Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ ശൈഥില്യം ആപൽക്കരം 

ശിഥിലമായ പ്രതിപക്ഷമാണ്, ഹിന്ദുത്വവൽക്കരണം അജണ്ടയാക്കിയ സ്വന്തം മുന്നണിയുടെ ശക്തിയേക്കാൾ നരേന്ദ്ര മോഡിക്ക് ഇക്കുറി വിജയ പ്രതീക്ഷ നൽകുന്നതെന്നു വേണം കരുതാൻ. ബി.ജെ.പി സർക്കാരിനെതിരെ പ്രാദേശിക ദേശീയ പാർട്ടികളുടെ ഐക്യനിരയുണ്ടാക്കാൻ ദേശീയ തലത്തിൽ ധാരണയിലെത്തിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിനും ഇടതുപക്ഷത്തിനുമിടയിൽ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പൊടുന്നനെയുണ്ടായ അസ്വാരസ്യം ബി.ജെ.പിക്ക് വലിയൊരായുധമാവുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാർട്ടിയുടെ ദേശീയ നേതാവിനെ ആക്രമിക്കുവാൻ നിർബന്ധിതമായ കേരളത്തിലെ ഇടതുപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ തന്നെയാണ് ബി.ജെ.പി നേതാക്കളും ഉന്നയിക്കുന്നതെന്നതാണ് വൈപരീത്യം.
ബി.ജെ.പിയെ പേടിച്ച് അമേത്തിയിൽനിന്ന് കേരളത്തിലേക്ക് ഒളിച്ചോടുകയാണ് രാഹുൽ ഗാന്ധിയെന്ന ബി.ജെ.പിയുടെ പരിഹാസം തന്നെയാണ് ഇടതുപക്ഷ പാർട്ടികളും കൂടുതൽ ശക്തിയോടെ ആവർത്തിക്കുന്നത്. നരേന്ദ്ര മോഡിക്കെതിരെ ദേശീയ തലത്തിൽ പ്രചാരണം നടത്തുന്ന ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനെതിരെ ബി.ജെ.പിയും ഇടതുപക്ഷവും ഒരേ സ്വരത്തിൽ സംസാരിക്കുന്നതിലെ ഈ വൈരുധ്യം ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയിലേക്കെന്നതിനേക്കാൾ സത്യസന്ധതയില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ തെരഞ്ഞെടുപ്പു സഖ്യം ഇല്ലെന്നിരിക്കേ കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള സമ്പൂർണാവകാശം ആ പാർട്ടിക്കാണെന്ന യാഥാർത്ഥ്യം ഇടതുപക്ഷവും, ഇടതുപക്ഷവുമായുള്ള മത്സരം കേരളത്തിൽ ഒഴിവാക്കേണ്ടതായിരുന്നുവെന്ന സാമാന്യ മര്യാദ കോൺഗ്രസും വിസ്മരിച്ചുവെന്നതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ, കോൺഗ്രസിന്റെ ഉത്തരേന്ത്യയിലെ എം.പിമാരെപ്പോലെ ബി.ജെ.പിക്ക് വിലക്കെടുക്കാനാവുന്നവരല്ലെന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഓർമിക്കണമായിരുന്നു.
സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടക്കെതിരെ കണിശ നിലപാടുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസും ഇടതുപക്ഷവും പരസ്പരം ഇടയുന്നത് മതേതര ജനാധിപത്യ വിശ്വാസികളെ ആശങ്കാകുലരാക്കുന്നതിന്റെ പൊതു സാഹചര്യമിതാണ്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കോൺഗ്രസിനെ മാറ്റിനിർത്തി മതേതര മുന്നണിയുണ്ടാക്കാൻ ഇടതുപക്ഷം ശ്രമിക്കുമെന്ന വാർത്ത പ്രത്യക്ഷപ്പെടുന്നത്. അത് ശരിയാണെങ്കിൽ, മോഡിക്കെതിരായ മതേതരജനാധിപത്യ പാർട്ടികളുടെ ഒരു സഖ്യം ഇന്ത്യയിൽ അസാധ്യമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുക. സംഘപരിവാര ശക്തികളെ എതിർക്കുന്നവർ തന്നെ അതിന്റെ പരോക്ഷ സഹായികളായി മാറുന്ന വിചിത്ര കാഴ്ചയാണത്. ബി.ജെ.പിയെ നേരിടുവാൻ പ്രതിപക്ഷം ഇനിയും സജ്ജമായിട്ടില്ലെന്ന ഖേദകരമായ അവസ്ഥയാണിത്.
