റിയാദ് - സൗദി തലസ്ഥാനത്ത് പോലീസുകാരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശ്വാസ വഞ്ചന കാണിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്ത കേസിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഖാലിത്വ് ബിന്‍ മുലഫി ബിന്‍ ദൈഫുല്ല അല്‍ഉതൈബിക്ക് വധശിക്ഷ നടപ്പാക്കിയത്.
ഡ്യൂട്ടി സമയത്ത് ഒരു സംഘമാളുകളെ അറസ്റ്റ് ചെയ്ത് ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും കൂട്ടത്തില്‍ ഒരാളെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു മൊബൈല്‍ ഫോണുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ച പ്രതി സ്വവര്‍ഗ രതിക്ക് പ്രേരിപ്പിച്ചുവെന്നും കേസിന്റെ വിശദാംശങ്ങളില്‍ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ സ്വന്തം പിതാവിനെ അടിച്ചുകൊലപ്പെടുത്തിയ സൗദി പൗരന്‍ സൈദ് ബിന്‍ മുത്‌ലഖ് അല്‍ഉതൈബിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. കൈകള്‍ കൊണ്ട് ക്രൂരമായി അടിച്ചും കാലുകള്‍ ഉപയോഗിച്ച് തൊഴിച്ചും ഇരുമ്പ് ഊന്നുവടി ഉപയോഗിച്ച് ശരീരമാസകലം നിര്‍ത്താതെ അടിച്ചും പിതാവിനെ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്.