Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിയെ പുകഴ്ത്തി പ്രൊഫ.എം. ലീലാവതിയുടെ കവിത

കൊച്ചി- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും അദ്ദേഹം പ്രധാനമന്ത്രിയാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും പ്രൊഫ.എം. ലീലാവതിയുടെ കവിത. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ ജനവിധി തേടുന്നതിന്റെ പശ്ചാതലത്തിലായിരുന്നു ലീലാവതിയുടെ കവിത.

കവിത:

ഭാരതത്തിന്റെ ധീരനാം പുത്രന്നു 
കേരളമുറ്റ പോറ്റമ്മയാവണം. 
പെറ്റമ്മയ്‌ക്കെഴും സ്‌നേഹവാത്സല്യങ്ങൾ 
പോറ്റമ്മയ്ക്കുമുണ്ടെന്നു തെളിയണം. 
രാഹുൽ ഗാന്ധിക്കു  പച്ചക്കൊടികളായ് 
ബഹുവൃന്ദങ്ങൾ നീട്ടും വയനാട്ടിൽ 
മാമരങ്ങളെ പോലെ മനുഷ്യരും 
മാമകമെന്നു സ്വാഗതമോതണം. 
ആർജവത്തിലുമാത്മാർഥതയിലും 
ഊർജിത യത്‌ന ശക്തിത്തികവിലും 
നൈർമല്യത്തിലും വിശ്വസ്തതയിലും 
നിർമ്മമ കർമ സന്നദ്ധതയിലും 
ഏതുമൊന്നുമില്ലാത്ത ജനത്തൊടു 
ഉള്ളാതുര സ്‌നേഹ കാരുണ്യ വായ്പിലും 
മാതൃകയായ രാഹുലിൻ  കൈകൾക്കു 
നേതൃത്വത്തികവുണ്ടെന്നറിയണം. 
ഓരോ വോട്ടും കൈപ്പത്തിയിൽച്ചേരണം 
നേരോടെ പിന്നിൽ നിന്നു തുണയ്ക്കണം 
പൊൻമകന്നു ജയ ജയ പാടുന്നൊ 
രമ്മയായ് വയനാട് വിളങ്ങണം 
ജാതിഭേദ, മതഭേദമില്ലാതെ 
നീതി തുല്യ മെല്ലാർക്കും ലഭിക്കുവാൻ 
രാഹുലിൻ ബാഹുവീര്യത്തിനും കർമ 
ബാഹുല്യത്തിനും വൻ ജയമേകണം. 

പ്രൊഫ : എം ലീലാവതി
 

Latest News