Sorry, you need to enable JavaScript to visit this website.

രാഘവനെതിരായ ആരോപണം ഗൗരവമേറിയത്; അന്വേഷിക്കാൻ നിർദ്ദേശം

തിരുവനന്തപുരം- കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരായ കോഴ ആരോപണം അന്വേഷിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നിർദ്ദേശം നൽകി. ആരോപണം ഗൗരവമുള്ളതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. സ്വഭാവഹത്യ നടത്താൻ ശ്രമമുണ്ടായോ എന്ന കാര്യം ജില്ലാ കലക്ടർ അന്വേഷിക്കണം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എം.കെ രാഘവൻ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നത്. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും രാഘവൻ പരാതി നൽകി. 
വ്യാജവാർത്തയെയും വ്യക്തിഹത്യാ ശ്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.കെ രാഘവൻ പറഞ്ഞു. ഹോട്ടലിനു സ്ഥലം വാങ്ങി നൽകാൻ താൻ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതായി തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിച്ചു പൊതുജീവിതം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കിൽ ഈ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾ ഉൾപ്പെടെ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.
എന്റെ ഓഫിസ് നാട്ടുകാർക്കു വേണ്ടി തുറന്നിട്ടിരിക്കുകയാണ്. ആർക്കും എപ്പോൾ വേണമെങ്കിലും കയറി വരാം. ഇതു കാലങ്ങളായി കോഴിക്കോട്ടുകാർക്ക് അറിയാം. ഏതാനും ദിവസം മുൻപ് ദൽഹിയിൽനിന്ന് രണ്ടു പേർ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ മനസിലാക്കാൻ എന്നു പറഞ്ഞ് എന്നെ വന്നുകണ്ടിരുന്നു. അവർ രാഷ്ട്രീയത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ആ സംസാരത്തിൽ എന്റേതല്ലാത്ത ശബ്ദം എഡിറ്റ് ചെയ്ത് ചേർത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കോഴിക്കോട്ടെ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 2009ലും 2014ലും ഇത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനും പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. വ്യാജവാർത്തകളുടെ പ്രചാരണത്തിനു പിന്നിൽ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും. 
എന്റെ ജീവിതം തുറന്ന പുസ്തകമാണ്. നാട്ടുകാർക്ക് ദീർഘകാലമായി എന്നെ അറിയാം. എന്റെ  കൈകൾ പരിശുദ്ധമാണ്. അതുകൊണ്ട് ഇതൊന്നും ഇവിടംവെച്ച് അവസാനിക്കില്ല. സഹായം ചോദിക്കുന്നവരോട് ഒരു എം.പി എന്ന നിലയിൽ എന്തു സഹായവും ചെയ്യാമെന്നേ ഇക്കാലം വരെ പറഞ്ഞിട്ടുള്ളൂ. നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ  ഓഫിസ് സദാ ജാഗരൂകമാണ്. അതുകൊണ്ട് ആരു സഹായം ചോദിച്ചാലും ഓഫിസ് സ്റ്റാഫിനെ സമീപിക്കാനാണ് പറയാറുള്ളത്. എനിക്ക് സ്ഥലക്കച്ചവടം ഇല്ല, ബിസിനസ് അറിയില്ല. ഇതിനു പിന്നിൽ വേറെ ആളുകളുണ്ട്. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും എം.കെ രാഘവൻ പറഞ്ഞു. 


 

Latest News