കോട്ടയം- കേരളത്തിലെ ആദ്യ ദുരഭിമാന കൊലയായി പരിഗണിക്കപ്പെടുന്ന കെവിന്‍ വധക്കേസില്‍ വിചാരണ 24 ന് ആരംഭിക്കും. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്തും.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് കേസ് പരിഗണിച്ച കോടതിയില്‍ പിഴവുകള്‍ തിരുത്തിയ കുറ്റപത്രം പ്രതികളെ വീണ്ടും വായിച്ചു കേള്‍പ്പിച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍, നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. നീനുവിന്റെ പിതാവ് ചാക്കോ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.