Sorry, you need to enable JavaScript to visit this website.

നൈജീരിയക്കാരിക്ക് വധശിക്ഷ: നിയമ  നടപടികളെല്ലാം പാലിച്ചു - സൗദി എംബസി

റിയാദ് - മയക്കുമരുന്ന് കടത്ത് കേസ് പ്രതിയായ നൈജീരിയക്കാരിക്ക് ദിവസങ്ങൾക്കു മുമ്പ് വധശിക്ഷ നടപ്പാക്കിയത് നിയമ നടപടികളെല്ലാം പൂർണമായും പാലിച്ചാണെന്ന് നൈജീരിയയിലെ സൗദി എംബസി പ്രസ്താവനയിൽ പറഞ്ഞു. നൈജീരിയക്കാരിക്ക് വധശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വിദേശ, പ്രവാസി കാര്യങ്ങൾക്കുള്ള പ്രസിഡന്റിന്റെ അസിസ്റ്റന്റ് അബിക് ദബിരി എരേവ നടത്തിയ പ്രസ്താവനക്ക് മറുപടിയായാണ് നിയമാനുസൃതമായ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ് പ്രതിക്ക് ശിക്ഷ നടപ്പാക്കിയതെന്ന് അബൂജയിലെ സൗദി എംബസി വ്യക്തമാക്കിയത്. 
സൗദിയിലെ കോടതികളിൽ വിചാരണ ചെയ്യപ്പെടുന്ന മുഴുവൻ പ്രതികളെയും കേസ് വാദിക്കുന്നതിന് അഭിഭാഷകരുടെ സഹായം തേടുന്നതിന് അനുവദിക്കുന്നുണ്ട്. 
അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതിന് സാമ്പത്തിക ശേഷിയില്ലാത്തവരുടെ കേസുകൾ വാദിക്കുന്നതിന് സർക്കാർ ചെലവിൽ അഭിഭാഷകരെ നിയോഗിക്കുന്നുണ്ട്. നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന മുഴുവൻ അവകാശങ്ങളും ഉറപ്പുവരുത്തിയാണ് സൗദിയിൽ വധശിക്ഷക്ക് വിധേയരാക്കുന്ന മുഴുവൻ പ്രതികളുടെയും വിചാരണ പൂർത്തിയാക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളാണ് രാജ്യത്തുള്ളത്. 
കുറ്റകൃത്യം സംശയാതീതമായി സ്ഥിരീകരിക്കുന്ന, നിയമപരമായ മുഴുവൻ തെളിവുകളുമില്ലാതെ സൗദിയിൽ ആർക്കും വധശിക്ഷ നടപ്പാക്കില്ല. നീതിന്യായ സംവിധാനത്തിന്റെ പല ഘട്ടങ്ങൾ കടന്നാണ് പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയാതീതമായി തെളിഞ്ഞ് ശിക്ഷകൾ വിധിക്കുന്നത്. വിദേശികളായ പ്രതികളുടെ വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങൾ സൗദി വിദേശ മന്ത്രാലയം രാജ്യത്തെ എംബസികളെയും കോൺസുലേറ്റുകളെയും പതിവായി അറിയിക്കുന്നുണ്ട്. നൈജീരിയക്കാരിക്ക് വധശിക്ഷ നടപ്പാക്കുന്നതിലേക്ക് നയിച്ച കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും റിയാദിലെ നൈജീരിയൻ എംബസിക്കും ജിദ്ദയിലെ കോൺസുലേറ്റിനും നൽകിയിട്ടുണ്ട്. അന്വേഷണ, വിചാരണ ഘട്ടങ്ങളിൽ കഴിയുന്ന തങ്ങളുടെ നാട്ടുകാരായ പ്രതികളെ സന്ദർശിക്കുന്നതിന് എംബസി, കോൺസുലേറ്റ് ജീവനക്കാരെ അനുവദിക്കുന്നുണ്ടെന്നും അബൂജ സൗദി എംബസി പ്രസ്താവനയിൽ പറഞ്ഞു. 

 

Latest News