തൃശൂര്‍- പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ പെണ്‍കുട്ടിയെ തെരുവിലിട്ട് പെട്രോളൊഴിച്ച് യുവാവ് ക്രൂരമായി കത്തിച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിനു മുമ്പാണ് വ്യാഴാഴ്ച തൃശൂരിലും സമാന സംഭവം അരങ്ങേറിയത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ നീതു(22) ആണ് യുവാവിന്റെ ആക്രമണത്തില്‍ വീട്ടില്‍ വെന്തുമരിച്ചത്. കൊടകര ആക്‌സിസ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിനിയായിരുന്ന നീതുവിന്റേത് ഒരു പോരാട്ട ജീവിതം തന്നെയായിരുന്നു. ജന്മം നല്‍കിയ സ്വന്തം മാതാപിതാക്കളെ നഷ്ടമായപ്പോള്‍ വഴിമുട്ടിയ ജീവിതത്തോട് മല്ലിട്ട് സ്വപ്‌നങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു നീതു. അമ്മ വളരെ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. പിന്നീട് അച്ഛന്‍ ഉപേക്ഷിച്ചു പോയതോടെ ഏക മകളായ നീതു തീര്‍ത്തും ഒറ്റപ്പെട്ടു. മുത്തശ്ശിയും അമ്മാവനുമാണ് പിന്നെ സംരക്ഷിക്കാനുണ്ടായിരുന്നത്. പഠിച്ച് ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമിത്തിലായിരുന്നു ഈ പെണ്‍കുട്ടി.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് തൃശൂര്‍ ചിയ്യാരത്തെ വീട്ടിലെത്തിയ നീതുവിന്റെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ് നീതുവിനെ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീയിട്ടു കൊന്നത്. വീടിന്റെ പിറകുവശത്തിലൂടെയാണ് പ്രതി നിതീഷ് വീട്ടിലേക്കു കയറിയത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ നിതീഷ് നീതുവിനെ കുത്തുകയും ചെയ്തതായും റിപോര്‍ട്ടുണ്ട്. ബാത്ത് റൂമിനകത്തു വച്ചാണ് നീതുവിന്റെ ദേഹത്ത് പ്രതി പെട്രോള്‍ ഒഴിച്ച് തീയിട്ടത്. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും കത്തിയമര്‍ന്നിരുന്നു. അവിടെ തന്നെ ഉണ്ടായിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. പിന്നീട് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേരളത്തെ ഞെട്ടിച്ച് ഒരു മാസത്തിനിടെ രണ്ടു പെണ്‍കുട്ടികളാണ് സമാന രീതിയില്‍ ആക്രമണത്തിനിരായായി കത്തിയമര്‍ന്നത്.