ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആണ്‍കുട്ടികളുടെ വിഭാഗം പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന് പുതിയ അധ്യയന വര്‍ഷത്തില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് സൂചന. വാടക കരാര്‍ പുതുക്കുന്ന പ്രക്രിയയിലാണെന്നും രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നും അറിവായി.
കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട വാടക പ്രശ്‌നം വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. കെട്ടിട ഉടമ ഉമര്‍ സെയ്ദ് ബല്‍കറാമുമായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ നിരീക്ഷകന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അധ്യയന വര്‍ഷം തീരുന്നതുവരെ താല്‍ക്കാലിക ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു. കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ സ്‌കൂളിലെ സാധന, സാമഗ്രികളൊക്കെ മാറ്റിത്തുടങ്ങിയപ്പോഴാണ് പരിഹാരമുണ്ടായത്.
ഇത്തവണ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ വാടക കരാര്‍ ഉണ്ടാക്കുന്നതിനും ആശങ്കകളില്ലാത്ത അധ്യയന വര്‍ഷത്തിനും കോണ്‍സുലേറ്റും സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷമെങ്കിലും സ്‌കൂള്‍ കെട്ടിടത്തിനു പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത വിധത്തിലുള്ള കരാറിനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇത് ഏതാണ്ട് വിജയിച്ചതായും സ്‌കൂളിനും ഇന്ത്യന്‍ സമൂഹത്തിനും അനുകൂലമാകുന്ന പ്രഖ്യാപനമാണ് ഉണ്ടാകുകയെന്നും പ്രതീക്ഷിക്കുന്നു.