അജ്മാന്‍- വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച 20കാരിയായ അറബ് പെണ്‍കുട്ടിയുടെ ചിത്രം എഡിറ്റ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച 23കാരനായ ഏഷ്യന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ചിത്രം എഡിറ്റ് ചെയ്ത് മറ്റൊരു യുവാവിനൊപ്പം മോശമായ രീതിയില്‍ നില്‍ക്കുന്ന രീതിയിലാക്കിയ ശേഷം ഇതു പെണ്‍കുട്ടിക്ക് അയച്ചു കൊടുത്താണ് യുവാവ് ബ്ലാക്ക്‌മെയ്ല്‍ ചെയ്തത്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഈ ചിത്രം കെട്ടിച്ചമച്ചതാണെന്നും ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന യുവാവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
പരാതിക്കാരിയും സുഹൃത്തുക്കളും അംഗങ്ങളായ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് യുവാവ് ചിത്രം എടുത്തത്. ഈ ഗ്രൂപ്പിലെ ഒരാള്‍ മൊബൈല്‍ നമ്പര്‍ ഒരു വര്‍ഷം മുമ്പ് മാറ്റിയിരുന്നു. എന്നാല്‍ ഈ നമ്പര്‍ ഈ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തിരുന്നില്ല. പിന്നീട് യുവാവിന് ഈ നമ്പര്‍ ലഭിച്ചതോടെ സ്വമേധയാ ഈ ഗ്രൂപ്പിലെത്തുകയയാിരുന്നു. ഇങ്ങനെയാണ് ചിത്രം യുവാവ് എടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഗ്രൂപ്പില്‍ പെണ്‍കുട്ടിയും സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പ്രതിക്കും ലഭിച്ചിരുന്നു. കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷനു കൈമാറി.