അബഹ- അനധികൃത താമസക്കാരായ എത്യോപ്യക്കാരെ ദക്ഷിണ സൗദിയില്‍ നിന്ന് റിയാദിലേക്ക് കടത്താനുള്ള ശ്രമം അസീര്‍ പ്രവിശ്യയിലെ ചെക്ക് പോസ്റ്റില്‍ ഹൈവേ പോലീസ് പരാജയപ്പെടുത്തി. മിനറല്‍ വാട്ടര്‍ കമ്പനിക്കു കീഴിലെ ലോറിയിലാണ് പാക്കിസ്ഥാനി ഡ്രൈവര്‍ 21 എത്യോപ്യക്കാരെ കടത്താന്‍ ശ്രമിച്ചത്. ലോറിയില്‍ കൂട്ടിയിട്ട മര സ്റ്റാന്റുകള്‍ക്ക് പിന്നില്‍ ഒളിച്ചാണ് ആഫ്രിക്കക്കാര്‍ യാത്ര ചെയ്തിരുന്നത്. ചെക്ക് പോസ്റ്റില്‍ വെച്ച് സംശയം തോന്നി പോലീസുകാര്‍ ലോറി വിശദമായി പരിശോധിച്ചപ്പോഴാണ് പിന്‍വശത്ത് ഒളിച്ച് യാത്ര ചെയ്തിരുന്ന നിയമ ലംഘകരെ കണ്ടെത്തിയത്. ഒരാള്‍ക്ക് 1,500 റിയാല്‍ തോതില്‍ നിരക്ക് നിശ്ചയിച്ചാണ് പാക്കിസ്ഥാനി തങ്ങളെ ജിസാനില്‍ നിന്ന് റിയാദിലേക്ക് കടത്താന്‍ സന്നദ്ധനായതെന്ന് എത്യോപ്യക്കാര്‍ പറഞ്ഞു. പാക്കിസ്ഥാനിയുടെ പക്കല്‍ 20,600 റിയാല്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി പാക്കിസ്ഥാനിയെയും നിയമ ലംഘകരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.