അമേത്തിക്ക് പുറമെ ദക്ഷിണേന്ത്യയിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന നിർദേശം ആദ്യം ഉന്നയിച്ചത് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയാണെന്ന വാർത്ത ശരിയാണെങ്കിലും അല്ലെങ്കിലും കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷന് അമേത്തിയോടൊപ്പം, സുരക്ഷിതമായ കേരളത്തിലെ ഒരു മണ്ഡലം കൂടി തെരഞ്ഞെടുക്കുവാനുള്ള അവകാശം ആ പാർട്ടിക്ക് അനുവദിച്ചുകൊടുക്കുകയാണ് ജനാധിപത്യ മര്യാദ. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷവും കോൺഗ്രസും തമ്മിലാണ് മത്സരമെന്നിരിക്കേ, കോൺഗ്രസ് ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ഇടതുപക്ഷത്തിന് വിജയ സാദ്ധ്യത കമ്മിയായ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് മത്സരിക്കുന്നതിനെ എന്തിന് സി.പി.എം പേടിക്കണമെന്ന ചോദ്യവും അവഗണിക്കാവുന്നതല്ല.
സി.പി.എമ്മിന് വമ്പിച്ച സ്വാധീനമുള്ള കേരളത്തിലെന്നല്ല, ആ പാർട്ടിയുടെ നിലനിൽപു തന്നെ അപകടത്തിലായ ബംഗാളിൽ പോലും കോൺഗ്രസുമായി സഖ്യമില്ലെന്നിരിക്കേ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെതിരെ ഇടതുപക്ഷം അസഹിഷ്ണുത കാണിക്കുന്നതിലും അർത്ഥമൊന്നുമില്ല. ഇടതുപക്ഷത്തിനെതിരെയുള്ള ഒരു മത്സരമായി അതിനെ സി.പി.എം കാണരുതായിരുന്നു. മോഡിക്ക് ബദലായി രാജ്യത്തുയർന്നുവരേണ്ട ജനാധിപത്യ പാർട്ടികളുടെ സഖ്യത്തിന് നേതൃത്വം നൽകുന്ന ഒരു പാർട്ടിയെയും അതിന്റെ നേതാവിനെയും ആക്രമിച്ചുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താനാവുമോ എന്ന രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യവും പ്രസക്തമാണ്. വാസ്തവത്തിൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ വൈരുധ്യം അപരിഹാര്യമാണെന്ന വസ്തുതയാണ് ഈ വിവാദം മറനീക്കിക്കാണിക്കുന്നത്.
ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വമെന്ന വാദം അംഗീകരിച്ചാലും, കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷവും കോൺഗ്രസുമാണ് മുഖ്യ എതിരാളികളെന്ന വാസ്തവം അവശേഷിക്കുന്നു. ബി.ജെ.പിക്കെതിരായ തെരഞ്ഞെടുപ്പു യുദ്ധത്തിൽ ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തിലാണോ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ മത്സരിക്കേണ്ടതെന്ന ഇടതുപക്ഷത്തിന്റെ ചോദ്യം അവരെസ്സംബന്ധിച്ച് ന്യായമാണെങ്കിലും കോൺഗ്രസിനും അവരുടേതായ ന്യായങ്ങളുണ്ട്.
കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെയും ബംഗാൾ ഘടകത്തിന്റെയും നിലപാടിനെ എക്കാലത്തും എതിർത്തുതോൽപിച്ചിരുന്നത് കേരളത്തിലെ സി.പി.എം നേതൃത്വമാണെന്ന വസ്തുതയുമുണ്ട്. അത്തരമൊരു സഖ്യമോ, അല്ലെങ്കിൽ മുഖ്യ ശത്രുവിനെതിരെയുള്ള ഒരു മിനിമം ധാരണയോ നേരത്തേ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന വിവാദവും ശത്രുതയുമാണിത്. ഈ വിവാദം മുഖ്യ ശത്രുവായ ബി.ജെ.പിയെയാണ് സഹായിക്കുകയെന്ന വാസ്തവം ഇരുവിഭാഗവും വിസ്മരിക്കുന്നുവെന്നതാണ് ജനാധിപത്യവാദികളെ ആശങ്കാകുലരാക്കുന്നത്.
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തോടൊപ്പം ചേരാനുറച്ച പ്രാദേശിക പാർട്ടികളിലേറെയും മോഡി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നിലപാടുകളോട് വിയോജിപ്പുള്ളവരൊന്നുമല്ല. അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകൾക്കനുസരിച്ചുള്ള ഒരു താൽക്കാലിക തന്ത്രം മാത്രമാണ് അവരുടേത്. അവർ എപ്പോൾ ഏത് പക്ഷത്തേക്ക് മാറും എന്ന് പ്രവചിക്കാനുമാവില്ല. ഉത്തരേന്ത്യയിലെ അവസരവാദികളും ഭാഗ്യാന്വേഷികളുമായ നേതാക്കൾ തന്നെ നിർലജ്ജം ബി.ജെ.പിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുമ്പോൾ, വിശേഷിച്ചും. ഇന്ത്യൻ നാഷനൽ കോൺഗസും ഇടതുപക്ഷവും തമ്മിലുള്ള അകൽച്ച സംഘപരിവാരത്തിന് മാത്രമേ സഹായകമാവൂ എന്ന് തിരിച്ചറിയാനുള്ള വിവേകമാണ് മതേതര ജനാധിപത്യവാദികൾ ആ പാർട്ടികളുടെ നേതൃത്വത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്.
