുകളുള്ള സാമൂഹ്യ- സദാചാര സംരക്ഷണത്തിന്റെ മൊത്ത കുത്തകക്കാരായ അപ്പോസ്തലൻമാർ അതിൽ വിറളി പൂണ്ടു. അവസരത്തിലും അനവസരത്തിലും അവർ നോവലിനെതിരെ ശബ്ദമുയർത്തി. എന്നിട്ടും ഖസാക്കിന്റെ ഖ്യാതി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല എന്നു മാത്രം. ഈ 50 വർഷങ്ങളിലും അത് ഒളിമങ്ങാതെ നിൽക്കുന്നു എന്നത് ആ നോവൽ ഉൾക്കൊള്ളുന്ന സവിശേഷ സ്വത്വത്തിന്റെ സ്വാധീന ശക്തിയാണ് അടയാളപ്പെടുത്തുന്നത്.
മലയാള നോവൽ സാഹിത്യത്തിലെ നിത്യവിസ്മയം എന്ന് 50 വർഷ ങ്ങൾക്കിപ്പുറവും സംശയലേശമന്യേ ഖസാക്കിന്റെ ഇതിഹാസത്തെ വിശേഷി പ്പിക്കാം. നൂറുക്കണക്കിന് നിരൂപണങ്ങളും വിമർശനങ്ങളും ആസ്വാദനങ്ങളും പഠനങ്ങളും ലേഖനങ്ങളുമാണ് ഖസാക്കിനെ കുറിച്ച് മലയാളത്തിൽ മാത്രം ഇതേവരെ ഉണ്ടായത്. കൂടാതെ ഗവേഷണ പ്രബന്ധങ്ങളും നാടകവും വേ റെ. ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിലും കൂടാതെ ജർമൻ, ഫ്രഞ്ച്, ഇംഗ്ലീഷ (ഇംഗ്ലീഷ് തർജമ നിർവഹിച്ചത് വിജയൻ തന്നെയായിരുന്നു. 1994-ൽ ലെജന്റ്‌സ് ഓഫ് ഖസാക്ക് എന്ന പേരിലാണ് പെൻഗ്വിൻ ബുക്‌സ് അത് പുറ ത്തിറക്കിയത്) തുടങ്ങിയ ഭാഷകളിലും നോവലിന് വിവർത്തനങ്ങൾ ഉണ്ടായി. ഓടക്കുഴൽ അവാർഡ്, മുട്ടത്തു വർക്കി അവാർഡ് തുടങ്ങി ഒരുപിടി പുരസ് കാരങ്ങളും പ്രസ്തുത നോവലിന് ലഭിച്ചു.
ഇങ്ങനെ ഒരുപാട് അംഗീകാരങ്ങളാൽ ആദരിക്കപ്പെടുമ്പൊഴും മറുവശ ത്ത് പലവിധ അപഖ്യാതികളിലൂടെ ഖസാക്കിന്റെ ഇതിഹാസത്തെ തഴയാനും തമസ്‌കരിക്കാനും ശ്രമങ്ങളുമുണ്ടായി. പക്ഷെ, അതിനെയെല്ലാം അതിജീവി ക്കാനുള്ള കരുത്തു നൽകി കാലം കനിവോടെ കാത്തുവെച്ചു, ആ നോവലി നെ. അത് വെറും യാദൃച്ഛികമായിരുന്നില്ല. മറിച്ച്, ആ നോവൽ ഉൾക്കൊണ്ട കാലികവും വ്യതിരിക്തവുമായ പ്രമേയത്തിന്റെ ശക്തി ചൈതന്യം അതിന് പിൻബലമേകി എന്നതാണ് യാഥാർഥ്യം. ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തിലെ അവഗണിക്കാനാവാത്ത അനിവാര്യതയായി മാറുകയായി രുന്നു. ഒപ്പം മലയാളത്തിൽ നിന്നും ലോകനിലവാരത്തിലേക്ക് ഉയർന്നു നി ൽക്കുന്ന നോവൽ എന്ന അർഹതയും അത് നേടിയെടുത്തു.
