കൽപ്പറ്റ- വയനാട് ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയ്ക്കിടെ വീണു പരിക്കേറ്റ മാധ്യമപ്രവർത്തകർക്ക് സഹായവുമായി രാഹുലും പ്രിയങ്കയും. റോഡ് ഷോയുടെ ദൃശ്യങ്ങൾ പകർത്തുന്നതിന് വേണ്ടി ട്രക്കിൽ സഞ്ചരിക്കുന്നതിനിടെ ബാരിക്കേഡ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു. റോഡ് അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഈ സമയം തൊട്ടുമുമ്പിലെ വാഹനത്തിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇവർക്ക് സമീപമെത്തി വെള്ളം നൽകുകയും ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. കൂടുതൽ പരിക്കേറ്റ ഇന്ത്യ എഹഡ്‌സ് കേരള റിപ്പോർട്ടർ റിറ്റ്‌സൻ ഉമ്മനെ സ്ട്രക്ചറിൽ എടുത്താണ് ആംബുലൻസിലേക്ക് മാറ്റിയത്. രാഹുൽ ഗാന്ധിയും ഇതിന് സഹായിച്ചു. പ്രിയങ്ക ഗാന്ധിയാണ് റിറ്റ്‌സന്റെ ഷൂ എടുത്ത് ആംബുലൻസിലേക്ക എത്തിച്ചത്. ഇതിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് ജോയ് പകർത്തി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു.