കണ്ണൂർ - മതത്തിന്റെയും മത വിശ്വാസത്തിന്റെയും പേരിൽ വോട്ടു തേടരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കെ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കണ്ണൂരിൽ നടത്തിയ വോട്ടഭ്യർഥന വിവാദമാവുന്നു. പിണറായി സർക്കാരിന്റെ പ്രവൃത്തിക്കു വോട്ടു ചെയ്തില്ലെങ്കിൽ ദൈവം പൊറുക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. നിരീശ്വര വാദിയെന്നു പറയുന്ന ആളാണ് ദൈവത്തിന്റെ പേരിൽ ഇത്തരം പ്രസംഗം നടത്തിയതെന്നതാണ് വിരോധാഭാസം.
കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇടതു സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കടകംപള്ളി വിവാദ പ്രസംഗം നടത്തിയത്. ക്ഷേമ പെൻഷൻ 600 രൂപയിൽ നിന്നും 1200 രൂപയാക്കി മാറ്റി കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി സർക്കാരിനു വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്നായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രസംഗം.
ക്ഷേമ പെൻഷൻ ഇപ്പോൾ 1200 രൂപയാക്കിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലും മിനിമം രണ്ടായിരത്തിൽ അധികം വരുന്ന പെൻഷൻകാരുണ്ട്. അവർ നല്ല മനസ്സുള്ളവരും കുറച്ചൊക്കെ ദൈവ ഭയമുള്ളവരുമാണ്. ഈ പൈസ മേടിച്ചിട്ട് വോട്ടു ചെയ്തില്ലെങ്കിൽ ഇതെല്ലാം കണ്ടു കൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട്. നിശ്ചയമായും ചോദിച്ചിരിക്കും എന്ന് അവരോട് പറയണം. നമ്മൾ പറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സും ബി.ജെ.പിയും പോയി എന്തെങ്കിലും പറഞ്ഞ് അവരെ പറ്റിക്കും എന്നായിരുന്നു മന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന വാക്കുകൾ.
മതത്തിന്റെ പേരിൽ വോട്ടുപിടിക്കരുതെന്ന പോലെ തന്നെ സർക്കാർ ചെയ്ത പ്രവൃത്തിയുടെ പേരിൽ മന്ത്രി നേരിട്ട് വോട്ടഭ്യർഥിക്കുന്നത് തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘനം കൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ തെരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ മന്ത്രി ഇത്തരത്തിൽ പ്രസംഗിച്ചിട്ടുണ്ട്.
സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ മന്ത്രി നിരീശ്വരവാദിയായാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും ദേവസ്വം മന്ത്രിയെന്ന നിലയിൽ നേരത്തെ പല ക്ഷേത്രങ്ങളിലും സന്ദർശനം നടത്തുകയും പ്രാർഥിക്കുകയും മറ്റും ചെയ്തതിന്റെ പേരിൽ പാർട്ടി ശാസനക്കു വിധേയനായ ആളാണ്. കണ്ണൂരു പോലെ രാഷ്ട്രീയമായി ഏറെ പ്രബുദ്ധയുള്ള ഒരു ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിലാണ് മന്ത്രി ഇത്തരം പ്രസംഗം നടത്തിയതെന്നതും വരും ദിവസങ്ങളിൽ ചൂടുള്ള ചർച്ചക്കു വഴിവെക്കാനിടയുണ്ട്.