ഖസാക്കിന്റെ ഇതിഹാസം പതുക്കെ മലയാള നോവൽ സാഹിത്യ ചരി ത്രത്തിലെ ഏറ്റവും വലിയ ക്ലാസിക്കുകളിൽ ഒന്നായി മാറുകയായിരുന്നു. മല യാളത്തിലെ ബെസ്റ്റ് സെല്ലർ നോവലുകളിൽ ഒന്ന് എന്ന ഖ്യാതിയും അതിനു ണ്ട്. നൂറിനടുത്ത് പതിപ്പുകൾ ഇതിനോടകം പുസ്തകത്തിന് വന്നു കഴിഞ്ഞു. നമ്മുടെ സാഹിത്യത്തിലും ഭാഷയിലും പ്രമേയത്തിലും അതു കൊണ്ടു വന്ന പു തുപുത്തൻ ലാവണ്യാനുഭൂതിയും സൗന്ദര്യ സങ്കൽപ്പങ്ങളും വളരെ വലു താണ്. മലയാളഭാഷയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞ ഏറ്റവും വലിയ ഔന്നി ത്യം ഇതിഹാസത്തിലെ വിജയന്റെ ഭാഷയാണ് എന്ന് കൃത്യമായും നിരൂപക നായ വി.സി. ശ്രീജൻ വിലയിരുത്തുകയുണ്ടായി. വിജയൻ തന്റെ ആദ്യനോവ ലൂടെ മലയാള സാഹിത്യത്തിന്റെ അതിർവരമ്പുകളെ പൊളിച്ചടുക്കി പുതുക്കി പണിയുക എന്ന മഹാത്ഭുതം സൃഷ്ടിക്കുകയായിരുന്നു. നമ്മുടെ സാഹിത്യ ചരിത്രത്തിൽ ഖസാക്കിന് മുമ്പും അതിന് ശേഷവും എന്ന വർഗീകരണം വരെ ഉണ്ടായി എന്നത് ആ നോവൽ കൊണ്ടു വന്ന പുത്തൻ ഭാവുകത്വ മേൽ ക്കോയ്മയ്ക്ക് ഉദാഹരണമാണ്.
'ഖസാക്കിന്റെ ഇതിഹാസം ഭാവഗീതം പോലെ മനോഹരമാണ്...ബാല്യ കാല സഖിക്ക് ശേഷം മലയാള സാഹിത്യത്തിലാവിർഭവിച്ച സുപ്രധാനമായ നോവലാണ്' എന്ന് വിശേഷിപ്പിച്ചത് പ്രസിദ്ധ നിരൂപകനായ എം. കൃഷ്ണൻ നായരായിരുന്നു (വിജയന്റെ മാസ്റ്റർ പീസ് എന്ന ലേഖനം).'1969-ൽ പുറത്തു വന്ന ഖസാക്കിന്റെ ഇതിഹാസത്തെ മറികടക്കാൻ ഇതുവരെയും മലയാളത്തി ലെ ഒരു എഴുത്തുകാരനും കഴിഞ്ഞിട്ടില്ല. ആഖ്യാനകൗശലം, ഭാഷാനിർമിതി, നോവലിനുള്ളിലെ ദേശനിർമാണം എന്നിവയിലൂടെ ആദരിക്കപ്പെടുന്ന ഒരു നോവലാണ് ഖസാക്കിന്റെ ഇതിഹാസം' എന്നാണ് ബാലചന്ദ്രൻ വടക്കേടത്ത് അതിനെ അടയാളപ്പെടുത്തിയത്(നാഗരികതയിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന ലേഖനം)
1984-ൽ ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ചു മാത്രം പ്രതിപാദിച്ചു കൊണ്ട് ആത്മായനങ്ങളുടെ ഖസാക്ക് എന്ന പേരിൽ പ്രമുഖ നിരൂപകനായ എം.കെ.ഹരികുമാർ ബൃഹത്തായ ഒരു പഠനഗ്രന്ഥം തന്നെ പുറത്തിറക്കി. 'ഖ സാക്കിന്റെ ഇതിഹാസം സൂക്ഷ്മാർഥത്തിൽ ചരിത്രത്തേയും മതത്തേയും നര വംശശാസ്ത്രത്തേയും വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്' എ ന്നദ്ദേഹം അതിൽ വിലയിരുത്തി. 'ഖസാക്കിന് മീതെ മലയാള സാഹിത്യം പ റന്നിട്ടില്ല' എന്നായിരുന്നു വി.സി.ശ്രീജന്റെ ശ്രദ്ധേയമായ നിരീക്ഷണം (മലയാളി എഴുത്തുകാർക്ക് ഒട്ടും സഹിഷ്ണുതയില്ല എന്ന താഹ മാടായിയുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖം).
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 1968 ജനുവരി 28 ന് ഖണ്ഡശഃ പ്രസിദ്ധീക രണം തുടങ്ങിയ ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ 28 അധ്യായങ്ങളി ലൂടെ വളർന്ന് ഓഗസ്ത് 4ന് അവസാനിക്കുകയായിരുന്നു. പ്രസിദ്ധ ചിത്രകാരനായ എ.എസ്, നോവലിലെ കഥാസന്ദർഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ വരച്ച ചിത്രങ്ങൾ അതിനെ മികവുറ്റതാക്കി. 1969-ൽ പുസ്തകമായി ഇറങ്ങിയ നോവൽ ഇന്ന് അരനൂറ്റാണ്ടിന്റെ നിറവിൽ നിറഞ്ഞു പൊലി ഞ്ഞു നിൽക്കുകയാണ്-മലയാള സാഹിത്യത്തിലെ തന്നെ വലിയൊരു ഇതിഹാസമായി!