Sorry, you need to enable JavaScript to visit this website.

രാഹുലും പ്രിയങ്കയും വന്നു, ജനം ഒഴുകിയെത്തി, മനസ് കീഴടക്കി മടങ്ങി

കോഴിക്കോട്- കേരളത്തിലെ യു.ഡി.എഫ് പ്രവർത്തകരെ ഒന്നാകെ ആവേശത്തിൽ മുക്കിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് മടങ്ങിയത്. കേരളത്തിന് പുറമെ അയൽസംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവടങ്ങളിൽനിന്നും രാഹുലിന്റെ പത്രസമർപ്പണത്തിന് സാക്ഷികളാകാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചതിന്റെ പതിന്മടങ്ങ് ജനസാന്നിധ്യമാണ് വയനാട്ടിൽ ദൃശ്യമായത്. താളംതെറ്റാത്ത പദ്ധതികളായിരുന്നു ദേശീയ പ്രസിഡന്റിന്റെ പത്രിക സമർപ്പണത്തിന് നേതൃത്വം ആവിഷ്‌കരിച്ചിരുന്നത്.
കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും രാഹുലിന്റെ സാന്നിധ്യമുണ്ടാക്കുന്ന തരംഗമുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. കേരളത്തിൽ മുഖ്യഎതിരാളികളായ സി.പി.എമ്മിനെതിരെ ഒരുവാക്ക് പോലും പറയില്ലെന്ന രാഹുലിന്റെ പ്രസ്താവന ഭരണകക്ഷിയെയും വെട്ടിലാക്കുന്നതാണ്. പപ്പുമോൻ തുടങ്ങിയ ആക്ഷേപങ്ങളും മറ്റും ആരോപണങ്ങളും സി.പി.എം കാര്യമായി ഉയർത്തുമ്പോഴാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്ക് മറുപടി പറയില്ലെന്ന് രാഹുൽ വ്യക്തമാക്കിയത്. നെഹ്‌റു കുടുംബത്തിന്റെ മഹത്വമാണ് ഇതിലൂടെ ദൃശ്യമാകുന്നത് എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച് പറഞ്ഞത്. 
രാഹുലും പ്രിയങ്കയും ജനങ്ങളുടെ മനസ് കീഴടക്കിയാണ് തിരിച്ചുപോകുന്നത്. ഇന്നലെ വൈകിട്ട് കരിപ്പൂർ വിമാനതാവളത്തിൽ വന്നിറങ്ങിയത് മുതൽ ജനങ്ങളുടെ സ്‌നേഹവലയത്തിലായിരുന്നു ഇരുവരും. കരിപ്പൂരിൽനിന്ന് വിമാനമിറങ്ങി കോഴിക്കോട്ടേക്ക് പോകുന്ന വഴിയില്ലെല്ലാം ജനം കാത്തുനിന്നിരുന്നു. കാത്തിരുന്നവർക്കെല്ലാം അഭിവാദ്യം നൽകിയാണ് ഇരുവരും യാത്രയായത്. 
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കാര്യമായ പ്രവർത്തനങ്ങളില്ലാതെ കോൺഗ്രസിന് ശക്തമായ തിരിച്ചടി നേരിട്ട മണ്ഡലമാണ് വയനാട്. ആലസ്യം മാറ്റി മണ്ഡലത്തെയും സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളെയും ആവേശത്തിലാക്കാൻ രാഹുലിന്റെ സ്ഥാനാർത്ഥിഥ്വം വഴി കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ദക്ഷിണേന്ത്യയെ മോഡി അവഗണിക്കുകയായിരുന്നുവെന്ന രാഹുലിന്റെ ആരോപണം കൃത്യമായ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണ്. വയനാട് വഴി ദക്ഷിണേന്ത്യ കീഴടക്കാനുള്ള നീക്കം തന്നെയാണ് രാഹുൽ നടത്തുന്നത്. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഇന്ന് വയനാട്ടിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം ഇതിന് തെളിവാണ്. 
അതേസമയം, രാഹുലിന്റെ മത്സരം ഇടതുമുന്നണിക്ക് എതിരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഇന്നും ആവർത്തിച്ചു. രാഹുൽ ഇന്ന് വയനാട്ടിൽ പത്രിക സമർപ്പിച്ചിരിക്കുന്നുവെന്നും ഇത് ഇടതുമുന്നണിക്ക് എതിരാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. 
ഒരുദിവസം കേരളത്തിൽ ചെലവിട്ട് കേരളത്തിന്റെ മനസ് കീഴടക്കിയാണ് രാഹുൽ ഗാന്ധി മടങ്ങുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച് റോഡ് ഷോ പൂർത്തിയാക്കിയ രാഹുൽ കരിപ്പൂർ വിമാനതാവളത്തിൽനിന്ന് നാഗ്പൂരിലേക്കും പ്രിയങ്ക ഗാന്ധി ദൽഹിയിലേക്കും മടങ്ങി. ഒരിക്കൽ കൂടി രാഹുൽ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് സൂചന.
 

Latest News