മോഡി സർക്കാരിനെതിരെ ദേശീയ തലത്തിൽ ഒരുമിച്ചുനിൽക്കുന്ന ഇടതുപക്ഷം, കോൺഗ്രസിന്റെ ദേശീയ നേതാവിനെ കേരളത്തിൽ എതിർത്തു തോൽപിക്കുമെന്ന് പറയുന്നത് കേരളത്തിൽ അവരുടെ മുഖ്യ ശത്രു കോൺഗ്രസായതിനാലാണെന്ന് എല്ലാവർക്കുമറിയാം. പ്രാദേശിക താൽപര്യവും ദേശീയ താൽപര്യവും വേറെ വേറെയായിത്തീരുന്ന തികച്ചും സ്വാഭാവികമായൊരു അസംബന്ധ സാഹചര്യമാണിത്. എന്നാൽ, ഈ നിലപാടിലെ വൈരുധ്യമാണ് സംഘപരിവാരത്തിന്റെയും നരേന്ദ്ര മോഡിയുടെയും പ്രതിലോമ പ്രത്യയശാസ്ത്രത്തിന് ഇന്ധനമാകുന്നത്.
സംഘപരിവാരത്തിന്റെ വർഗീയ രാഷ്ട്രീയം ഉൾപ്പെടെയുള്ള മാരകമായ ദേശീയ വിപത്തുകളെ നേരിടാൻ പ്രത്യയശാസ്ത്ര പാണ്ഡിത്യത്തോടൊപ്പം പ്രായോഗിക ബുദ്ധിയും സാമാന്യ ബുദ്ധിയും തെല്ല് വിവേകവും ആവശ്യമാണെന്നു കൂടിയാണ് ഇത് ഓർമിപ്പിക്കുന്നത്. വെറും പ്രാദേശികമായ അധികാര രാഷ്ട്രീയത്തിൽ മാത്രം കണ്ണുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നേടിയെടുത്തതാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. അതേ പ്രാദേശിക രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ആ സ്ഥാനാർത്ഥിത്വത്തെ കാണേണ്ടിവരുന്നതുകൊണ്ടാണ്, ദേശീയ തലത്തിൽ തങ്ങൾക്ക് താൽക്കാലികമായെങ്കിലും യോജിപ്പുള്ള ഒരു ദേശീയ പാർട്ടിയുടെ പരമോന്നത നേതാവിനെ ഇടതുപക്ഷത്തിന് ആക്രമിക്കേണ്ടിവരുന്നത്. മുഖ്യശത്രുവിനെ മറന്നുള്ള ഈ പ്രായോഗിക രാഷ്ട്രീയ ലീല ആർക്കാണ് ഗുണം ചെയ്യുക? ആശങ്കാജനകമായൊരു സാഹചര്യമാണിത്.
സംഘപരിവാരത്തിന്റെ കാവി രാഷ്ട്രീയത്തിനെതിരെ എക്കാലവും പോരാടുന്ന ഇടതുപക്ഷത്തിന് ആധിപത്യമുള്ള കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ അവരുടെ മുഖ്യ ശത്രു ബി.ജെ.പിയല്ല; ഇടതുപക്ഷമാണെന്ന സന്ദേശമല്ലേ നൽകുന്നതെന്ന ഇടതുപക്ഷത്തിന്റെ സംശയം തികച്ചും ന്യായമാണ്. ബി.ജെ.പിയെ പേടിച്ചാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും കേരളത്തിലേക്കുള്ള ഒളിച്ചോട്ടമെന്ന ഇടതുപക്ഷത്തിന്റെ ആരോപണവും പ്രതിപക്ഷ ഐക്യത്തിനെതിരെ ശത്രുക്കൾക്ക് ഉപയോഗിക്കാനാവുന്ന അതേ തെറ്റായ സന്ദേശമല്ലേ നൽകുന്നത്? നരേന്ദ്ര മോഡിയുടെ ജനാധിപത്യ ധ്വംസനങ്ങളിലും അഴിമതികളിലും വർഗീയ രാഷ്ട്രീയത്തിന്റെ കരാളതയിൽനിന്നും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിലേക്ക് ചർച്ചകളെ വഴിമാറ്റി വിട്ടവർ ഭാവിയിൽ ഖേദിക്കേണ്ടിവരും. മുഖ്യശത്രു ആരെന്ന ചോദ്യമല്ലേ കോൺഗ്രസും ഇടതുപക്ഷവും വാസ്തവത്തിൽ സ്വയം ചോദിക്കേണ്ടത്? ആ ചോദ്യത്തെ അഭിമുഖീകരിക്കുവാൻ അവർക്ക് കഴിയുമാറാകട്ടെ എന്നാവും മതേതര ജനാധിപത്യ വിശ്വാസികളുടെ ആശംസ.

Latest News