മക്ക - വിശുദ്ധ ഹറമിലെ സ്‌ക്രീനുകളിലെ മാർഗനിർദേശ സന്ദേശങ്ങൾ അഞ്ചു ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കും സന്ദർശകർക്കും പ്രയോജനപ്പെടുന്നതിന് അറബിയിലുള്ള സന്ദേശങ്ങൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, മാലി, പേർഷ്യൻ ഭാഷകളിലേക്കാണ് വിവർത്തനം ചെയ്തിരിക്കുന്നത്. കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റ്, കിംഗ് ഫഹദ് എസ്‌കലേറ്റർ എന്നിവക്കു സമീപമുള്ള സ്‌ക്രീനുകളിലെ ബോധവൽക്കരണ, മാർഗനിർദേശ ഉള്ളടക്കങ്ങളാണ് അഞ്ചു ഭാഷകളിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നതെന്ന് വിശുദ്ധ ഹറമിലെ ഭാഷാ, വിവർത്തന വിഭാഗം മേധാവി അഹ്മദ് അൽഹുമൈദി പറഞ്ഞു.
വിശുദ്ധ ഹറമിലെ ജുമുഅ ഖുതുബകളും മതപഠന ക്ലാസുകളും അറഫ ഖുതുബയും തത്സമയം വിവർത്തനം ചെയ്യുന്നുണ്ട്. എഫ്.എം ഫ്രീക്വൻസി വേവുകൾ വഴിയാണ് ഖുതുബകളും മതപഠന ക്ലാസുകളും തത്സമയം വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത് സംപ്രേക്ഷണം ചെയ്യുന്നത്. ഈ സേവനം എളുപ്പത്തിൽ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതിന് തീർഥാടകർക്കും സന്ദർശകർക്കുമിടയിൽ സൗജന്യ ഇയർ ഫോണുകൾ ഹറംകാര്യ വകുപ്പിലെ ഗൈഡൻസ് വിഭാഗം വിതരണം ചെയ്യുന്നുണ്ട്.